നിഹാരിക കെ എസ്|
Last Modified ബുധന്‍, 27 നവംബര്‍ 2024 (08:39 IST)
മാര്‍ക്കോ എന്ന ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകൻ ഡബ്‌സി. തന്റെ ഇൻസ്റ്റഗ്രാം ചാനലിലൂടെയായിരുന്നു ഡബ്സിയുടെ പ്രതികരണം. വിവാദത്തിനും മാത്രം ഇതിൽ ഒന്നുമില്ലെന്ന് ഡബ്സി പറയുന്നു. ചിത്രത്തില്‍ പാടാനായി താൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നുവെന്നും അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ തനിക്കൊരു വിഷയവുമില്ലെന്ന് ഡബ്സി പറയുന്നു. പാട്ടിന്റെ കമ്പോസര്‍ താനല്ലെന്നും പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ് എന്നും ഡബ്സി വ്യക്തമാക്കുന്നു.
'ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയണോ വേണ്ടയോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും പറായാം. മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു.
അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല', ഡബ്സി പറഞ്ഞു.
പുതിയ പാട്ടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്നും കൂടെ നിന്നവര്‍ക്ക് നന്ദി എന്നും ഡബ്സി കൂട്ടിച്ചേർത്തു. ഇതോടെ, ഡബ്സിയെ പുകഴ്ത്തി ആരാധകർ. പണ്ട് പാടിയ പാട്ടിന്റെ ക്രെഡിറ്റും അതിന് നഷ്ടപരിഹാരവും ചോദിച്ച് വരുന്നവരൊക്കെ, അതിനി എത്ര വലിയ ലെജൻഡ് ഗായകരായാലും ഇക്കാര്യത്തിൽ ഡബ്സിയെ കണ്ട് പഠിക്കണം എന്നാണ് സോഷ്യൽ മീഡിയ നിർദേശിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോയിലെ ബ്ലഡ് എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ അണിയറ പ്രവർത്തകർ കെജിഎഫ് ഗായകൻ സന്തോഷ് വെങ്കി പാടിയ പാട്ട് അപ്ലോഡ് ചെയ്യുകയായിരുന്നു. ഡാബ്സിക്ക് പകരമായല്ല താൻ ഗാനം ആലപിച്ചതെന്നും നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറാക്കിയ ഒരു റഫ് പതിപ്പ് മാത്രമായിരുന്നു താൻ പാടിയത് എന്നും സന്തോഷ് വെങ്കി പിന്നീട് പ്രതികരിച്ചു.