Mammootty: മമ്മൂട്ടിയല്ല മുഹമ്മദ് കുട്ടി, ഇവന്റെ ഒരു സിനിമയും കാണരുത്; മലയാളത്തിന്റെ പ്രിയ നടനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം, ടര്‍ബോ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

മമ്മൂട്ടി അഭിനയിച്ച 'പുഴു' എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്

Mammootty, padma, Padma Bhushan to Mammootty, Mammootty Padma Awards, Cinema News
Mammootty
രേണുക വേണു| Last Modified ചൊവ്വ, 14 മെയ് 2024 (17:12 IST)
Mammootty: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് താരത്തിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിനു നേതൃത്വം നല്‍കുന്നു. മറുനാടന്‍ മലയാളിയില്‍ വന്ന ഒരു അഭിമുഖമാണ് മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്.

മമ്മൂട്ടി അഭിനയിച്ച 'പുഴു' എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷര്‍ഷാദ് പറഞ്ഞത്. ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പിന്നീട് വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നു.

മമ്മൂട്ടി വെറും മുഹമ്മദ് കുട്ടി മാത്രമാണെന്നും മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും സിനിമകള്‍ കാണരുതെന്നും സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റായി ചിത്രീകരിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം ടര്‍ബോ ബഹിഷ്‌കരിക്കാനും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. ' ആ പരിപ്പ് ഇവിടെ വേവില്ല...മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വി.ശിവന്‍കുട്ടി കുറിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :