'രണ്ടാമൂഴ’മില്ലെങ്കിലും മോഹന്‍ലാല്‍ ഭീമനാകും, വമ്പന്‍ ചിത്രം അണിയറയില്‍ ?!

മോഹന്‍ലാല്‍, രാജമൌലി, ബാഹുബലി, ഭീമന്‍, രണ്ടാമൂഴം
Last Updated: വെള്ളി, 17 ജൂലൈ 2015 (16:55 IST)
മോഹന്‍ലാല്‍ ഭീമനായി അവതരിക്കുന്നതുകാണാന്‍ എത്രകാലം കാത്തിരിക്കണം? ‘രണ്ടാമൂഴം’ എന്ന എംടി കൃതി ഹരിഹരന്‍ സിനിമയാക്കുമെന്നും ഇല്ലെന്നും സംസാരമുണ്ട്. ചിത്രത്തിന്‍റെ ബജറ്റ് മലയാളത്തിന് താങ്ങാന്‍ കഴിയാത്തതാണെന്നും അതിനാല്‍ സിനിമ ഉപേക്ഷിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും രണ്ടാമൂഴം സിനിമയാകാനും ഭീമനായി മോഹന്‍ലാലിനെ കാണാനും കാത്തിരുന്നവര്‍ക്ക് ഈ റിപ്പോര്‍ട്ടുകള്‍ നിരാശ നല്‍കിയിരുന്നു.

എന്നാല്‍, രണ്ടാമൂഴം സിനിമയായില്ലെങ്കിലും മോഹന്‍ലാല്‍ ഭീമനാകുമെന്ന് സൂചനകള്‍ ലഭിക്കുന്നു. സാക്ഷാല്‍ എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ‘മഹാഭാരതം’ എന്ന ബ്രഹ്മാണ്ഡ സിനിമയിലാണ് മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം ജോലി ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് രാജമൌലി വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ വിവരങ്ങള്‍ ലഭിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാ‍യിരിക്കും രാജമൌലിയുടെ ‘മഹാഭാരതം’.
ഭീഷ്മരായി അമിതാഭ് ബച്ചനും അര്‍ജ്ജുനനായി ഹൃത്വിക് റോഷനും ശ്രീകൃഷ്ണനായി ആമിര്‍ഖാനും കര്‍ണനായി അജയ് ദേവ്ഗണും അഭിനയിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

ദുര്യോധനനായി രാജമൌലി മനസില്‍ കാണുന്നത് സഞ്ജയ് ദത്തിനെയാണത്രേ. അഭിമന്യു ആയി തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ ടി ആറും അഭിനയിച്ചേക്കും.

ആയിരം കോടിയോളം മുതല്‍മുടക്കുവരുന്ന സിനിമ നിര്‍മ്മിക്കാനായി കോര്‍പ്പറേറ്റ് കമ്പനികള്‍ മത്സരം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :