സൈനിക നടപടിക്ക് ഇനിയും മടിക്കണോ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
മാവോയിസ്റ്റുകള്‍ ഭീരുക്കളാണെന്നും വനങ്ങളില്‍ ഒളിച്ചിരിക്കുന്നവരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം ഒറീ‍സയില്‍ കുഴിബോംബ് ആക്രമണത്തിലൂടെ അവര്‍ പത്തു സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്നത്. നക്സല്‍ മേഖലയായ ഓറീസയിലെ കൊരാപുട് ജില്ലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരായിരുന്നു ആക്രമണത്തിനിരയായത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഛത്തീസ്ഗഢില്‍ 70 ലധികം സൈനികരെ ആസൂത്രിതമായ ആക്രമണത്തിലൂടെ മാവോയിസ്റ്റുകള്‍ കൊന്നൊടുക്കിയിരിക്കുന്നത്. ചിദംബരത്തിന്‍റെ പ്രസ്താവനയ്ക്ക് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന നാലാമത്തെ മാവോയിസ്റ്റ് ആക്രമണമാണ് ഇത്. ഇതിന് ഏതാനും നാള്‍ മുമ്പ് കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് പശ്ചിമബംഗാളിലെ മിഡ്നാപ്പൂരില്‍ മവോയിസ്റ്റുകള്‍ ഈസ്റ്റ് ഫ്രോണ്ടിയര്‍ റൈഫിള്‍സിലെ 24 പേരെ വധിച്ചിരുന്നു.

ഛത്തീസ്ഗഢ് സംഭവത്തോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 100 കവിഞ്ഞതായാണ് കണക്ക്. എന്നിട്ടും മാവോയിസ്റ്റുകള്‍ക്കെതിരെ പൂര്‍ണ്ണ സൈനിക നടപടിക്ക് തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് മാവോയിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ പൂര്‍ണ്ണമായ സൈനികആക്രമണത്തിന് മടിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ ഇനിയും സര്‍ക്കാരിനായിട്ടുമില്ല.

പശ്ചിമബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവയാണ് രാജ്യത്ത് നക്സല്‍ ഭീഷണി അധികമുള്ള സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷയ്ക്ക് നക്സലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ലെന്ന് കഴിഞ്ഞകാല സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതോടൊപ്പം ആന്ധ്രയിലും മധ്യപ്രദേശിലും നക്സലുകള്‍ ഉയര്‍ത്തുന്ന ഭീഷണി അവഗണിക്കാനാകാത്ത സാഹചര്യമാണ്. നക്സല്‍ ഭീഷണി നേരിടാന്‍ സൈനിക സഹായം നല്‍കണമെന്ന് പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും കാര്യമായ ശ്രമങ്ങളാണുണ്ടാകുന്നില്ലെന്നും സംസ്ഥാനം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് കേന്ദ്രം എന്നും ഈ ആവശ്യത്തോട് ഇതുവരെ മുഖം തിരിക്കുകയായിരുന്നു.

മാവോയിസ്റ്റുകള്‍ക്കെതിരെ 2009 ജൂണില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന നടപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്നത്. ഈ നടപടി പൂര്‍ണ്ണപരാജയമാണെന്ന് വാദിക്കുന്നില്ലെങ്കിലും പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്ന് തീര്‍ത്തുപറയേണ്ടി വരും. ഛത്തീസ്ഗഢില്‍ നടന്നതടക്കമുള്ള സംഭവങ്ങള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. സൈനിക രീതിയില്‍ പരിശീലനം സിദ്ധിച്ചിട്ടുള്ള മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാന പൊലീസാണ് മുന്നിട്ടിറങ്ങേണ്ടതെന്ന കേന്ദ്രനിലപാട് പുനപ്പരിശോധിക്കേണ്ട സമയമായെന്നാണ് ഛത്തീസ്ഗഢ് സംഭവവും വ്യക്തമാക്കുന്നത്. കാടുകള്‍ കേന്ദ്രീകരിച്ച് ഗറില്ലാ‍ മോഡല്‍ ആക്രമണം നടത്തുന്ന മാവോയിസ്റ്റുകളെ നേരിടാന്‍ സൈനിക പരിശീ‍ലനം സിദ്ധിച്ച ഏതാനും സി‌ആര്‍‌പി‌എഫ് ജവാന്‍‌മാര്‍ മാത്രമാണ് നക്സല്‍വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട ഓരോ സംഘത്തിലും ഉള്ളത്. കൊടുംകാടുകളില്‍ നിന്ന് ഒളിയാക്രമണം നടത്തുന്ന നക്സലുകള്‍ക്കെതിരെ പോരാടുന്നതില്‍ പൊലീസിന്‍റെ നിസ്സഹായാവസ്ഥ ഈ സംസ്ഥാനങ്ങള്‍ പലവുരു കേന്ദ്രത്തെ അറിയിച്ചതുമാണ്. എന്നാല്‍ ഇപ്പോഴും പൂര്‍ണ്ണസൈനിക നടപടിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടില്ല.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പാകിസ്ഥാനിലെ താലിബാന്‍റെയും ശ്രീലങ്കയില്‍ കാല്‍‌നൂറ്റാണ്ടോളം അസ്ഥിരത സൃഷ്ടിച്ച എല്‍‌ടിടി‌ഇയുടെയും സമാനമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്. ലക്‍ഷ്യത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഈ ലക്‍ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇക്കൂട്ടരെല്ലാം ഒരേ മാര്‍ഗത്തിലൂടെയാണെന്ന് കാണാം. ലങ്കന്‍ സര്‍ക്കാര്‍ രണ്ടും കല്‍‌പിച്ച് തുനിഞ്ഞിറങ്ങിയതുകൊണ്ടാ‍ണ് ഇന്ന് ശ്രീലങ്ക ശാന്തമായതും എല്‍‌ടിടി‌ഇയുടെ ഭീഷണി എന്നെന്നേക്കുമായി ഒഴിവാക്കാന്‍ കഴിഞ്ഞതും. ഇത്രയും സൈനിക ശേഷിയും സജ്ജീകരണങ്ങളുമുള്ള നമ്മള്‍ എന്തിന് ഈ ഭീഷണി പൂര്‍ണ്ണമായി നുള്ളിക്കളയാന്‍ ഇനിയും മടിച്ചുനില്‍ക്കണം?

സൈനിക നടപടികള്‍ ആരംഭിച്ചാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെങ്കില്‍ സൈനിക നടപടി ഇല്ലാത്തപ്പോഴും ഇത് തന്നെയല്ലേ സംഭവിക്കുന്നതെന്ന മറുചോദ്യമുന്നയിക്കേണ്ടി വരും. ഇന്ന് ഛത്തീസ്ഗഢില്‍ എഴുപതിലധികം നിരപരാധികളായ സൈനികര്‍ ബലിയാടുകളായി. നാളെ ഒരു പക്ഷെ മറ്റൊരു ആക്രമണത്തില്‍ ഈ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സമാധാനത്തിന്‍റെ വെള്ളക്കൊടി നക്സലുകള്‍ക്ക് വേണ്ടി ഉയര്‍ത്തുന്നത് മണ്ടത്തരമാണെന്ന് കഴിഞ്ഞകാല അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കാരണം സ്വയം അടിപതറുമ്പോള്‍ സമാധാനം എന്ന ആശയത്തോട് സഹകരിക്കുകയും വീണ്ടും ശക്തി കൈവരിക്കുമ്പോള്‍ തനിസ്വഭാവം പുറത്തെടുക്കുകയും ചെയ്യുന്നതാണ് നക്സലുകളുടെ കഴിഞ്ഞകാല രീതി. ആയിരക്കണക്കിനാളുകള്‍ നിറഞ്ഞ യാത്രാ തീവണ്ടികള്‍ മണിക്കൂറുകളോളം തടഞ്ഞിടാന്‍ പോലും ഇവര്‍ തുനിഞ്ഞ സാഹചര്യത്തില്‍ ഇനിയും മാവോയിസ്റ്റുകളോട് അയഞ്ഞ സമീപനം സ്വീകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തന്നെ പറയേണ്ടിവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :