ഗോൾഡ ഡിസൂസ|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2019 (11:51 IST)
പുറമേ നിന്ന് നോക്കുമ്പോൾ പരുക്കനും അഹങ്കാരിയുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. എന്നാൽ, അടുത്തറിയുന്നവർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും മമ്മൂട്ടിയെന്ന മനുഷ്യൻ എന്താണെന്ന് വ്യക്തമായി അറിയാവുന്നതാണ്. അടുത്തിടെ മാമാങ്കം ചടങ്ങിൽ നടി പ്രാചി ടെഹ്‌ലയും മമ്മൂട്ടിയെന്ന മനുഷ്യനെ കുറിച്ച് ഏറെ വാചാലയായിരുന്നു.
നടന്‍ എന്നതിലുപരി മമ്മൂട്ടി നല്ലൊരു മനുഷ്യനാണെന്ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രാചി പറഞ്ഞു. താന്‍ ഇത്രകാലം ആരുടെയും വലിയൊരു ഫാനായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് പ്രാചി സംസാരിച്ചത്. മമ്മൂട്ടിയുടെ സ്നേഹം തിരിച്ചറിയുന്ന അവസാനത്തെ ആളല്ല പ്രാചിയെന്ന് നടൻ മോഹൻ ജോസ് പറയുന്നു.
പ്രാചിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കമന്റായിട്ടാണ് മോഹൻ ജോസ് തന്റെ അഭിപ്രായം പറഞ്ഞത്. ‘എന്റെ പഴയ സുഹൃത്തും സഹപ്രവർത്തകനുമായ മമ്മൂട്ടിയിൽ നിന്ന് യഥാർത്ഥ സ്നേഹം തിരിച്ചറിയുന്ന, ലഭിക്കുന്ന അവസാന ആളല്ല നിങ്ങൾ. സ്നേഹത്തിന്റെ നദി അനന്തമായി ഒഴുകും‘- മോഹൻ ജോസ് പറയുന്നു.
രമേശ് പിഷാരടി സംവിധാനം ചെയ്ത് ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ മോഹൻ ജോസും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ലോക്കേഷൻ ഫോട്ടോ പങ്കുവെച്ചാണ് താരം തന്റെ അനുഭവം പറഞ്ഞത്. പതിറ്റാണ്ടുകളുടെ പൊലിമയുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന അനർഗ്ഗനിമിഷങ്ങളായിരുന്നു അതെന്ന് മോഹൻ കുറിച്ചു.