പെണ്ണഴകിന് സാരി തന്നെ ബെസ്‌റ്റ് !

സ്ത്രീ, സാരി, ചുരിദാര്‍, ബ്യൂട്ടി, Woman, Sari, Chudi, Beauty
Last Modified തിങ്കള്‍, 14 ജനുവരി 2019 (14:50 IST)
സ്ത്രീക്ക്‌ ഏറ്റവും പ്രൗഢിയും കുലീനതയും നല്‍കുന്ന വേഷമേതാണെന്നു ചോദിച്ചാല്‍ മലയാളി ഒറ്റവാക്കില്‍ ഉത്തരം നല്‍കും സാരിയെന്ന്‌. വിശേഷാവസരങ്ങളില്‍ സാരിയുടുത്ത്‌ കണ്ണഞ്ചിപ്പിക്കാനുള്ള ഒരവസരവും കളഞ്ഞുകുളിക്കാന്‍ തയ്യാറല്ല ഇന്നത്തെ പെണ്‍കുട്ടികള്‍.

ഇത്രയും വ്യത്യസ്തത നല്‍കുന്ന എലഗന്റായ മറ്റൊരു വേഷം ഏതാണെന്നു ചോദിച്ചു കളയും നമ്മുടെ കൗമാരക്കാര്‍ പോലും. ഇവര്‍ക്കു വേണ്ടി കോട്ടണ്‍, സിന്തറ്റിക്‌-ഫാന്‍സി സാരികള്‍, കാഞ്ചി കോട്ടണ്‍, ഡിസൈനര്‍, ഡെക്കറേറ്റഡ്‌ ഡിസൈനര്‍ സാരികള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ പ്രപഞ്ചം തന്നെയുണ്ട്‌ വിപണിയില്‍.

സെറ്റ്‌ സാരിയില്‍ നിന്ന്‌ വ്യത്യസ്തമായി അകത്തും പുറത്തും കര വരുന്ന, ഡിസൈനര്‍ വര്‍ക്കുകളോട്‌ കൂടിയ കൈത്തറി സാരികള്‍ക്ക്‌ ചെറുപ്പക്കാരും പ്രായമേറിയവരും ഒരു പോലെ ആവശ്യക്കാരാണ്‌. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സെറ്റ്‌ സാരിയുടെ എടുപ്പും ആകര്‍ഷണീയതയും ഉളവാക്കുന്നവയാണിവ.

ചിങ്ങം ഒന്നിനും കേരളപ്പിറവിക്കുമൊക്കെ ഒന്നു സാരിയുടുത്ത്‌ ചെത്താന്‍ കൊതിക്കുന്ന കോളേജ്‌ കുമാരിമാരും ഉദ്യോഗസ്ഥകളായ സ്ത്രീകളുമൊക്കെ മുന്‍പത്തെ അപേക്ഷിച്ച്‌ കൈത്തറി സാരികള്‍ കൂടുതലായി വാങ്ങുന്നു. സെറ്റ്‌ മുണ്ടുകളും സെറ്റ്‌ സാരികള്‍ക്കുമൊപ്പം പെയ്ന്റിംഗ്‌, ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത കൈത്തറി സാരികള്‍ക്കും ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്.

മുന്നൂറ്‌ രൂപ മുതല്‍ മുകളിലോട്ട്‌ വിലയുള്ള ഇത്തരം സാരികളുടെ പ്രത്യേകത, സാരിയെന്ന വേഷത്തോടൊപ്പം ഒരു മലയാളിത്തം കൂടി കിട്ടുന്നുവെന്നതാണ്‌. സെറ്റ്‌ മുണ്ടുകളെക്കാള്‍ വെറൈറ്റി കൂടുതലുള്ള ഇവയ്ക്ക്‌ സെറ്റ്‌ സാരിയെയും മുണ്ടുകളെയും അപേക്ഷിച്ച്‌ വിലയും കുറവാണ്‌. പണ്ടൊക്കെ ഇരട്ട മുണ്ടും നേര്യതുമാണ്‌ ഏറെ ഉപയോഗിച്ചിരുന്നതെങ്കില്‍ ഉടുക്കുന്നതിനുള്ള സൗകര്യവും എളുപ്പവുമൊക്കെ കണക്കിലെടുത്ത്‌ ഒറ്റ മുണ്ടും നേര്യതുമാണ്‌ ആള്‍ക്കാര്‍ കൂടുതല്‍ ആവശ്യപ്പെടുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :