രേണുക വേണു|
Last Modified ശനി, 3 ജൂലൈ 2021 (20:29 IST)
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും വിവാഹമോചിതരായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ വലയ ചര്‍ച്ചയിലാണ്. ഇരുവരും പിരിയാനുള്ള കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് ആമിര്‍ ഖാന്റെ പേരുമായി ബന്ധപ്പെട്ട് ഒരു സൂപ്പര്‍താരം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ദംഗലില്‍ ആമിര്‍ ഖാനൊപ്പം അഭിനയിച്ച ഫാത്തിമ സന ഷെയ്ഖാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ആമിര്‍ ഖാനും സനയും തമ്മില്‍ പ്രണയത്തിലാണെന്നും അതുകൊണ്ടാണ് കിരണ്‍ റാവുവുമായുള്ള ബന്ധം ആമിര്‍ വേര്പ്പെടുത്തിയതെന്നുമാണ് ഗോസിപ്പ്. ആമിര്‍ ഖാന് പ്രധാന വേഷത്തിലെത്തിയ ദംഗലിലൂടെയായിരുന്നു ഫാത്തിമയുടെ വരവ്. ഈ ചിത്രത്തില്‍ ആമിറിന്റെ മകളുടെ വേഷത്തിലായിരുന്നു ഫാത്തിമ അഭിനയിച്ചത്. പിന്നീട് തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലും ഫാത്തിമ ആമിറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
നേരത്തെയും ആമിറും ഫാത്തിമയുമായി ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ഫാത്തിമ തന്നെ രംഗത്തെത്തിയിരുന്നു. പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടോ എന്ന് നോക്കാതെയാണ് പലരും പല കാര്യങ്ങളും പ്രചരിപ്പിക്കുന്നതെന്നാണ് ഫാത്തിമ അന്ന് പറഞ്ഞത്.
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും സംവിധായകയായ കിരണ്‍ റാവുവും വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്ത സിനിമാലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഈ അടുത്താണ് ഇരുവരും തങ്ങളുടെ 15-ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. അതിനു തൊട്ടുപിന്നാലെയാണ് വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത്.
ആമിര്‍ ഖാന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കിരണ്‍ റാവു. ഇരുവരും അടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു. കിരണ്‍ ജീവിതത്തിലേക്ക് എത്തുന്നതിനു മുന്‍പ് ആമിര്‍ നന്നായി ഇറച്ചിയും മീനും മുട്ടയും കഴിച്ചിരുന്ന വ്യക്തിയാണ്. നോണ്‍ വെജ് വിഭവങ്ങളോട് ആമിറിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. എന്നാല്‍, കിരണ്‍ റാവു കാണിച്ചുകൊടുത്ത ഒരു വീഡിയോ ആമിറിന്റെ മനസ് മാറ്റി. അതിനുശേഷം ആമിര്‍ വീഗനാണ്. നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുന്നില്ല.
കിരണ്‍ റാവുവിനെ ആമിര്‍ ആദ്യമായി കാണുന്നത് 2001 ല്‍ 'ലഗാന്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ്. ഇരുവരുടെയും സൗഹൃദം അതിവേഗം വളര്‍ന്നു. ഒരു വര്‍ഷത്തേക്ക് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. അതിനുശേഷം 2005 ലാണ് വിവാഹം. 2011 ല്‍ ഇരുവര്‍ക്കും ഒരു മകന് പിറന്നു. ആസാദ് റാവു ഖാന് എന്നാണ് മകന്റെ പേര്. 2004 മുതല്‍ വിവാഹം വരെ ഇരുവരും ഇടയ്ക്കിടെ കാണുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നു.
ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് ആമിറും കിരണ്‍ റാവുവും വിവാഹമോചനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. തങ്ങളുടെ ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നുവെന്നും മകന് ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ല.വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കുറെ നാളായി ഉണ്ടായിരുന്നു ഇപ്പോഴാണ് അതിന് ഉചിതമായ സമയം ആയത്. ഒരുമിച്ച് നിന്ന് മകന് ആസാദിനെ വളര്‍ത്തുമെന്നും ആമിറും കിരണും പറയുന്നു. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് നടന് സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ കല്യാണം കഴിച്ചത്.