അന്ന് വ്യഭിചാര കുറ്റത്തിനു ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചു, റീമേക്ക് ചിത്രത്തിലൂടെ മലയാളി യുവാക്കളുടെ ഹൃദയം കവര്‍ന്ന നടി; ശ്വേത ബസുവിന്റെ ജീവിതം

2002 ല്‍ ബോളിവുഡ് ചിത്രം 'മാക്ദീ'യിലൂടെയാണ് ശ്വേത ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയത്

രേണുക വേണു| Last Modified ചൊവ്വ, 23 ജൂലൈ 2024 (15:48 IST)

2008 ല്‍ മലയാളത്തില്‍ ഇറങ്ങിയ റിമേക്ക് സിനിമയാണ് 'ഇത് ഞങ്ങളുടെ ലോകം'. തെലുങ്ക് ചിത്രം 'കൊത ബംഗാരു ലോകം' മലയാളത്തിലേക്ക് എത്തിയപ്പോള്‍ 'ഇത് ഞങ്ങളുടെ ലോകം' ആയതാണ്. വരുണ്‍ സന്ദേശും ശ്വേത ബസു പ്രസാദുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ 'നിനക്കായ് സ്‌നേഹത്തില്‍' എന്ന് തുടങ്ങുന്ന ഗാനം മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്നു.

ഇത് ഞങ്ങളുടെ ലോകത്തിലൂടെയാണ് നടി ശ്വേത ബസു മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ബിഹാറിലെ ജംഷഡ്പൂരിലാണ് താരത്തിന്റെ ജനനം. പിന്നീട് മുംബൈയിലേക്ക് താമസം മാറി. മാസ് മീഡിയ ആന്റ് ജേണലിസത്തില്‍ ബിരുദം നേടിയ ശ്വേത ബാലതാരമായാണ് സിനിമയില്‍ എത്തിയത്.

2002 ല്‍ ബോളിവുഡ് ചിത്രം 'മാക്ദീ'യിലൂടെയാണ് ശ്വേത ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയത്. ആ വര്‍ഷം മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ശ്വേത കരസ്ഥമാക്കി. പിന്നീട് നായികയായും സിനിമാ രംഗത്ത് സജീവമായി. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 25 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ടെലിവിഷന്‍ രംഗത്തും വെബ് സീരിസുകളിലും താരം സജീവമാണ്.

ശ്വേതയുടെ വ്യക്തിജീവിതം അത്ര ശോഭിതമായിരുന്നില്ല. 2018 ല്‍ രോഹിത് മിത്താലിനെ ശ്വേത വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തിനു ശേഷം ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി.

2014 സെപ്റ്റംബറില്‍ വ്യഭിചാര കുറ്റത്തിനു ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ചിലര്‍ തന്നെ ചതിച്ചതാണെന്നും ഈ സംഭവത്തെ കുറിച്ച് പിന്നീട് ശ്വേത തുറന്നുപറഞ്ഞിട്ടുണ്ട്. ആ വര്‍ഷം ഡിസംബറില്‍ തന്നെ ശ്വേതയെ കോടതി കുറ്റവിമുക്തയാക്കി. ഒരു മാധ്യമപ്രവര്‍ത്തകന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് അന്ന് ശ്വേത ആരോപിച്ചത്. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ആ ഹോട്ടലില്‍ എത്തിയത്. അവാര്‍ഡ് കമ്മിറ്റിയാണ് ഹോട്ടലില്‍ മുറി നല്‍കിയതെന്നും ഇതേ കുറിച്ച് ശ്വേത പറഞ്ഞിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ശ്വേത ബസു. താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലാണ്. ശ്വേത ബസു പ്രസാദ് എന്നാണ് ഇന്‍സ്റ്റഗ്രാം ഐഡി പേര്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :