നിഹാരിക കെ.എസ്|
Last Modified വെള്ളി, 3 ജനുവരി 2025 (17:26 IST)
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമാണ് 'ഐഡന്റിറ്റി'. തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് തമിഴ്നാട്ടിൽ അമ്പതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് കൂട്ടിയിരിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. തൃഷയുടെ സാന്നിധ്യമാണ് തമിഴ്‌നാട്ടിൽ ഷോ കൂടാൻ കാരണമായതെന്നാണ സൂചന. ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. അലൻ ജേക്കബായി വിനയ് റോയും ആലിഷയായി തൃഷയും സിനിമയിലുടനീളം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്നു.
രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.