കോടിമുണ്ടിന്‍റെ മണമുള്ള ആ ഓണം!

ഡോ. ആര്‍ സി കരിപ്പത്ത്

WEBDUNIA|
PTI
ഓരോ ഓണത്തിനും കോടിമുണ്ടിന്റെ മണവും കണ്ണീരിന്റെ പുളിപ്പുമാണ് മനസിലേക്ക് ഓടിയെത്തുന്നത്. പ്രതാപ ഐശ്വര്യങ്ങള്‍ പഴങ്കഥയായി ചിതലരിക്കുന്ന തറവാടിന്റെ പൂമുഖപ്പടിയില്‍ തെക്കേനിലത്തിന്റെ വളവുകഴിഞ്ഞ് കടന്നുവരുന്ന ഓരോ ആളെയും കണ്ണുംനട്ട് കാത്തിരുന്നിരുന്നു പഴയ ഉത്രാടസന്ധ്യയില്‍.

ആ ഉത്രാടസന്ധ്യകള്‍ ഇന്നും മനസ്സിന്റെ തിരശ്ശീലയില്‍ തെളിയുകയാണ്. കൂട്ടുകാര്‍ അവര്‍ക്കു കിട്ടിയ ചുവപ്പും നീലയും കരകളുള്ള ഓണക്കോടി കാണിച്ച് കൊതിപ്പിച്ചപ്പോഴെല്ലാം എന്റെ പ്രതീക്ഷ കടവുപടി കടന്നുവരുന്ന വലിയമ്മാവനിലായിരുന്നു. എത്ര വഴക്ക് പറഞ്ഞു ഭയപ്പെടുത്തിയാലും ഉണ്ണിയുടെ മനസ്സിന്റെ നോവുകള്‍ മക്കളില്ലാത്ത വല്യമ്മാവന് നന്നായിട്ട് അറിയുമായിരുന്നു. അതാണ് പഴയകാല അനുഭവങ്ങള്‍. അന്ന് ഒമ്പത് വയസ്സുകാരനായ എന്റെ കാത്തിരിപ്പ് കണ്ടിട്ടായിരിക്കണം ആശ്വസിപ്പിച്ചു - ‘നീ ഇങ്ങനെ വേവലാതിപ്പെട്ടാലോ? വന്നു ചോറുണ്ണ്. അമ്മാവന്‍ എന്തായാലും കൊണ്ടുവരും’. പക്ഷേ, മനസ്സിന് ഒരു സമാധാനവുമില്ല. അഥവാ വല്യമ്മാവന്‍ മറന്നുപോയാലോ?

ഇടവഴിയില്‍ ടോര്‍ച്ചുവെട്ടം കണ്ടതും മുറ്റത്തേക്ക് ഞാന്‍ ഓടിയിറങ്ങിയതും ഒന്നിച്ചായിരുന്നു. അമ്മാവന്റെ കയ്യിലേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി. ഇല്ല! അമ്മാവന്റെ കയ്യിലൊന്നുമില്ല. ഒരു തലമുടിനാരുപോലുമില്ല! താക്കോല്‍കൂട്ടം മാത്രം.

ഞാന്‍ ഉറക്കെ നിലവിളിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. മാസാമാസം പണമയച്ച അച്ഛന്‍ പ്രത്യേകം എഴുതിയതാണ് ആ മണിയോര്‍ഡര്‍ ഫോമിന്റെ താഴെ - ‘കുട്ടികള്‍ക്ക് കോടി വാങ്ങിക്കൊടുക്കണേ’ എന്ന്. അത് ഒപ്പിട്ടുവാങ്ങിയ അമ്മാവന്‍ ഈ കൊലച്ചതി ചെയ്യുമെന്ന് ആര് വിചാരിച്ചു. അന്നോളം മറുത്തൊരക്ഷരം പറയാതെ അമ്മാവനെ അനുസരിക്കാന്‍ മാത്രമറിയുന്ന എന്റെ അമ്മ എനിക്ക് വേണ്ടിയാണ് ആദ്യമായി വിനയം കൈവെടിഞ്ഞത്. ‘ആരുടെയും ഓശാ‍രമൊന്നുമല്ലല്ലോ കുഞ്ഞുങ്ങളുടെ മനസ്സറിയില്ലേ നിങ്ങക്ക്?’ - പിന്നെ ആ ഉത്രാടസന്ധ്യ ശോകമാനമായി. ആ തറവാടാകെ ശ്മശാനമൂകമായി.

ഉണ്ണാതെ വിഷമിച്ച് തളര്‍ന്നുറങ്ങിയ ഞാന്‍ അമ്മാവന്റെ വിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ആറ് നാഴികദൂരം താണ്ടി ചൌക്കി രാമന്റെ തുണിക്കട തുറപ്പിച്ച് ഓണമുണ്ടും വാങ്ങി അമ്മാവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നാലായി മടക്കിയ ആ ചുവന്ന വരയന്‍ കോടി മുണ്ടിലുള്ള ഏതോ ഭഗവാന്റെ പുഞ്ചിരിക്കുന്ന ചിത്രം ഞാന്‍ റാന്തല്‍ വെളിച്ചത്തില്‍ ഞാന്‍ നോക്കി നിന്നു. ആഹ്ലാദം കൊണ്ട് എനിക്ക് വീര്‍പ്പുമുട്ടി. ആ റാന്തലിന്റെ ഇത്തിരിവെട്ടത്തില്‍ അമ്മാവനും കോടി മുണ്ടും അമ്മയുടെ പുഞ്ചിരിയും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആ മുണ്ട് വാങ്ങി മുഖത്തോട് ചേര്‍ത്തുപിടിച്ചപ്പോള്‍ ഉണ്ടായ മണം ഇന്നുമുണ്ട് എന്റെ മനസ്സില്‍, എന്റെ നെറുകയില്‍.

മക്കള്‍ക്ക് ഓണക്കോടികള്‍ വാങ്ങിയ എത്രയോ നാളുകള്‍ നടന്നു മറഞ്ഞെങ്കിലും ഓരോ ഉത്രാടസന്ധ്യയിലും പഴയ ഒമ്പത് വയസ്സുകാരന്റെ കണ്ണീരും കോടി മുണ്ടിന്റെ മണവും ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നു. ചിറ്റാടയും ഓണപ്പുടവയും പിന്നെ കളമൊഴിഞ്ഞു പോയി. പൂവിളി മറന്ന മലനാട്ടില്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂലോറികളുടെ ഇരമ്പം മാത്രമായി മാറി. പണ്ട് പുന്നെല്ലിന്റെ മണം പുരണ്ട കുത്തരിച്ചോറുണ്ടായിരുന്നു. ഇന്നോ? ആന്ധ്രയില്‍ നിന്നെത്തുന്ന പുത്തന്‍ അരിക്ക് വേണ്ടി നാം കാത്തുനില്‍ക്കുന്നു.

ഓണാഘോഷം യഥാര്‍ഥത്തില്‍ നമ്മുടെ കച്ചവടക്കാര്‍ക്ക് മാത്രമായി. ഓണപ്പെരുമയെല്ലാം പുറംനാടുകളിലേക്ക് ഒഴുകിപോയി. അങ്ങാടിപ്പെരുമയെല്ലാം അകത്തേക്ക് കയറിവന്നിരിക്കുന്നു. അപ്പോഴും എന്റെ പഴമനസ്സ് പാടിപ്പോയി ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം...’. ഈ ഓണക്കാലത്തും പടികയറി വരുന്ന ഓണത്തപ്പന്റെ ഓലക്കുടയുടെ ഇത്തിരിവട്ടം ഞാന്‍ കാണുന്നു. നന്മയുടെ, മനോഹരമായ ഒരു ഇത്തിരിവെട്ടം. നമുക്ക് ഹൃദയം കൊണ്ട് വരവേല്‍ക്കാം മാവേലിത്തമ്പുരാനെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :