അന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു നോക്ക് കണ്ടു, ഇന്ന് സ്വന്തം ചേട്ടനു തുല്യം! - മമ്മൂട്ടി തനിക്കാരെന്ന് തുറന്ന് പറഞ്ഞ് ദിലീപ്

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (15:00 IST)
മമ്മൂട്ടിയും ദിലീപും തമ്മിലുള്ള സൌഹൃദം എല്ലാവർക്കും അറിയാവുന്നത്. സിനിമയിൽ വന്ന് സജീവമായി നിലയുറപ്പിച്ചത് മുതൽ ഇരുവരും തമ്മിലുള്ള ബന്ധം ആത്മബന്ധമായി മാറുകയായിരുന്നു. എന്നാൽ, മറ്റ് ആരാധകരെ പോലെ തന്നെ ആൾക്കൂട്ടത്തിനിടയിൽ നിന്നും മമ്മൂക്കയെ ഒരു നോക്ക് കാണാൻ കാത്തിരുന്ന ഒരു ആളാണ് താനെന്ന് വെളിപ്പെടുത്തുകയാണ് ദിലീപ്.

തന്റെ എറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയേലുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ ആദ്യമായി നേരിട്ട് കണ്ട ഹീറോ മമ്മൂക്കയാണെന്നാണ് ദിലീപ് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ വീടീന്‌റെ അടുത്ത് അഭിനയിച്ച ഇടിയും മിന്നലും എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നുവെന്ന് ദിലീപ് പറയുന്നു. അന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ആണ് ദിലീപ് മമ്മൂട്ടിയെ ആദ്യമായി നേരിൽ കാണുന്നത്.

പിന്നീട് സൈന്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടതെന്നും ടിവിയില്‍ മിമിക്രി പരിപാടി അവതരിപ്പിച്ച തന്നെയും അബിയേയും മമ്മൂക്ക വേഗം തിരിച്ചറിഞ്ഞു എന്നും ദിലീപ് പറഞ്ഞു. തുടര്‍ന്ന് മഴയെത്തും മുന്‍പേ എന്ന കമല്‍ ചിത്രത്തില്‍ മമ്മൂക്ക അഭിനയിക്കുമ്പോള്‍ താന്‍ അതില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നുവെന്നും ദിലീപ് പറഞ്ഞു.

മേഘം, രാക്ഷസ രാജാവ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. കൂടാതെ ദിലീപ് നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ട്വന്റി 20യിലും മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :