റെയ്‌നാ തോമസ്|
Last Updated:
ശനി, 2 നവംബര്‍ 2019 (15:55 IST)
റെക്കോർഡുകൾ മറികടന്ന് സൂപ്പർഹിറ്റായി മുന്നേറുകയാണ് തമിഴ് സൂപ്പർതാരം വിജയിയുടെ പുതിയ ചിത്രം ബിഗിൽ. അതിനിടെ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. നവാഗത സംവിധായകനായ നന്ദി ചിന്നികുമാറിന്റെ പരാതിയിലാണ് ഹൈദരബാദ് ഗച്ചിബോവ്‌ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഫുട്‌ബോൾ പരിശീലകനാകുന്ന ഗുണ്ടയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അഖിലേഷ് പോൾ എന്ന ഫുട്‌ബോൾ കളിക്കാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഗുണ്ടാ ജീവിതം ഉപേക്ഷിച്ചാണ് അഖിലേഷ് ഫുട്‌ബോളിലേക്ക് എത്തുന്നത്. അഖിലേഷിന്റെ ജീവിതം സിനിമയാക്കാൻ താൻ നേരത്തെ കോപ്പിറൈറ്റ് വാങ്ങിയിരുന്നെന്നും ഇത് തെറ്റിച്ചാണ്
ബിഗിൽ സിനിമയിൽ ഉപയോഗിച്ചത് എന്നുമാണ് നന്ദിയുടെ പരാതി.
ബിഗിൽ നിർമ്മാതാക്കൾക്കും അഖിലേഷ് പോളിനും എതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്തിരിക്കുന്നത്. ഏത് ഭാഷയിൽ വേണമെങ്കിൽ ഫീച്ചർ സിനിമയെടുക്കാനുള്ള അനുവാദം നൽകികൊണ്ടുള്ളതായിരുന്നു ഇവർ തമ്മിലുള്ള കരാർ. 12 ലക്ഷം രൂപയ്ക്കായിരുന്നു കരാറിൽ ഏർപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി 5 ലക്ഷം രൂപ നന്ദിയിൽ നിന്ന് അഖിലേഷ് കൈപ്പറ്റി. സിനിമാ ചിത്രീകരിച്ചതിനു ശേഷം ബാക്കി തുക കൈമാറാം എന്നായിരുന്നു കരാർ.
ബിഗിലിന്റെ ട്രെയിലർ റിലീസ് ചെയ്തതുമുതൽ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ആറ്റ്‌ലിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ സാധിച്ചില്ലെന്നുമാണ് നന്ധി ചിന്നി കുമാർ പറയുന്നത്. സിനിമാറ്റോഗ്രഫി ആക്റ്റിന്റെയും കോപ്പിറൈറ്റ് ആക്റ്റിന്റെയും ലംഘനമാണ് നിർമ്മാതാക്കൾ നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നന്ദി ചിന്നി കുമാറിന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.