അനു മുരളി|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2020 (12:38 IST)
ലോക്ക്ഡൗണ്‍ കാലത്ത് നടി അനുശ്രീ കുടുംബത്തോടൊപ്പം കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയിലെ വീട്ടിലാണ് സമയം ചെലവഴിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് വീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങല്‍ പങ്കുവെച്ച അനുശ്രീയ്ക്ക് നേരെ സദാചാര ആങ്ങളമാർ വാളെടുത്ത് തുടങ്ങി. അനുശ്രീ സാരി മാത്രം ഉടുത്താൽ മതിയെന്ന് ചിലർ കമന്റിൽ നിർദ്ദേശിക്കുന്നു. പുരുഷന്റെ ഔദാര്യമാണ് സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന് കരുതുന്ന ഒരു വിഡ്ഢിക്കൂട്ടങ്ങളാണ് ഇത്തരക്കാരെന്ന് സന്ദീപ് ദാസ് കുറിക്കുന്നു.
സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ചലച്ചിത്രതാരമായ അനുശ്രീ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്.അതിനുകീഴിൽ സദാചാരപ്രസംഗങ്ങളുടെ ബഹളമാണ്.അനുശ്രീ സാരി മാത്രം ഉടുത്താൽ മതിയെന്ന് ചിലർ നിർദ്ദേശിക്കുന്നു.കുറച്ചുപേർ നടിയെ മലയാളത്തനിമയും ആർഷഭാരതസംസ്കാരവും പഠിപ്പിക്കുന്നു.
ഈ ദുരവസ്ഥ അനുഭവിക്കുന്നത് സെലിബ്രിറ്റികൾ മാത്രമല്ല.മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്ന എല്ലാ സ്ത്രീകളും എതിർപ്പുകൾ നേരിടേണ്ടിവരും.
കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തെ ഓർമ്മയില്ലേ?പുരുഷന്റെ ഔദാര്യമാണ് സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന് കരുതുന്ന ഒരു വിഡ്ഢിയാണ് ഷമ്മി.സമൂഹത്തിന് ഷമ്മിയുടെ സ്വഭാവമാണ്.ചില വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശം സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്.സാരി,ചുരിദാർ,ദാവണി മുതലായവയൊക്കെ അതിൽ ഉൾപ്പെടും.
പക്ഷേ ഒരു പെൺകുട്ടി ജീൻസ് ധരിച്ചാൽ പോലും അസഹിഷ്ണുത പുറത്തുവരും.ജീൻസിട്ട് നടക്കുന്ന സ്ത്രീകളിൽ ധാർഷ്ട്യവും അനുസരണയില്ലായ്മയും ആരോപിക്കപ്പെടും.തെറിച്ച പെണ്ണാണെന്ന് അടക്കം പറയും.ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന യേശുദാസ് ഒരു വേദിയിൽ പ്രസംഗിച്ചത് ഇങ്ങനെയാണ്-
''സ്ത്രീകൾ ജീൻസിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്.മറച്ചുവെയ്ക്കേണ്ടത് മറച്ചുവെയ്ക്കണം.സൗമത്യയാണ് സ്ത്രീയുടെ സൗന്ദര്യം....''
നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് യേശുദാസിന്റെ വാക്കുകളെ സ്വീകരിച്ചത് ! ഒരു സമൂഹം എന്ന നിലയിൽ നാം എവിടെനിൽക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണത്.ചവറ്റുകൊട്ടയിൽ മാത്രം സ്ഥാനമുള്ള അശ്ശീലപ്രസ്താവനകൾക്ക് വമ്പിച്ച സ്വീകാര്യത ലഭിക്കുന്നു.കേരളംകണ്ട ഏറ്റവും വലിയ ജീൻസ് വിരോധിയായ രജിത് കുമാറിന്റെ ആരാധകവൃന്ദത്തെ കണ്ടാൽ ഞെട്ടിപ്പോകും.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വീകരണമഹാമഹത്തിന് കൊറോണ പോലും തടസ്സമായില്ല !
ഇതിന്റെ മറുവശംകൂടി പറയാം.പരമ്പരാഗതവസ്ത്രങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പുരുഷൻ പെട്ടന്നൊരുദിവസം ജീൻസും ടീഷർട്ടും ധരിച്ചാൽ എങ്ങനെയിരിക്കും പ്രതികരണങ്ങൾ? അയാൾ നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടിവരുമോ?
"നിനക്ക് മുണ്ട് തന്നെയായിരുന്നു നല്ലത് '' എന്ന് ചിലർ പറയുമായിരിക്കും.പക്ഷേ അയാൾക്ക് അഹങ്കാരി എന്ന പേര് കിട്ടില്ല.സൗമ്യത പഠിപ്പിക്കാൻ ആരും വരില്ല.ജീൻസിട്ട പുരുഷൻ മലീമസമാക്കിയ മലയാളസംസ്കാരത്തെക്കുറിച്ച് ചർച്ചകളുണ്ടാവില്ല.
നമ്മുടെ സംസ്കാരം നീതിനിഷേധത്തിന്റേതുകൂടിയാണ്.നൂറ്റാണ്ടുകൾ പഴക്കമുള്ള അടിച്ചമർത്തലിന്റേതാണ്.ഉയരത്തിൽ പറക്കേണ്ടിയിരുന്ന എത്ര സ്ത്രീകളുടെ ചിറകുകൾ നാം അരിഞ്ഞിട്ടിട്ടുണ്ടാവും! എത്രയെത്ര ചന്ദ്രഹാസങ്ങളിൽ രക്തക്കറ പുരണ്ടിട്ടുണ്ടാവും!
സ്ത്രീകൾ ജീൻസിടുമ്പോഴേക്കും കരഞ്ഞുതുടങ്ങുന്ന ആളുകൾ തന്നെയാണ് മേരി കോമിനെയും പി.വി സിന്ധുവിനെയും സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി ഉയർത്തിക്കാട്ടുന്നത് !''ഇതൊക്കെയല്ലേ യഥാർത്ഥ ഫെമിനിസം?" എന്നൊരു മേമ്പൊടി കൂടി ചേർക്കും.രണ്ടും തമ്മിലുള്ള വെെരുദ്ധ്യം അവർക്ക് മനസ്സിലാകുന്നില്ല എന്നതാണ് രസകരം.പ്രാഥമിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സ്ത്രീകൾ എങ്ങനെയാണ് ലോകം കീഴടക്കുന്നത്?
വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്.ഒരാൾ സ്ത്രീയോ പുരുഷനോ ട്രാൻസ്ജെന്ററോ ആയിക്കോട്ടെ.അവരവർക്ക് കംഫർട്ടബിളായ വസ്ത്രം ഒാരോരുത്തരും ധരിക്കും.അതിൽ ഇടപെടാനുള്ള അവകാശമോ ഉത്തരവാദിത്വമോ മറ്റുള്ളവർക്കില്ല.
സ്ത്രീകൾ ആധുനിക വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ മാത്രം തകർന്നുപോകുന്ന മലയാളത്തനിമയിൽ ഒട്ടും തന്നെ വിശ്വാസമില്ല.സംസ്കാരം സംരക്ഷിക്കുന്ന ദൈവമല്ല സ്ത്രീ.സാധാരണ മനുഷ്യജന്മമാണ്.അവളെ ശൂന്യാകാശത്ത് പ്രതിഷ്ഠിക്കാതിരിക്കൂ.ഭൂമിയിൽ ചവിട്ടിനിൽക്കാൻ അനുവദിക്കൂ.