കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 ജനുവരി 2024 (09:16 IST)
Aadujeevitham The Goat Life Film
സിനിമ ആസ്വാദകര്‍ ഒരുപോലെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം(Aadujeevitham). ചിത്രത്തിന്റെ ഓരോ വിശേഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. സെക്കന്‍ഡ് ലുക്കും തരംഗമായി. ബോളിവുഡ് നടന്‍ റണ്‍വീര്‍ സിങ്ങ് ആണ് സെക്കന്‍ഡ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. നേരത്തെ പ്രഭാസ് ഫസ്റ്റ് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.
സിനിമയിലെ നായക കഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്കില്‍ നിന്നും സെക്കന്‍ഡ് ലുക്കിന് വേറിട്ട് നില്‍ക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളില്‍ ആകെ നിരാശയാണ് പ്രതീക്ഷയുടെ ഒരു കണിക പോലും ഇല്ലാത്ത നജീബിനെ സെക്കന്‍ഡ് ലുക്കില്‍ കാണാനാകുന്നു. ഫസ്റ്റ് ലുക്കിലേക്ക് എത്തുന്നതിനു മുന്‍പുള്ള നജീബിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ ഉള്ളത് എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ബ്ലെസ്സിയുടെ സിനിമ മാജിക് ഫ്രെയിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കും. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.
2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. അടുത്തവര്‍ഷം ആകും സിനിമയുടെ റിലീസ്.