പോളിങ്‌ ബൂത്തിലേക്ക്‌ ഭൂപടം വഴികാട്ടും

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 6 ഏപ്രില്‍ 2014 (19:15 IST)
PRO
PRO
ഏപ്രില്‍ 10ന്‌ വോട്ടെടുപ്പു ദിവസം വോട്ടുചെയ്യുന്ന ബൂത്തിലേക്കുള്ള വഴി തേടി സമ്മതിദായകന്‍ അലയേണ്ടതില്ല. ചീഫ്‌ ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റിലെ ഭൂപടത്തില്‍ നോക്കി എളുപ്പം വഴി കണ്ടുപിടിക്കാം. ഇതാദ്യമായാണ്‌ ഇത്തരത്തിലൊരു സംവിധാനം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഏര്‍പ്പെടുത്തുന്നത്‌.

മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ വെബ്സൈറ്റില്‍ ഇലക്ടറല്‍ റോള്‍ സെര്‍ച്ച്‌ ക്ലിക്ക്‌ ചെയ്ത്‌ ജില്ല, അസംബ്ലി മണ്ഡലം, സമ്മതിദായകന്റെ പേര്‌, വിലാസം അഥവാ തെരഞ്ഞെടുപ്പ്‌ കാര്‍ഡിലെ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയാല്‍ വോട്ടുചെയ്യേണ്ട ബൂത്ത്‌ കണ്ടുപിടിക്കാം. ബൂത്തിന്റെ സ്ഥാനവും ബൂത്തിലേക്കുള്ള വഴിയും കണ്ടെത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ വെബ്സൈറ്റില്‍ ഫൈന്‍ഡ്‌ യുവര്‍ പോളിംഗ്‌ ബൂത്ത്‌ എന്ന ഭാഗത്ത്‌ ക്ലിക്ക്‌ ചെയ്യണം. തുടര്‍ന്ന്‌ തെളിയുന്ന ഇന്ത്യയുടെ ഭൂപടത്തിന്റെ മുകളില്‍ വലതുഭാഗത്തുള്ള സേര്‍ച്ച്‌ പോളിംഗ്‌ സ്റ്റേഷന്‍ ക്ലിക്ക്‌ ചെയ്യുക. ഇടതുഭാഗത്ത്‌ കാണുന്ന ബ്ലോക്ക്‌, അസംബ്ലി, ലോക്കല്‍ ബോഡി, പാര്‍ലമെന്റ്‌ ഇവയിലേതെങ്കിലും ക്ലിക്ക്‌ ചെയ്തശേഷം പോളിംഗ്‌ സ്റ്റേഷന്റെ പേര്‌ ടൈപ്പ്‌ ചെയ്യുമ്പോള്‍ ഭൂപടത്തില്‍ പാര്‍ലമെന്റ്‌, അസംബ്ലി, ലോക്കല്‍ ബോഡി, ബ്ലോക്ക്‌ എന്നിവയില്‍ തെരഞ്ഞെടുത്തതിന്റെ അതിര്‍ത്തിയും പോളിംഗ്‌ സ്റ്റേഷന്റെ സ്ഥാനവും തെളിയും.

ഭൂപടത്തിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പോളിംഗ്‌ ബൂത്തിലേക്ക്‌ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വഴി ഭൂപടത്തില്‍ കാണാം, ഒപ്പം ദേശീയ പാത, നദികള്‍, ജലാശയങ്ങള്‍ , ആരാധാനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയും ഭൂപടത്തില്‍ തെളിയും. ഇതിനുപുറമേ ബൂത്തിന്റെ വിവരം, ബൂത്ത്‌ ലെവല്‍ ഓഫീസറുടെ പേര്‌, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവയും അറിയാം. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വെബ്സൈറ്റില്‍ ഇന്ത്യയിലെ പോളിങ്‌ കേന്ദ്രങ്ങള്‍ ഭൂപടത്തില്‍ കണ്ടുപിടിക്കാനും സംവിധാനമുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :