നിഹാരിക കെ എസ്|
Last Modified വ്യാഴം, 7 നവംബര്‍ 2024 (16:31 IST)
സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനെതിരെയും വധഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയത്. റായ്പുരിൽ നിന്നാണ് സന്ദേശം എത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാൻ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണി സന്ദേശമെത്തിയിരുന്നു. തുടർന്ന്, വൈ പ്ലസ് കാറ്റഗറി സുരക്ഷയും പൊലീസ് അദ്ദേഹത്തിന് ഏർപ്പാടാക്കിയിരുന്നു. ആറ് ഉദ്യോഗസ്ഥരാണ് ഷാരൂഖിനൊപ്പമുള്ളത്. നേരത്തെ സായുധരായ രണ്ട് ഉദ്യോഗസ്ഥർ ആയിരുന്നു ഷാരൂഖിനൊപ്പം ഉണ്ടായിരുന്നത്.
സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിൽ നിന്നും നിരവധി ഭീഷണി സന്ദേശങ്ങൾ എത്തുന്നതിനിടെയാണ് ഷാരൂഖ് ഖാനെതിരെയും ഭീഷണികൾ എത്തുന്നത്. അതേസമയം, സൽമാൻ ഖാനെതിരെ ഭീഷണി മുഴക്കിയ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് കോടി നൽകാൻ ആവശ്യപ്പെട്ടയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.