മീറ്റര്‍ റീഡിംഗ്: പിഴ ഒഴിവാക്കാന്‍ വഴികളേറെ, തിരക്കിട്ട് നടപടിയുമില്ല

മീറ്റര്‍ റീഡിംഗ്, വൈദ്യുതി, ആര്യാടന്‍, കെ എസ് ഇ ബി
തിരുവനന്തപുരം| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (21:12 IST)
രണ്ടുതവണയിലേറെ വൈദ്യുതി മീറ്റര്‍ റീഡിംഗ് എടുക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്നവരുടെ മേല്‍ കേരള സപ്ലൈ കോഡ് അനുശാസിക്കുന്ന പിഴ ഈടാക്കുന്നതിനുമുമ്പ് ഇതുമായി ബന്ധപ്പെട്ട് ചില മുന്‍ കരുതലുകളെടുക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

വീടിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നതുമൂലം റീഡിംഗ് എടുക്കാന്‍ കഴിയാതെ വരുന്ന സ്ഥിതി ഒഴിവാക്കാന്‍ വേണ്ടിയാണ് റഗുലേറ്ററി കമ്മീഷന്‍ നിഷ്കര്‍ഷിച്ച ഈ നിയമം നടപ്പാക്കുന്നത്.

ഗേറ്റ് പൂട്ടിയതിനാല്‍ തുടര്‍ച്ചയായ രണ്ടുതവണ റീഡിംഗ് എടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായാല്‍ ആദ്യം ഉപഭോക്താവിന് നോട്ടീസ് നല്കും. അതിനുശേഷം, പിഴയീടാക്കി മീറ്റര്‍ റീഡിംഗ് എടുക്കാന്‍ സൗകര്യമൊരുക്കാന്‍ ഏഴുദിവസം അനുവദിക്കും. ഈ സമയത്തിനുള്ളില്‍ അതിനുള്ള സൗകര്യം ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കാനാണ് നിയമമുള്ളത്. ഇങ്ങനെ വിച്ഛേദിച്ചാല്‍ റീ കണക്ഷന്‍ നല്കുന്നത് കുടിശ്ശിക തീര്‍ത്തതിനുശേഷം മാത്രമാവും എന്നാണ് നിയമം അനുശാസിക്കുന്നത്.

നടപടി ബാധിക്കുക ആരെ?

ഇപ്പോഴത്തെ നടപടി ജോലിക്കും മറ്റുമായി വീടുപൂട്ടിപ്പോകുന്നവരെയല്ല കൂടുതലും ബാധിക്കുന്നത്. കേരളത്തില്‍ ഏതാണ്ട് എട്ടു ലക്ഷത്തിലധികം വീടുകള്‍ ആരും ഉപയോഗിക്കാതെ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായി ആധികാരികമായ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇവയില്‍ മിക്കതിലും കുറെയൊക്കെ വൈദ്യുതി ഉപഭോഗവും നടക്കുന്നുണ്ട്. എന്നാല്‍, ഈ കോമ്പൗണ്ട് പൂട്ടിക്കിടക്കുന്നതിനാല്‍ ഇവിടെയൊന്നും റീഡിംഗ് എടുക്കാന്‍ കഴിയാറില്ല. പുതിയ നിയമം പ്രധാനമായും ബാധിക്കുക ഇത്തരം സാഹചര്യങ്ങളെയാവും.

സ്പെഷ്യല്‍ മീറ്റര്‍ റീഡിംഗിനും സാദ്ധ്യത

എന്നാല്‍, ഇതിനെക്കുറിച്ചുള്ള വാര്‍ത്ത
മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍ത്തന്നെ പലതരത്തിലുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുകണ്ടു. ഒരു വീട്ടിലെ രണ്ടുപേരും ജോലിക്കുപോകുമ്പോള്‍ ഗേറ്റ് പൂട്ടിപ്പോകുന്നതിനാല്‍ മീറ്റര്‍ റീഡിംഗ് എടുക്കാനാവതെ വന്നാല്‍ പിഴ ആവില്ലേ എന്ന സംശയമാണ് ഇതില്‍ ആദ്യം കേട്ടത്. മീറ്റര്‍ റീഡിംഗ് സാധാരണമായി 60 ദിവസം കൂടുമ്പോഴാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, റീഡിംഗ് എടുക്കാന്‍ ആള്‍ വരുന്ന സമയത്തെക്കുറിച്ച് ഏകദേശധാരണ മിക്ക ഉപഭോക്താക്കള്‍ക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വീടുപൂട്ടി ജോലിക്കുപോകുന്നവര്‍ക്ക് ഇങ്ങനെ പ്രശ്നം ഉണ്ടാകുന്നതായുള്ള പരാതികള്‍ നന്നേ കുറവാണ് എന്നതുതന്നെ ഇതിന്റെ തെളിവാണ്. ജോലിക്കുപോകുന്നതുമൂലം ഗേറ്റ് തുറന്നിടാന്‍ കഴിയാത്തവര്‍ക്ക് വേണമെങ്കില്‍ അവര്‍ക്ക് താല്‍‌പ്പര്യമുള്ള ദിവസം അമ്പതു രൂപ ഫീ ഒടുക്കി സ്പെഷ്യല്‍ മീറ്റര്‍ റീഡിംഗ് എടുപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഇത് സെക്ഷനില്‍ നേരത്തെ അറിയിക്കണമെന്നുമാത്രം.

അഡ്വാന്‍സ് തുക വഴി പിഴ ഒഴിവാക്കാം

ദീര്‍ഘകാലം വീടുപൂട്ടി പോകുന്നവര്‍ക്ക്, വിശേഷിച്ച് പ്രവാസികള്‍ക്ക്, അവരുടെ വീട്ടിലെ ശരാശരി ഉപഭോഗം മനസ്സിലാക്കി അത്രയും കാലത്തെ മിനിമം തുക മുന്‍‌കൂറായി അടച്ചാല്‍ ഇത്തരം പിഴയില്‍ നിന്നൊഴിവാകാം. മീറ്റര്‍ റീഡിംഗിന് സൗകര്യമില്ലെങ്കില്‍ അക്കാര്യം സെക്ഷനില്‍ അറിയിക്കുകയും വേണം.

കെ എസ് ഇ ബി എടുക്കാനിരിക്കുന്ന നടപടികള്‍

ഓരോ ഇലക്ട്രിക്കല്‍ സെക്ഷനിലും എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഗേറ്റ് അഥവാ കെട്ടിടം പൂട്ടിക്കിടക്കുന്നതിനാല്‍ പല തവണ മീറ്റര്‍ റീഡിംഗ് അസാദ്ധ്യമാകുന്നു എന്ന് കണക്കെടുക്കും. ഈ ഉപഭോക്താക്കളെ ഇതുമായ ബന്ധപ്പെട്ട വിവരം ധരിപ്പിക്കാന്‍ ആദ്യം നടപടിയെടുക്കും. മീറ്റര്‍ റീഡിംഗ് എടുക്കുന്ന ഏകദേശ ദിവസമെങ്കിലും അറിയിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ കെ എസ് ഇ ബിയുടെ ഓണ്‍‌ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഈ സേവനം ആവശ്യമായ 'ഡോര്‍ ലോക്‍ഡ്' ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കാന്‍ ശ്രമിക്കും.

സ്മാര്‍ട്ട് മീറ്റര്‍ പരിഹാരമാവും

ദീര്‍ഘകാലം വീടുപൂട്ടിയിടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും മീറ്റര്‍ റീഡിംഗ് സെക്ഷനില്‍ നേരിട്ട് ലഭ്യമാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ താമസിയാതെ അതിന് സ്മാര്‍ട്ട് മീറ്ററിംഗ് സൗകര്യമൊരുക്കാനും കെ എസ് ഇ ബി ആലോചിക്കുന്നുണ്ട്. ഇതാകുമ്പോള്‍ ഓണ്‍‌ലൈന്‍ ആയിത്തന്നെ മീറ്റര്‍ റീഡിംഗ് സെക്ഷനിലെത്തുകയും ബില്ല് വെബ് പോര്‍ട്ടലില്‍ ഉപഭോക്താവിന്റെ രജിസ്ട്രേഡ് ഐഡിയിലെത്തുകയും ചെയ്യും. ഓണ്‍‌ലൈന്‍ ആയിത്തന്നെ ബില്‍ തുക നല്‍‌കാനും കഴിയും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫീസ് ഒടുക്കണമെന്നുമാത്രം. ഇത് ഒരു വര്‍ഷത്തിനകം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ.

ആശങ്കകള്‍ ദൂരീകരിച്ചശേഷം മാത്രം നടപടി

ഈ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ ദൂരീകരിച്ചശേഷം മാത്രം അത് നടപ്പാക്കിയാല്‍ മതിയെന്ന ഊര്‍ജ്ജമന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം കെ എസ് ഇ ബി ഇക്കാര്യത്തില്‍ നടപടികള്‍ തിരക്കിട്ട് എടുക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേല്‍‌പ്പറഞ്ഞ രീതിയിലുള്ള അറിയിപ്പുകള്‍ നല്‍കാനും സ്പെഷ്യല്‍ മീറ്റര്‍ റീഡിംഗിനും ഡോര്‍ ലോക്‍ഡ് ഉപഭോക്താക്കള്‍ അവരുടെ വിവരം സെക്ഷനില്‍ അറിയിക്കാനും മറ്റും സൗകര്യം ഉറപ്പാക്കിയശേഷമേ ഇത് നടപ്പാക്കുകയുള്ളൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :