മദനിയുടെ അറസ്റ്റ്: ബുദ്ധി ഹര്‍ഷിതയുടേത്

WEBDUNIA|
PRO
പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ക്രമസമാധാനപ്രശ്നങ്ങളും ‘പേരുദോഷ’വുമില്ലാതെ അറസ്റ്റു ചെയ്യാന്‍ കര്‍ണാടക പൊലീസിന് കഴിഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രം കൊല്ലം എസ് പി ഹര്‍ഷിത അട്ടല്ലൂരിയുടേതാണ്. ഇവര്‍ നടത്തിയ രഹസ്യവും ശക്തവും ബുദ്ധിപരവുമായ നീക്കങ്ങളാണ് പ്രതിഷേധങ്ങള്‍ക്കിട നല്‍കാതെ അറസ്റ്റ് സാധ്യമാക്കിയത്.

അറസ്റ്റിനുള്ള ക്രമീകരണങ്ങള്‍ ഹര്‍ഷിത അട്ടല്ലൂരി ശ്രദ്ധയോടെ പൂര്‍ത്തിയാക്കുമ്പോള്‍ അന്‍‌വാര്‍ശ്ശേരിയില്‍ പൊലീസും ഇടതുമുന്നണി സര്‍ക്കാരും ഒരു നാടകം കളിക്കുകയാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നു. എന്നാല്‍ ഉറച്ച മനസോടെ പഴുതുകളടച്ച് മദനിയെ അറസ്റ്റ് ചെയ്യാനുള്ള തന്ത്രമാണ് ഹര്‍ഷിത മെനഞ്ഞത്. ഈ പദ്ധതിക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചത് ബാംഗ്ലൂര്‍ ജോയിന്‍റ് കമ്മീഷണര്‍ അലോക് കുമാര്‍.

പൊലീസിലെ ഉന്നതരെപ്പോലും പ്ലാനിംഗ് രഹസ്യങ്ങള്‍ ഹര്‍ഷിതയും അലോകും അറിയിച്ചില്ല. മദനിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കുന്നത് പൊലീസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് ഇരുവരും കണക്കുകൂട്ടി. പൊലീസ് അകമ്പടിയോടെ അറസ്റ്റുവാറണ്ടുള്ള മദനി കോടതിയിലെത്തുന്നത് അനുവദിക്കാനാകില്ല. എന്നാല്‍ അന്‍‌വാര്‍ശ്ശേരിക്കുള്ളില്‍ കടന്ന് ഒരു നാടകീയത സൃഷ്ടിച്ച് മദനിയെ അറസ്റ്റ് ചെയ്യുന്നതും ബുദ്ധിയല്ലെന്ന് കൊല്ലം എസ് പി കണക്കുകൂട്ടി.

അന്‍‌വാര്‍ശ്ശേരി പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കിയതോടെ വലിയ പ്രതിഷേധത്തിനുള്ള സാധ്യത കുറഞ്ഞു. ഈ നിലയില്‍ തന്നെ രണ്ടുമൂന്നു ദിവസങ്ങള്‍ പിന്നിട്ടതോടെ പി ഡി പി നേതൃത്വം പോലും അറസ്റ്റുണ്ടാകില്ലെന്ന ചിന്താഗതിയിലേക്ക് നീങ്ങി. കേരള പൊലീസ് അറസ്റ്റ് നീട്ടിവയ്ക്കുന്നത് മദനിയെ സഹായിക്കാനാണെന്ന ധാരണ പരക്കാന്‍ ഇത് ഇടയാക്കി. പി ഡി പി നേതൃത്വവും അങ്ങനെ വിശ്വസിച്ചെന്നു വേണം കരുതാന്‍.

കേരള പൊലീസിന്‍റെ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍, മദനി കോടതിയില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് പി ഡി പി നേതൃത്വം തീരുമാനിച്ചു. സുപ്രീം കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതു വരെ അറസ്റ്റിന് വഴങ്ങാതിരുന്നാല്‍, കോടതി ഇടപെടല്‍ അറസ്റ്റ് അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സഹായകമാകുമെന്ന് അവര്‍ കണക്കുകൂട്ടിയിരിക്കണം. ശാസ്താംകോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മദനി കീഴടങ്ങുമെന്ന് മദനിയുടെ അഭിഭാഷകനും കരുനാഗപ്പള്ളി കോടതിയിലായിരിക്കും കീഴടങ്ങുകയെന്ന് പൂന്തുറ സിറാജും അറിയിച്ചതോടെ പൊലീസിന് ആശയക്കുഴപ്പമായി.

സുപ്രീം‌കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ് നടക്കാതിരിക്കുകയും കീഴടങ്ങാതിരിക്കുകയും ചെയ്താല്‍ താല്‍ക്കാലിക ആശ്വാസത്തിന് വക ലഭിക്കുമെന്ന് പി ഡി പി നേതൃത്വം പ്രതീക്ഷിച്ചു. മദനിയെ അറസ്റ്റു ചെയ്യാന്‍ കൊല്ലം എസ് പിയും ബാംഗ്ലൂര്‍ ജോയിന്‍റ് കമ്മീഷണറും തീരുമാനിച്ചത് ഈ ഘട്ടത്തിലാണ്. മദനിയെ കീഴടങ്ങാന്‍ അനുവദിക്കുമെന്ന ധാരണ നിലനിര്‍ത്തി അറസ്റ്റു ചെയ്യുക എന്നതായിരുന്നു തന്ത്രം. അന്‍‌വാര്‍ശ്ശേരിയില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കുമുമ്പ് പുറത്തിറങ്ങിയില്ലെങ്കില്‍ പൊലീസ് അകത്തുകയറുമെന്ന് അന്ത്യശാസനം നല്‍കിയത് ഇതിന്‍റെ ഭാഗമാണ്. മദനി കോടതിയില്‍ കീഴടങ്ങാനായി അന്‍‌വാര്‍ശ്ശേരിയില്‍ നിന്ന് പുറപ്പെടാനൊരുങ്ങിയതോടെ പൊലീസ് ഉള്ളില്‍ കടന്ന് അറസ്റ്റ് നടപ്പാക്കി.

പ്രതിഷേധങ്ങള്‍ക്കോ എതിര്‍പ്പുകള്‍ക്കോ ഇടകൊടുക്കാതെ മദനിയുടെ വാഹനത്തിന്‍റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. മദനിയും സൂഫിയയും ഒരു സഹായിയും മാത്രം ആ വാഹനത്തില്‍ മതിയെന്ന് ഹര്‍ഷിത അട്ടല്ലൂരി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കര്‍ണാടക പൊലീസ് അറസ്റ്റ് വാറണ്ട് വായിച്ചുകേള്‍പ്പിക്കുകയും മദനിയെ ഏറ്റെടുക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :