ഗോസിപ്പിനും നയന്‍താരയ്ക്കും തമ്മില്‍ അടുത്ത ബന്ധമാണ്. സിനിമ കൈവിട്ടാലും കാമുകന് കൈവിട്ടാലും നയന്‍താരയെ ഒരിക്കലും ഗോസിപ്പുകള്‍ കൈവിടാറില്ല. മലയാളിയും തമിഴിലെ യുവതാരവുമായ ആര്യയാണ് നയന്‍താരയുടെ ‘പുതിയ സുഹൃത്ത്’ എന്നാണ് കോടമ്പാക്കം കാറ്റ് അടക്കം പറയുന്നത്.
‘ബോസ് എങ്കിറ ഭാസ്കരന്’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് ആര്യയും നയന്‍താരയും. പ്രഭുദേവാ പ്രണയം കൊടുമ്പിരി കൊണ്ടിരുന്നതിനാല്‍ ആര്യയെ ശ്രദ്ധിക്കാനൊന്നും നയന്‍താരയ്ക്ക് അപ്പോള്‍ സമയം കിട്ടിക്കാണില്ല. പ്രഭുവുമായി അകലുകയും വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചെത്തുകയും ചെയ്തിരിക്കുന്ന നയന്‍സിന് ആര്യയിപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്താണെത്രെ!
‘വേട്ടൈ’ എന്ന സിനിമയില്‍ മറ്റൊരു മലയാളിയായ അമലാ പോളായിരുന്നു ആര്യയുടെ നായകന്. ഇരുവര്‍ക്കും ഇടയില്‍ പ്രണയം മൊട്ടിട്ടുവെന്ന് കോടമ്പാക്കം വര്‍ത്തമാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ‘വേട്ടൈ’ വടിയായതോടെ അമലയുടെ ‘ആര്യന് പ്രണയം’ അവസാനിച്ചെത്രെ. ഇവര്‍ തമ്മില്‍ ഇപ്പോള്‍ മൊബൈല്‍ സംസാരം പോലുമില്ലെന്നും ചില പാപ്പരാസികള്‍ പടച്ച് വിടുന്നുണ്ട്.
നയന്‍താരാ - ആര്യ ഗോസിപ്പിന് പിന്നില്‍ ഒരു കാരണമുണ്ട്. ആര്യ ഈയടുത്ത് പുതിയൊരു വീട് പണികഴിപ്പിച്ചിരുന്നു. അടിപൊളിയായിരു ഒരു ‘മിനി ഹൌസ് വാമിംഗും’ കക്ഷി നടത്തി. ആര്യയുടെ ഏറ്റവും അടുത്ത താര സുഹൃത്തുക്കള്‍ പങ്കെടുത്ത ഈ ചടങ്ങില്‍ അമലാ പോള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ചടങ്ങില്‍ ആദ്യമദ്യാന്തം സജീവമായി നിലകൊണ്ടതാകട്ടെ നയന്‍താരയും.
ഗൃഹപ്രവേശം നിലവിളക്ക് കൊളുത്തി ‘ഉദ്ഘടിച്ചത്’ നയന്താരയാണെത്രെ. താന്‍ നായകനായി അഭിനയിക്കുന്ന സിനിമകളില്‍ നയന്‍താരയെ അഭിനയിപ്പിച്ചാലോ എന്ന് നിര്‍മാതാക്കളോടും സംവിധായകരോടും ആര്യ ചോദിച്ച് വരുന്നതായും കിംവദന്തികളുണ്ട്. അവസാനം, പ്രഭുദേവയുടെ സീറ്റ് ആര്യ അടിച്ചുമാറ്റിയോ ആവോ, ആര്‍ക്കറിയാം!