അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ജൂലൈ 2024 (15:20 IST)
നര്‍ത്തകിയും നടിയുമായ ശാലു മേനോന്‍ മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്കെല്ലാം സുപരിചിതയാണ്. ടെലി വിഷന്‍ താരമായി പ്രശസ്തയായ ശാലു മേനോന്‍ സോളാര്‍ കേസില്‍ 49 ദിവസത്തെ ജയില്‍വാസം അനുഭവിച്ചിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജയില്‍വാസത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.
ജയിലില്‍ തനിക്ക് നടിയെന്ന തരത്തിലുള്ള പരിഗണനയൊന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും എല്ലാവരെയും പോലെ തറയില്‍ പായ വിരിച്ചാണ് താനും കിടന്നിരുന്നതെന്നും ശാലു മേനോന്‍ പറയുന്നു. കേസ് വന്ന സമയത്ത് അമ്മയും അമ്മൂമ്മയും തന്റെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും മാത്രമാണ് കൂടെയുണ്ടായിരുന്നത്. ബന്ധുക്കള്‍ പോലും അകറ്റി നിര്‍ത്തിയെന്നും എന്നാല്‍ ഈ അകറ്റി നിര്‍ത്തിയവര്‍ പിന്നീട് തിരിച്ചുവന്നുവെന്നും ശാലു മേനോന്‍ പറയുന്നു.
അതേസമയം കേസിന് ശേഷം തനിക്ക് ലഭിക്കേണ്ടിയിരുന്ന അനവധി അവസരങ്ങള്‍ നഷ്ടമായെന്നും ശാലു മേനോന്‍ പറയുന്നു. ജയിലില്‍ കിടന്ന ആളെയാണോ സീരിയലില്‍ അഭിനയിപ്പിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു. അത് ഏറെ വേദനയുണ്ടാക്കി. പക്ഷേ ഒരു കലാകാരിയെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല. തെറ്റ് ചെയ്യാത്ത ആളാണ് ഞാന്‍, ഒരു തൊഴിലും കയ്യിലുണ്ട്. കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയാണ് താനെന്നും ശാലു മേനോന്‍ പറഞ്ഞു.