തെക്കന്‍ മലബാറിലെ കാവുങ്ങല്‍ കഥകളി കളരിയിലെ അവസാനത്തെ അധിപന് കാവുങ്ങല്‍ ചാത്തുണ്ണി പണിക്കര്‍ നവംബര്‍ 29 ന് മംഗളം പാടി പിരിഞ്ഞു. ആറു കൊല്ലം തളര്‍വാതം മൂലം കലാസപര്യ നിര്‍ത്തിവയ്ക്കേണ്ടിവന്നു അദ്ദേഹത്തിന്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അദ്ദേഹത്തിന്റെ ജന്മനാടായ തിച്ചൂരില്‍ ശതാഭിഷേക ചടങ്ങുകള്‍ നടന്നത്.
അമ്മാവന് കാവുങ്ങല്‍ ശങ്കരന്‍കുട്ടി പണിക്കരില്‍ നിന്ന് കഥകളി അഭ്യസിച്ച് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച ചാത്തുണ്ണി പണിക്കര്‍ക്ക് അമ്മാവനു മുമ്പെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കഥകളി പുരസ്കാരം ലഭിച്ചിരുന്നു.
കഥകളിയിലെ പല ചിട്ടകളും അന്യം നിന്നു കഴിഞ്ഞു. കല്ലടിക്കോടന്‍, കടത്തനാടന്‍, കപ്ലിങ്ങാടന്‍ തുടങ്ങിയ ചിട്ടകള്‍ പോലെ വ്യത്യസ്തതകള്‍ പുലര്‍ത്തിയ ചിട്ടയായിരുന്നു കാവുങ്ങലില് ഉണ്ടായിരുന്നത്. ചാത്തുണ്ണി പണിക്കരുടെ നിര്യാണത്തോടെ അതിനും പിന്തുടര്‍ച്ചക്കാരില്ലാതായി കഴിഞ്ഞു.
കഥകളിയിലെ വരേണ്യ വര്‍ഗ്ഗത്തിന്റെ പഴഞ്ചന്‍ ആധിപത്യത്തിനെതിരെ നിലകൊള്ളുകയും സിദ്ധിയിലൂടെയും സാധനയിലൂടെയും അക്കാലത്തെ പല കലാകാരന്മാരെയും അതിശയിക്കുകയും ചെയ്തു എന്നതാണ് ഈ കളരിയുടെ പ്രത്യേകത.
കഥകളിയില്‍ ചാത്തുണ്ണി പണിക്കര്‍ വരുത്തിയ വൈവിദ്ധ്യമാര്‍ന്ന മാറ്റങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. മൃണാളിനി സാരാഭായിയെ കണ്ടുമുട്ടിയതാണ് ചാത്തുണ്ണി പണിക്കരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അവര്‍ അഹമ്മദാബാദില്‍ നടത്തിയിരുന്ന ദര്‍പ്പണ നൃത്ത സ്ഥാപനത്തില്‍ പ്രധാന ആചാര്യനായി ചാത്തുണ്ണി പണിക്കര്‍ പ്രവര്‍ത്തിച്ചു.