മലയാള സിനിമ ആഘോഷിച്ച താരവിവാഹങ്ങള്‍; ഞെട്ടിച്ച ഡിവോഴ്‌സുകളും

രേണുക വേണു| Last Updated: ചൊവ്വ, 14 ഡിസം‌ബര്‍ 2021 (14:44 IST)

മലയാള സിനിമയിലെ താരവിവാഹങ്ങള്‍ എല്ലാം ഏറെ ആഘോഷിക്കപ്പെട്ടവയാണ്. എന്നാല്‍, ഇതില്‍ പലതും പിന്നീട് തകര്‍ന്നു. അങ്ങനെയുള്ള അഞ്ച് താരവിവാഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദിലീപ്-കാവ്യ

മലയാള സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ വിവാഹവും വിവാഹമോചനവും ആണ് ഇവരുടേത്. സല്ലാപം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. സിനിമയിലെ സൗഹൃദം പിന്നീട് പ്രണയമായി. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. 1998 ലാണ് ഇരുവരും വിവാഹിതരായത്. മീനാക്ഷിയാണ് ഇരുവരുടെയും ഏകമകള്‍. വിവാഹശേഷം മഞ്ജു സിനിമയില്‍ നിന്ന് നീണ്ടകാലത്തേക്ക് ഇടവേളയെടുത്തു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചനം നേടി. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ്.

മുകേഷ്-സരിത

1988 ലാണ് മുകേഷും സരിതയും വിവാഹിതരായത്. സിബി മലയില്‍ ചിത്രം തനിയാവര്‍ത്തനത്തില്‍ മമ്മൂട്ടിയുടെ നായികയായി സരിത അഭിനയിച്ചിരുന്നു. അതേ സിനിമയില്‍ മമ്മൂട്ടിയുടെ അനിയനായിരുന്നു മുകേഷ്. ഈ സെറ്റില്‍വച്ചാണ് മുകേഷും സരിതയും വളരെ അടുത്ത സൗഹൃദത്തിലാകുന്നത്. പിന്നീട് മലയാള സിനിമാലോകം മുഴുവന്‍ ആശീര്‍വദിച്ച് വിവാഹവും. വിവാഹശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും അത്ര രസത്തിലല്ലെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വേര്‍പ്പെട്ടാണ് താമസിക്കുന്നതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ 2007 ല്‍ മുകേഷും സരിതയും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. 2013 ല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചു. ഈ ബന്ധവും പിന്നീട് വേര്‍പിരിഞ്ഞു. സരിതയ്ക്കും മുകേഷിനും രണ്ട് ആണ്‍മക്കളുണ്ട്. സരിതയ്‌ക്കൊപ്പമാണ് ഇരുവരും താമസിക്കുന്നത്.

മനോജ് കെ.ജയന്‍-ഉര്‍വശി

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് മനോജ് കെ.ജയനും ഉര്‍വശിയും. രണ്ടായിരത്തില്‍ ആണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ബന്ധം വേര്‍പ്പെടുത്തി. മകള്‍ കുഞ്ഞാറ്റ മനോജ് കെ.ജയന് ഒപ്പമാണ്. ഉര്‍വശിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മനോജ് കെ.ജയന്‍ അധികം താമസിയാതെ തന്നെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഉര്‍വശിയും മറ്റൊരു വിവാഹം കഴിച്ചു. ഉര്‍വശി മദ്യപാനത്തിന് അടിമയാണെന്ന് കുടുംബ കോടതിക്ക് പുറത്തുവച്ച് മനോജ് കെ.ജയന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.

പ്രിയദര്‍ശന്‍-ലിസി

മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശന്‍ തന്റെ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ലിസിയെയാണ് വിവാഹം കഴിച്ചത്. 1990 ലാണ് ഇരുവരും വിവാഹിതരായത്. 24 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനു ശേഷം പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞു.

ശ്രീനാഥ്-ശാന്തി കൃഷ്ണ

സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ട് അഭിനേതാക്കളാണ് ശ്രീനാഥും ശാന്തി കൃഷ്ണയും. 1984 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് ഇരുവരും വിവാഹിതരായത്. 11 വര്‍ഷത്തെ കുടുംബജീവിതത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. 1999 ല്‍ ഇരുവരും വേറെ വിവാഹം കഴിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :