ഭരതന്‍ ടച്ച് ഇല്ലാതായിട്ട് 26 വര്‍ഷം ! നിങ്ങളുടെ ഇഷ്ട സിനിമ ഏതാണ് ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (19:36 IST)
മലയാള സിനിമയ്ക്ക് ഭരതന്‍ ടച്ച് ഇല്ലാതായിട്ട് 26 വര്‍ഷം കഴിഞ്ഞുപോയി.

മലയാളത്തിലും തമിഴിലുമായി നാല്പതോളം സിനിമകള്‍ ചെയ്ത അദ്ദേഹത്തിനായി എം ടിയും ലോഹിതദാസും ജോണ്‍പോളും പത്മരാജനും ഒക്കെ തിരക്കഥ എഴുതി നല്‍കി. മോഹന്‍ലാലിന്റെ താഴ്വാരവും കമല്‍ ഹാസന്റെ തേവര്‍ മകനുമെല്ലാം ഭരതന്റെ മാന്ത്രിക സ്പര്‍ശത്താല്‍ പിറന്നതാണ്. അതുപോലെതന്നെ ഭരത് ഗോപിയുടെയും നെടുമുടി വേണുവിന്റെയും പ്രതാപ് പോത്തന്റെയും കരിയറിലെ മികച്ച സിനിമകള്‍ ഭരതന്‍ എന്ന സംവിധായകന്റെ ഒപ്പമായിരുന്നു. നെടുമുടി വേണുവിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ചിത്രം എത്ര കണ്ടാലും മതിവരാത്ത സിനിമയാണ്. അമരവും കാതോട് കാതോരവും പാഥേയവും മമ്മൂട്ടിക്കൊപ്പം ഭരതന്‍ ചെയ്ത സിനിമകളാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത അമരവും അത്തരമൊരു അനുഭവമാണ് പ്രേക്ഷകന് നല്‍കുക.

സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ കലാ സംവിധായകന്‍ ആയാണ് സിനിമയിലെത്തിയത്. പിന്നീട് 1975 ല്‍ പത്മരാജന്റെ തിരക്കഥയില്‍ 'പ്രയാണം' എന്ന സിനിമയാണ് ഭരതന്‍ ആദ്യമായി സംവിധാനം ചെയ്തത്. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം കൂടിയാണ് പ്രയാണം. ഭാരതത്തിന്റെ തമിഴ് സിനിമയായ തേവര്‍ മകന് 1992ല്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. തന്റെ അമ്പത്തിരണ്ടാം വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഓരോ ആസ്വാദകനും നഷ്ടമായത് ഇനിയും എത്രയോ അത്ഭുത സിനിമകള്‍ കൂടിയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :