സജിത്ത്|
Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (11:29 IST)
ഇന്ന് റിലീസായ മോഹന്‍ലാല്‍ ചിത്രം ‘വില്ലൻ’ മൊബൈൽ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് മുട്ടന്‍പണി. സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതു കണ്ട വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മലയോരമേഖലയായ ചെമ്പന്തൊട്ടിയിലുള്ള മുപ്പത്തിമൂന്നുകാരനായ വർക്ക്ഷോപ്പ് ജീവനക്കാരനാണു പൊലീസ് പിടിയിലായത്. നാനൂറോളം സീറ്റുകളുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാൻസുകാർ മുൻകൂട്ടി വാങ്ങിയ ശേഷമായിരുന്നു പ്രദർശനമൊരുക്കിയത്. അതിനിടെയാണ് യുവാവ് സ്റ്റണ്ട് രംഗത്തിൽ ആവേശം മൂത്ത് അത് മൊബൈലിൽ പകർത്തിയത്.
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണനാണ് ‘വില്ലൻ’ സംവിധാനം ചെയ്തത്. ചെമ്പന്തൊട്ടിയിൽ നിന്നു പുലർച്ചെ പുറപ്പെട്ടായിരുന്നു ഈ യുവാവ് നഗരത്തിലെത്തിയത്. മോഹന്‍ലാലിനോടുള്ള ആരാധനയും ആവേശവും മൂത്താണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തതെന്നും, പടം ചോർത്താനോ വ്യാജപകർപ്പുണ്ടാക്കാനോ ഒന്നും യുവാവിനു ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.