മീഡിയാ സിന്‍ഡിക്കേറ്റിനെതിരെ രജനീകാന്തും!

രമേഷ് നായര്‍, ചെന്നൈ

Rajanikanth
അവിനാഷ്. ബി|
PRO
PRO
മാധ്യമങ്ങള്‍ പഴി കേള്‍ക്കേണ്ടി വരുന്നത് പിണറായി വിജയന്‍ അടക്കമുള്ള ഇടതുമുന്നണി നേതാക്കളില്‍ നിന്ന് മാത്രമല്ല. സാക്ഷാല്‍ തമിഴ് സൂപ്പര്‍‌സ്റ്റാര്‍ രജനീകാന്തില്‍ നിന്നും കൂടിയാണ്. മാധ്യമങ്ങള്‍ക്ക് ധാര്‍മിക ഉത്തരവാദിത്തമോ കരുണയോ സത്യസന്ധതയോ ഇല്ലെന്നാണ് തമിഴ് മന്നന്‍ രജനീകാന്ത് പറഞ്ഞത്. സിനിമാരംഗം മാംസവ്യാപാരത്തിന്റെ കൂത്തരങ്ങാണ് എന്ന് തമിഴ് മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നലെയാണ് രജനീകാന്ത് ‘മീഡിയാ സിന്‍ഡിക്കേറ്റി’നെതിരെ ആഞ്ഞടിച്ചത്.

ചെന്നൈയില്‍ ശാസ്ത്രിഭവനിലെ ഒരു ഫ്ലാറ്റില്‍ മാംസവ്യാപ്യാരം നടത്തിയിരുന്ന നടി ഭുവനേശ്വരിയും കൂട്ടാളികളും അറസ്റ്റിലായതോടെ തമിഴ് മാധ്യമങ്ങള്‍ ഉണര്‍ന്നു. ഭുവനേശ്വരി പൊലീസിന് കൈമാറിയിരുന്ന നക്ഷത്രവേശ്യകളുടെ ലിസ്റ്റും സഹായത്തിനായി മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മലയാള നടിമാരടക്കമുള്ള ഒരുഡസനോളം നക്ഷത്രവേശ്യകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് തമിഴകത്തെ മാധ്യമങ്ങള്‍ ഞെട്ടിച്ച് കളഞ്ഞു. പുതുമുഖ നടിമാര്‍ തൊട്ട് പഴയ നായികമാര്‍ വരെ നീളുന്ന നക്ഷത്രവേശ്യകളെ പറ്റി പരമ്പരകളും മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയതോടെ കോടമ്പാക്കം ഉണര്‍ന്നു.

തമിഴ്‌നാട് നടികര്‍ സംഘത്തിന്റെ (തമിഴ് താര സംഘടന) ആഭിമുഖ്യത്തില്‍ കമ്മീഷണര്‍ ഓഫീസ് പിക്കറ്റ് ചെയ്യുനതുവരെയെത്തി കാര്യങ്ങള്‍. മാധ്യമങ്ങളുടെ ഓഫീസില്‍ അതിക്രമിച്ചുകയറി വേണ്ടത് ചെയ്യാന്‍ അറിയാമെന്നാണ് നടന്‍ വിജയകുമാര്‍ (ഈ നടന്റെ ഭാര്യയെ പറ്റിയും മാധ്യമങ്ങളില്‍ പരാമര്‍ശം ഉണ്ടായിരുന്നു) കമ്മീഷണറോട് പറഞ്ഞത്. എന്തായാലും നക്ഷത്രവേശ്യകളുടെ ലിസ്റ്റും ഫോട്ടോകളും ആദ്യം പ്രസിദ്ധീകരിച്ച ദിനമലര്‍ എന്ന തമിഴ് ദിനപ്പത്രത്തിന്റെ വാര്‍ത്തവിഭാഗം മേധാവിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രശ്നം ഗുരുതരമായിരിക്കുകയാണ്.

ഇതിനിടയിലാണ് ബുധനാഴ്ച നടികര്‍ സംഘത്തിന്റെ ഔദ്യോഗികയോഗം നടന്നത്. മാധ്യമങ്ങള്‍ സിനിമയെയും സിനിമാപ്രവര്‍ത്തകരെയും കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്ന് താരങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്കെതിരെ കോപാവേശത്തോടെയാണ് രജനീകാന്ത് സംസാരിച്ചത്.

“എനിക്ക് കോപം വന്നാല്‍ അധികം സംസാരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ കോപം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാന്‍. മാധ്യമങ്ങളില്‍ നമ്മളില്‍ ചിലരുടെ ഫോട്ടോ കണ്ടത് തൊട്ട് ഞാനാകെ ‘അപ്സറ്റ്’ ആണ്. രണ്ടുവേള ഭക്ഷണം കഴിക്കാന്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളെ പൊലീസ് പിടിച്ച് കൊണ്ടുപോകുന്ന പടവും അവര്‍ പറയുന്ന ‘സങ്കല്‍‌പ ലിസ്റ്റും’ പ്രസിദ്ധീകരിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നത്?”

“പ്രിയ സിനിമാ സുഹൃത്തുക്കളേ, നിങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയാം. നിങ്ങളുടെ ബന്ധുക്കള്‍ക്കും മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അറിയാം. എല്ലാറ്റിനും ഉപരിയായി ഈശ്വരനും അറിയാം. മാധ്യമങ്ങളില്‍ വരുന്നതൊക്കെ വിട്ടുകളയൂ. മാധ്യമങ്ങള്‍ എഴുതിവിടുന്നതിനെല്ലാം തെളിവ് വേണം. അതില്ലാതെ വെറുതെ എഴുതിവിട്ടാല്‍ അനന്തരഫലം അനുഭവിക്കേണ്ടിവരും. ദിനമലര്‍ ന്യൂസ് എഡിറ്റര്‍ ഈ അനന്തരഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്” - രജനീകാന്ത് പറഞ്ഞു.

സിനിമാരംഗത്തെ മാംസവ്യാപാരത്തെ പറ്റി എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ‘ഉന്നതങ്ങളില്‍ പിടിയുള്ള’, രജനീകാന്ത് അടക്കമുള്ള താരങ്ങള്‍ സര്‍ക്കാരില്‍ നിര്‍ബന്ധം ചെലുത്തുകയാണ്. ദിനമലര്‍ ന്യൂസ് എഡിറ്ററെ അറസ്റ്റുചെയ്തതോടെ ആദ്യ വിജയം താര സംഘടന ഉറപ്പാക്കിക്കഴിഞ്ഞു. അടുത്തത് മാധ്യമങ്ങളുടെ ഊഴമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ഒരു സിനിമാക്കാരന്‍ എന്നതിലുപരി ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പൊലീസ് നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുകയാണ് തമിഴ് മാധ്യമങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :