ബുദ്ധിജീവിയില്‍ നിന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ ഹാസ്യ താരത്തിലേക്ക്; ആളെ മനസ്സിലായോ?

രേണുക വേണു| Last Modified ശനി, 18 ജൂണ്‍ 2022 (16:30 IST)

സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന യുവാവിനെ മനസ്സിലായോ? മലയാളികളെ വിവിധ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടന്‍ ജഗദീഷാണ് ഇത്. താരത്തിന്റെ യൗവന കാലത്തെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജഗദീഷ്. ഹാസ്യതാരമായും നായകനായും വില്ലനായും മികച്ച കഥാപാത്രങ്ങളെ ജഗദീഷ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും നാല്‍പ്പതുകാരന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന ജഗദീഷിന് പ്രായം എത്രയായെന്ന് അറിയാമോ?

സൂപ്പര്‍താരം മോഹന്‍ലാലിനേക്കാള്‍ പ്രായമുണ്ട് ജഗദീഷിന്. 1955 ജൂണ്‍ 12 നാണ് ജഗദീഷിന്റെ ജനനം. അതായത് ജഗദീഷിന് ഇപ്പോള്‍ 67 വയസ്സാണ് പ്രായം. മോഹന്‍ലാലിനേക്കാള്‍ അഞ്ച് വയസ് കൂടുതലാണ് ജഗദീഷിന്. മമ്മൂട്ടിയേക്കാള്‍ നാല് വയസ്സ് കുറവും.

പഠിപ്പില്‍ മിടുക്കനായിരുന്നു ജഗദീഷ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. കാനറ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും അത് രാജിവെച്ചാണ് തിരുവനന്തപുരം എംജി കോളേജില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചത്. കോളേജ് അധ്യാപകനായി ജോലി ചെയ്യവേ സിനിമ മോഹം പൂവിട്ടു. 1984 ല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അഭിനയിച്ചാണ് ജഗദീഷ് വെള്ളിത്തിരയിലേക്ക് എത്തിയത്. അധ്യാപക ജോലിയില്‍ നിന്ന് അവധിയെടുത്ത് പിന്നീട് സിനിമ രംഗത്ത് സജീവ സാന്നിധ്യമായി.

അഭിനയത്തിനു പുറമേ കഥ, തിരക്കഥ, ഗാനാലാപനം എന്നീ രംഗങ്ങളിലും തിളങ്ങി. റിയാലിറ്റി ഷോകളില്‍ അവതാരകനായും ജഗദീഷിനെ പ്രേക്ഷകര്‍ കണ്ടു. കടുത്ത കോണ്‍ഗ്രസുകാരനാണ് ജഗദീഷ്. 2016 ല്‍ പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോറ്റു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :