നിഹാരിക കെ.എസ്|
Last Modified വെള്ളി, 10 ജനുവരി 2025 (08:40 IST)
പുഷ്പ 2 ന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം അല്ലു അർജുൻ അടുത്ത് ആർക്കൊപ്പമാണ് സിനിമ ചെയ്യുന്നതെന്ന ചോദ്യം തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്നും ഉയർന്നു കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ പല പ്രമുഖ സംവിധായകരുടെ പേരുകളും അടുത്ത അല്ലു പ്രോജക്ടിന്റേതായി കേൾക്കുന്നുണ്ട്.. ഇതിനിടയിൽ ബോളിവുഡ് സംവിധായകൻ സജ്ഞയ് ലീല ബൻസാലിയെ സന്ദർശിച്ചിരിക്കുകയാണ് നടൻ.
മുംബൈയിലെ സജ്ഞയ് ലീല ബൻസാലിയുടെ ഓഫീസിലെത്തിയാണ് അല്ലു സംവിധായകനെ സന്ദർശിച്ചത്. ഈദിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും ഈ കൂട്ടുകെട്ടിന്റെ സിനിമ വരുമോ എന്നതിന്റെ ആകാംഷയിലാണ് എല്ലാവരും. ഇവർ ഒരുമിക്കുന്ന പുതിയ ചിത്രം സംബന്ധിച്ച ചർച്ചകൾക്കായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ഒരു വിഭാഗം പറയുന്നത്.
അതേസമയം ആദ്യ പതിപ്പില്‍ നിന്നും 20 മിനിറ്റ് അധിക ഫൂട്ടേജുമായി പുഷ്പ 2 ന്റെ പുതിയ പതിപ്പ് ജനുവരി 17 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ഇത്തരത്തിൽ അഡീഷണൽ ഫൂട്ടേജ് സിനിമയിൽ കൂട്ടിച്ചേർക്കുന്നതോടെ അത് സിനിമയുടെ കളക്ഷനെ ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.