പ്രാണ്‍ ‍- നായകരേക്കാള്‍ പ്രതിഫലം വാങ്ങിയ വില്ലന്‍

മുംബൈ| WEBDUNIA|
PRO
ഒരു കാലഘട്ടത്തിന്റെ പ്രിയ വില്ലനായിരുന്നു പ്രാണ്‍. ഹിന്ദിസിനിമയില്‍ ഒട്ടേറെ വേഷങ്ങള്‍ 40-കള്‍ മുതല്‍ 90-കള്‍വരെ അവതരിപ്പിച്ചെങ്കിലും ബോളിവുഡില്‍ വില്ലന്‍വേഷങ്ങള്‍ക്ക് പുതിയഭാവം നല്‍കിയ വ്യക്തി എന്നായിരിക്കും ചരിത്രം പ്രാണിനെ രേഖപ്പെടുത്തുക.

മിക്ക നായക നടന്മാരെക്കാളും ഒരു കാലഘട്ടത്തില്‍ പ്രതിഫലം വാങ്ങിയിരുന്നു പ്രാണ്‍ എന്നത് ഒരു കാലഘട്ടത്തിന്റെ വിസ്മയമാണ്. പ്രാണ്‍ സ്വഭാവ നടനായിരുന്ന കാലത്ത് രാജേഷ് ഖന്ന മാത്രമായിരുന്നു പ്രാണിനെക്കാളേറെ പ്രതിഫലം നേടിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പ്രാണ്‍ വില്ലനായതോടെ എല്ലാം മാറിമറിഞ്ഞു.

1948ല്‍ പ്രാണ്‍, ദേവാനന്ദും കാമിനി കൗശലും നായികാ നായകന്മാരായി അഭിനയിച്ച ‘സിദ്ദി’ സിനിമയില്‍ വില്ലനായി. അത് വില്ലന്‍ വേഷങ്ങളുടെ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ദിലീപ് കുമാറിന്റെയും ദേവാനന്ദിന്റെയും രാജ്കപൂറിന്റെയുമെല്ലാം സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു പ്രാണ്‍. അവരുടെ നായകവേഷങ്ങള്‍ക്ക് മിഴിവേകിയത് പ്രാണിലെ വില്ലനായിരുന്നു.

ബഡി ബഹന്‍, അമര്‍ ദീപ് (1958), ജബ് പ്യാര്‍ കിസി സെ ഹോത്താ ഹൈ (1961) പ്രശസ്തിയിലേക്ക് ഉയര്‍ത്തിയെങ്കിലും രാജ് കപൂറിനൊപ്പം ചോരി ചോരി, ജഗ്‌തേ രഹോ, ജിസ് ദേശ് മേ ഗംഗ ബഹ്തി ഹൈ തുടങ്ങിയ ചിത്രങ്ങളും പ്രാണിന്റെ അഭിനയസിദ്ധിക്ക് മാറ്റു കൂട്ടി.

ജോണി മേരാ നാം, ഗുഡ്ഡി, നയാ സമാന, പരിചയ്, സഞ്ജീര്‍, ബോബി, അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍, ദേശ് പര്‍ദേശ്, ദോസ്താനാ, കര്‍സ്, നസീബ്, ഇസി കാ നാം സിന്ദഗി, 1942- എ ലവ് സ്റ്റോറി, തേരേ മേരേ സപ്‌നേ, മൃത്യുദത്ത തുടങ്ങിയ ചിത്രങ്ങളിലും പ്രാണിന്റെ തിളക്കം കൂട്ടി. അമിതാബ് ബച്ചന്‍ നായകനായ ഒട്ടേറെ ചിത്രങ്ങളില്‍ പ്രാണ്‍ വില്ലനായും സ്വഭാവനടനായും തിളങ്ങി.

കഴിഞ്ഞ ഫെബ്രവരിയിലാണ് പ്രാണ്‍ തൊണ്ണൂറ്റി മൂന്നാം പിറന്നാള്‍ ആഘോഷിച്ചത്. അവശതകള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തിന്റെ പ്രമുഖമായ ചലച്ചിത്ര ബഹുമതി തേടിയെത്തിയത് പ്രാണിലെ നടനെ കാലം അംഗീകരിച്ചതിന്റെ മുദ്രയായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിത്തുടങ്ങിയതോടെ അഭിനയ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു പ്രാണ്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :