ഐസ്ക്രീംകേസ് രണ്ടാമതും വാര്‍ത്താമാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചപ്പോള്‍ വിഎസിന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി മായുകയാണോ? ഇനിയും ഭരണ സാരഥ്യമെന്ന വിഎസിന്റെ പറയാത്തമോഹം പൂക്കും മുമ്പേ പൊലിയുകയാണോ?
റൌഫും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള പോര് മുറുകുകയും കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തമ്മിലുള്ള തമ്മിലടി ശക്തമാവുകയും ചെയ്തപ്പോള്‍ യുഡിഎഫിലെ രണ്ടാമത്തെ കക്ഷി തകര്‍ന്നടിഞ്ഞു എന്ന് തന്നെ ഇടതുപക്ഷ സഹയാത്രികര്‍ കരുതി. എന്നാല്‍, പതുക്കെ സംഭവങ്ങളുടെ ഗതി മാറിമറിയുകയായിരുന്നു.
ഐസ്ക്രീമിന്റെ മധുരം നുണഞ്ഞിരുന്നവര്‍ പെണ്‍വാണിഭക്കാരെ കൈയാമം വച്ച് നടത്തുമെന്ന വിഎസിന്റെ പ്രസ്താവന ‘തന്നെയും പിന്നെയും’ നുണഞ്ഞിരുന്നവര്‍ക്ക് പെട്ടെന്നായിരുന്നു പി ശശിയുടെ രൂപത്തില്‍ തിരിച്ചടി ലഭിച്ചത്. ശശിയെ പരസ്യമായി വിമര്‍ശിച്ചപ്പോള്‍ ശശി വിഎസിനെതിരെ എഴുതിയ കത്ത് പരസ്യമാക്കി. രണ്ടുപേരും പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ തെറ്റിക്കുകയും ചെയ്തു.
എന്നാല്‍, അവിടെയൊന്നും ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് സ്വപ്നങ്ങള്‍ക്ക് പാളം തെറ്റാന്‍ സമയമായിട്ടില്ലായിരുന്നു. പിജെ ജോസഫിന്റെ ‘വിമാന വിനോദം’ അടുത്ത ചൂടന്‍ വാര്‍ത്തയാകുമെന്ന് വിഎസ് ക്യാമ്പില്‍ നിന്ന് സന്ദേശങ്ങളും വന്നു തുടങ്ങിയിരുന്നു. അപ്പോഴേക്കും ആര്‍ ബി പിള്ള എന്ന കേരള കോണ്‍ഗ്രസ് കരുത്തന്‍ ഇടമലയാര്‍ കേസില്‍ അകത്തായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായ ഈ അകത്താകല്‍ ഇടതുമുന്നണിയെ ഏറെ സന്തോഷിപ്പിച്ചു.
അടുത്ത ദിവസങ്ങളില്‍, ടി എം ജേക്കബും കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതി ക്രമക്കേടില്‍ സമാനമായ രീതിയില്‍ കുടുക്കിലാവുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. അതേസമയം, പ്രശ്നങ്ങളില്‍ പെട്ടുഴലുന്ന നേരത്ത് സ്വയം കുഴപ്പങ്ങളുണ്ടാക്കാനും യുഡിഎഫ് മടികാണിച്ചില്ല. കെ എം മാണിക്ക് പെട്ടെന്നുണ്ടായ ജോസഫ് സ്നേഹത്തിന്റെ ഭാഗമായി തൊടുപുഴ സീറ്റില്‍ ജോസഫിനെ മത്സരിപ്പിക്കാമെന്ന് സ്വയം തീരുമാനമെടുത്തതായിരുന്നു യുഡിഎഫിനെ അകത്തുനിന്ന് പിടിച്ചുകുലുക്കിയത്. എന്നാല്‍, അതൊക്കെ സമാധാനപൂര്‍വം പറഞ്ഞൊതുക്കാന്‍ ശ്രമിക്കുന്നതിനിടെ അഴിമതിക്കെതിരെയുള്ള ഐക്കണ്‍ പോരാളിയായ വിഎസിന്റെ മകനെ തന്നെ മറുപക്ഷത്തിന് കരുവായി ലഭിച്ചു.
ചന്ദന മാഫിയയില്‍ നിന്ന് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ഖാദറെന്നയാള്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണം എന്നായിരുന്നു യുഎഡിഎഫിന്റെ ആദ്യ വെടി. ഇതുകൊണ്ടൊന്നും സംഭവങ്ങള്‍ അവസാനിക്കില്ല എന്നായിരുന്നു അരുണ്‍കുമാറിനെ ലോട്ടറി മാഫിയയുമായി ബന്ധപ്പെടുത്തി തൊട്ടടുത്ത ദിവസം വന്ന വാര്‍ത്തകള്‍. അരുണ്‍കുമാറും ഭാര്യയും ലോട്ടറി കേസുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടത്തിയെന്ന് രാംകുമാര്‍ എന്ന ഹൈക്കോടതി അഭിഭാഷകന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഈ വിഷയം വരും ദിവസങ്ങളിലും ചൂടായി തന്നെ നിലനില്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ഇടമലയാര്‍ കേസിലും ഐസ്ക്രീം കേസ് രണ്ടാമത് ഉയര്‍ന്ന് വന്നതിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന ആരോപണം നിലനില്‍ക്കെയാണ് അരുണ്‍കുമാറിനെതിരെയുള്ള ആരോപണം ഇടതുപക്ഷത്തിന് തിരിച്ചടിയാവുന്നത്. ഇതെ കുറിച്ച് ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്ന് സിപിഎം നേതാവ് സീതാറാം യച്ചൂരിയും ഉറപ്പ് നല്‍കിക്കഴിഞ്ഞു. എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാമെന്ന വിഎസിന്റെ ആഗ്രഹത്തിന്റെ കടയ്ക്കല്‍ വീണ കത്തിയാണ് മകനെ കുറിച്ചുള്ള ആരോപണങ്ങള്‍.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തിയതില്‍ വ്യവസായ മന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി 15 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന വാര്‍ത്തയും വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മേല്‍ക്കൈ ഇല്ലാതാക്കുകയാണ്. അടുത്തിടെ വളരെയധികം ആഹ്ലാദചിത്തനായി കണ്ട വിഎസിന് ഇനി തിരിച്ചടിയുടെ കാലമാണോ? കാത്തിരുന്നു കാണാം.