വടകരയില്‍ അങ്കത്തിന് മുല്ലപ്പള്ളി

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:15 IST)
കഴിഞ്ഞ രണ്ടു തവണയും കണ്ണൂരില്‍ എ പി അബ്ദുള്ളക്കുട്ടിയോടേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണയും ഗോഥയിലിറങ്ങുന്നു. വടകര പിടിച്ചടക്കുകയാണ് മുല്ലപ്പള്ളിയുടെ ലക്‍ഷ്യം. ജനതാദളിന്‍റെയും സി പി എം വിമതരുടെയും പിന്തുണ മുന്നില്‍ കണ്ടാണ് മുല്ലപ്പള്ളിയെ കളത്തിലിറക്കാന്‍ യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ജനതാദളുമായി ഇതുസംബന്ധിച്ച ഒരു രഹസ്യ ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞത്.

ജനതാദളിനെ സി പി എം അപമാനിക്കുകയായിരുന്നു. ജനതാദളുമായി ഒരു രഹസ്യ ഗൂഢാലോചനയും യു ഡി എഫ് നടത്തിയിട്ടില്ല - ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

രാഷ്ട്രീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടമായിരിക്കും വടകരയിലേതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മലബാറില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി ഭാരവാഹിയുമായ മുല്ലപ്പള്ളി കേന്ദ്ര കൃഷി സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വി എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും‌ പോലുള്ള മുതിര്‍ന്ന നേതാക്കളെ മത്സര രംഗത്തേക്ക് പരിഗണിക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് വടകരയില്‍ മുല്ലപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :