‘ലൈംഗികാവയവങ്ങള്‍ക്ക് വലുപ്പം കൂട്ടാന്‍ മരുന്ന്’ എന്ന പേരില്‍ നെറ്റിലും പത്രമാധ്യമങ്ങളിലും പരസ്യം നല്കി വ്യാജമരുന്ന് വില്‍ക്കുന്ന അന്തര്‍സംസ്ഥാന തടിപ്പുസംഘം കേരളത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടുന്നതായി പൊലീസ് വെളിപ്പെടുത്തല്‍. സ്തനവളര്ച്ചയ്ക്കായി 'സാംസെയില് കോര്പറേഷന്' എന്ന തട്ടുപ്പുകമ്പനിയില് നിന്ന് വ്യാജമരുന്ന് വാങ്ങി കബളിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് പൊലീസ് ലൈംഗികാവയവ വളര്‍ച്ചയ്ക്കെന്ന പേരില്‍ വ്യാജമരുന്ന് വിതരണം ചെയ്യുന്ന തട്ടിപ്പുസ്ഥാപനങ്ങളെ പറ്റി കണ്ടെത്തിയത്.
എത്ര ചെറിയ ലിംഗമായാലും മരുന്ന് പുരട്ടിയാല്‍ മൂന്നിഞ്ചോ അതില്‍ കൂടുതലോ വളരുമെന്നാണ് ഈ തട്ടിപ്പുസംഘങ്ങള്‍ പ്രചരിപ്പിക്കുന്നത്. സ്തനമാകട്ടെ ഇരട്ടിയിലധികം വലുതാകുമെന്നും. 'ആനന്ദലബ്ധിക്കിനിയെന്ത് വേണം' എന്ന് ചിന്തിച്ച് ഇല്ലാത്ത പണമുണ്ടാക്കി ഈ മരുന്ന് വാങ്ങിപ്പുരട്ടിയ യുവതീയുവാക്കള്‍ ഇപ്പോള്‍ അങ്കലാപ്പിലാണ്. പ്രയോജനം ഇല്ലെന്നത് പോട്ടെ, വല്ല അലര്‍ജിയും ഉണ്ടാകുമോ എന്ന പേടിയിലാണിവര്‍.
ലിംഗത്തിലോ സ്തനത്തിലോ പുരട്ടാനുള്ള ഓയിന്റ്മെന്റിന് 1200 മുതല്‍ 1600 രൂപ വരെയാണ് തട്ടിപ്പുസംഘങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഇന്റര്‍നെറ്റ് അടക്കമുള്ളവയില്‍ വരുന്ന പരസ്യങ്ങള്‍ കണ്ട് ഫോണ്‍ ചെയ്താല്‍ മതി. ആരുമറിയാതെ കമ്പനിയുടെ ഏജന്റുമാര്‍ സമീപിക്കുകയായി. ആരും കാണാത്തിടത്തെത്തിയാണ് യുവതീയുവാക്കള്‍ മരുന്ന് ഏറ്റുവാങ്ങുക. കാരണം, ലിംഗ/സ്തന വളര്‍ച്ചയ്ക്കുള്ള മരുന്ന് വാങ്ങി ഉപയോഗിച്ചെന്ന് കൂട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടാണല്ലോ!
മരുന്ന് പുരട്ടിയ യുവാക്കള്‍ പറയുന്നത് മൂന്നിഞ്ച് പോയിട്ട് അരയിഞ്ച് പോലും ലിംഗം വലുതായില്ല എന്നാണ്. എന്നാല്‍ ഈ മരുന്ന് സ്തനങ്ങളില്‍ പുരട്ടിയ യുവതികള്‍ക്ക് അല്പം സംതൃപ്തിയുണ്ട്. കാരണം, അര മണിക്കൂര്‍ നേരത്തേക്ക് സ്തനങ്ങള്‍ വിജൃംഭിപ്പിച്ച് നിര്‍ത്താന്‍ മരുന്നിന് ആകുന്നുണ്ടെത്രെ. എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞാല്‍ എല്ലാം ‘പഴയപടി’ തന്നെ!
കബളിപ്പിക്കപ്പെട്ടിട്ടും ആരും പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല എന്ന് പൊലീസ് പറയുന്നു. പരാതിപ്പെട്ടാന്‍ തങ്ങള്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പുറത്തറിയുമെന്ന ഭയമാണത്രേ പരാതിപ്പെടുന്നതില്‍ നിന്ന് കബളിപ്പിക്കപ്പെടുന്നവരെ തടയുന്നത്. ഈ സാഹചര്യം തട്ടിപ്പുസംഘങ്ങളെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നിര്‍ബാധം വിഹരിക്കാന്‍ അനുവദിക്കുന്നു.
എറണാകുളം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തിലുളള പോലീസാണ് വ്യാജമരുന്നുകള്‍ പിടികൂടിയത്. കിംഗ്കോബ്ര, ബ്രസ്റ്റ് കോപ്, പേഴ്സണല്‍ ഫാഷന്‍, അപ്രിലിറ്റ്, ഹിമാലയ നയാഗ്ര, പുഷ്പ മെയില്‍ തുടങ്ങി വിവിധ പേരുകളില്‍ നിരവധി വ്യാജ ഉല്പന്നങ്ങള് 'സാംസെയില് കോര്പറേഷന്' വിതരണം ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുസംഘത്തിലെ ഒരാളായ കോട്ടയം സ്വദേശിയായ സോമരാജനെ (43) ആലുവയിലെ ഒരു ലോഡ്ജില്‍ നിന്ന് പൊലീസ് പിടികൂടുകയും ചെയ്തു.
‘വളര്‍ച്ചാ’ വ്യാജമരുന്ന് വില്പനയ്ക്കായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നത് നിരവധി ഏജന്റുമാരാണെന്ന് പൊലീസ് പറയുന്നു. ബംഗളുരുവിലെ ഒരു സാധാരണകമ്പനിയുടെ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് അവിടെവച്ചാണു നിര്‍മ്മാണം. സംസ്ഥാനത്തെ മൊത്തവിതരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത് കോട്ടയം കുമരനല്ലൂരില്‍. 'ആയുര്ധന്' എന്ന സ്ഥാപനത്തിലേക്ക് ബംഗളുരുവില്നിന്നെത്തിക്കുന്ന മരുന്നുകളത്രയും വിതരണം ചെയ്യാന്‍ വിപുലമായ ശൃംഖല വേറേ. അതിലൊരു കണ്ണിയാണ് സോമരാജന് എന്നും പൊലീസ് പറയുന്നു.
പിടിച്ചെടുത്ത മരുന്നുകള്‍ കാക്കനാട് മെഡിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. എങ്കിലേ ഈ മരുന്നുകള്‍ എന്തെങ്കിലും ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമോ എന്ന് വ്യക്തമാകുകയുളളൂ.