'അന്ന് അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നോ എന്ന്': മോഹന്‍ലാലിനെക്കുറിച്ച്‌ ആന്റണി പെരുമ്പാവൂര്‍

'അന്ന് അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നോ എന്ന്': മോഹന്‍ലാലിനെക്കുറിച്ച്‌ ആന്റണി പെരുമ്പാവൂര്‍

Rijisha M.| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (10:45 IST)
മലയാളത്തിന്റെ സൂപ്പർസ്‌റ്റാർ മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ആന്റണി പെരുമ്പാവൂർ. വർഷങ്ങൾ പഴക്കമുള്ള സൗഹൃദത്തിന്റെ കഥ ഇരുവർക്കും ഉണ്ടാകും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹൻലാലിന്റെ ഒട്ടുമിക്ക സിനിമകളും നിർമ്മിച്ചതും ആന്റണി പെരുമ്പാവൂർ തന്നെയാണ്.

ഇപ്പോൾ തങ്ങളുടെ സൗഹൃദത്തിന്റെ കഥ ആന്റണി പെരുമ്പാവൂർ തുറന്നു പറഞ്ഞിരിക്കുകയാണ്. 'സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശനം എന്ന ചിത്രത്തില്‍ വച്ചാണ് ലാലേട്ടനെ ആദ്യമയി കാണുന്നത്. ഒരു ദിവസം സത്യന്‍ സാര്‍ കൊച്ചി അമ്പലമുകളിലെ വീട്ടില്‍പ്പോയി മോഹന്‍ലാലിനെ കൊണ്ടുവരാന്‍ പറഞ്ഞു. അന്നാണ് ലാല്‍ സാറിനെ ആദ്യമായി നേരില്‍ കാണുന്നത്. യാത്രയ്ക്കിടയില്‍ ഒരു വാക്ക് പോലും അദ്ദേഹം മിണ്ടിയിരുന്നില്ല. ഞാനും അങ്ങോട്ട് മിണ്ടിയില്ല.

ലൊക്കേഷനെത്തി കാറിന്റെ ഡോര്‍ തുറക്കാന്‍ ഞാന്‍ ഓടി ഇറങ്ങി ചെന്നപ്പോള്‍ അദ്ദേഹം തന്നെ ഡോറ് തുറന്ന് ഇറങ്ങി പോകുകയായിരുന്നു. അന്നു മുതലാണ് ഞാന്‍ ലാല്‍ സാറിന്റെ ഡ്രൈവറാകുന്നത്. പിന്നീടുളള എല്ലാ ദിവസവും ഞാനായിരുന്നു ലാല്‍ സാറിനെ കൂട്ടാന്‍ പോയിരുന്നത്. തൊട്ട് അടുത്ത ദിവസം ലൊക്കേഷനില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു. ആന്റണി ഭക്ഷണം കഴിച്ചോ. ആന്റണിക്കും ഇവിടെ നിന്ന് കഴിക്കാമെന്ന് പറഞ്ഞു. ഇല്ല സാര്‍ സെറ്റില്‍ പോയി കഴിച്ചോളാം എന്നു പറഞ്ഞ് അന്ന് അവിടെ നിന്ന് ഞാന്‍ പോയി. എന്റെ പേര് തന്നെ അദ്ദേഹത്തിന് അറിയാം എന്ന് മനസ്സിലായത് അന്നായിരുന്നു.

അതിനു ശേഷം മോഹന്‍ലാലിനെ കാണുന്നത് മൂന്നാം മുറ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ്. അമ്പലമേട്ടില്‍വെച്ച്‌ ചിത്രീകരണം നടക്കുമ്പോള്‍ കൂട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടി അവരേയും കൂട്ടി ലാല്‍ സാറിനെ കാണാന്‍ പോയിരുന്നു. എന്നാല്‍ നല്ല തിരക്കായതു കൊണ്ട് കാണാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് ഒരു മൂന്ന് മണിയോടെ ഒരു ഒഴിഞ്ഞ കെട്ടിടത്തിനു മുകളില്‍ നിന്ന് ഒരാള്‍ എന്നെ കൈ വീശി വിളിച്ചു. അത് ലാല്‍ സാറായിരുന്നു. ആള്‍കൂട്ടത്തിനിടയില്‍ കൂടെ ഓടി ഞാന്‍ അദ്ദേഹത്തിന്റെ അരുകില്‍ എത്തി. ആ ചിത്രത്തിലും ലാല്‍ സാറിന്റെ ഡ്രൈവറായി. ഷൂട്ടിങ് തീരുന്നതിനു മുന്‍പ് തന്നെ അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നുണ്ടോ എന്ന്. വരാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഒപ്പം കൂടുകയായിരുന്നു'- ആന്റണി പെരുമ്പാവൂർ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :