രേണുക വേണു|
Last Modified ചൊവ്വ, 23 ജനുവരി 2024 (12:58 IST)
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പ്രതികരണവുമായി നടി രേവതി. 'ജയ് ശ്രീറാം' എന്നു ഉറക്കെ വിളിച്ചുപറയേണ്ട സമയമാണിതെന്ന് രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്നും താരം പറഞ്ഞു.
' ജയ് ശ്രീറാം...ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ !!! രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോള്‍ എന്റെയുള്ളില്‍ ഇത്തരമൊരു വികാരം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതേയില്ല. എന്റെയുള്ളില്‍ എന്തോ ഇളകി മറിയുകയായിരുന്നു, വല്ലാത്തൊരു സന്തോഷവും തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാന്‍ കഴിയുന്നു എന്നതില്‍ അത്ഭുതമില്ല. എല്ലാവര്‍ക്കും അത് അങ്ങനെ തന്നെയായിരിക്കണം. ശ്രീരാമന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ് ഒരുപാട് ആളുകളുടെ ചിന്തകളെ മാറ്റി മറിച്ചു. ആദ്യമായി ഞങ്ങള്‍ അത് ഉറക്കെ പറയുന്നു 'വിശ്വാസികളാണ്' !!! ജയ് ശ്രീറാം,' രേവതി ഇന്‍സ്റ്റയില്‍ കുറിച്ചു.