മോഹന്‍ലാല്‍ - ജോഷി ചിത്രം ഒരു റൊമാന്‍റിക് കോമഡി!

WEBDUNIA|
PRO
നരന്‍, ട്വന്‍റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് - അടുത്ത കാലത്ത് സംവിധായകന്‍ ജോഷിയും മോഹന്‍‌ലാലും ഒന്നിച്ച സിനിമകളെല്ലാം ആക്ഷന്‍ സിനിമകള്‍. മോഹന്‍ലാലിന്‍റെ സാഹസിക പ്രകടനങ്ങള്‍ക്കായിരുന്നു ആ സിനിമകളെല്ലാം പ്രാധാന്യം നല്‍കിയത്. എന്നാല്‍ ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു റൊമാന്‍റിക് കോമഡി സിനിമയാണ് ഇനി ഇവരുടേതായി വരുന്നത്.

ഒരു ടിവി ചാനല്‍. അവിടെ ഒരു പുതിയ ക്യാമറാമാന്‍ ജോയിന്‍ ചെയ്യുന്നു. അപ്പോഴാണ് അറിയുന്നത് ആ ചാനലിലെ സീനിയര്‍ എഡിറ്റര്‍ അയാളുടെ പഴയ കാമുകിയാണെന്ന്. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

സച്ചി - സേതു ടീമിലെ സച്ചിയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ജോഷി എന്ന ആക്ഷന്‍ രാജാവ് എന്തിന് ഇങ്ങനെ ഒരു ചിത്രം ഒരുക്കുന്നു എന്ന് സംശയം തോന്നാം. എന്നാല്‍ ആക്ഷന്‍ രംഗങ്ങളും സാഹസികതകളുമൊക്കെ ഈ സിനിമയിലുമുണ്ട്. ഒരു വലിയ ക്രൈമിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഈ സീനിയര്‍ എഡിറ്ററും ക്യാമറാമാനും ഒന്നിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അതിനിടയില്‍, എന്നോ തകര്‍ന്നുപോയ അവരുടെ പ്രണയം വീണ്ടും തളിര്‍ക്കുന്നു.

അടുത്ത മാസം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :