പിണറായിക്കെതിരെ വീണ്ടും സെബാസ്റ്റ്യന്‍ പോള്‍!

വെബ്‌ദുനിയ, ന്യൂസ് ഡെസ്ക്ക്

Sebastian Paul
WEBDUNIA|
PRO
PRO
സി‌പി‌എം ഔദ്യോഗികപക്ഷവും സി‌പി‌എം ചാനലായ കൈരളിയിലെ അവതാരകനുമായ സെബാസ്റ്റ്യന്‍ പോളും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുകയാണ്. ഒരു പ്രമുഖ മലയാള ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പിണറായിക്കും പിണറായിയെ തെറ്റിദ്ധരിപ്പിക്കുന്ന ഉപജാപകവൃന്ദത്തിനും എതിരായി ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ് സെബാസ്റ്റ്യന്‍ പോള്‍. പിണറായിയെ ഇന്ദിരയോടാണ് സെബാസ്റ്റ്യന്‍ പോള്‍ ഉപമിച്ചത്! തുറന്ന യുദ്ധത്തിന് ഒരുങ്ങിത്തന്നെയാണ് സെബാസ്റ്റ്യന്‍ പോളെന്ന് വ്യക്തം.

കേരളത്തിന്‍റെ ഇടതുപക്ഷ മനസ്സ് തകര്‍ക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം കണ്ടില്ലെന്നു നടിക്കുകയാണ് സെബാസ്‌റ്റ്യന്‍ പോള്‍ എന്ന് കഴിഞ്ഞ ദിവസം സി‌പി‌എം മുഖപ്പത്രമായ ദേശാഭിമാനി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് എതിരെയാണ് സെബാസ്‌റ്റ്യന്‍ പോള്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. മാധ്യമരംഗത്ത് നടക്കുന്ന ശ്രമങ്ങള്‍ അദ്ദേഹം അറിയാഞ്ഞിട്ടല്ലെന്നും ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലെന്നും ദേശാഭിമാനി കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തിയിരുന്നു.

മാതൃഭൂമി ദിനപ്പത്രത്തില്‍ ‘കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം’ എന്ന പരമ്പരയില്‍ വന്ന ‘സത്യാന്വേഷണം തുടരട്ടെ’ എന്ന ലേഖനത്തിന് മറുപടിയായിട്ടായിരുന്നു ദേശാഭിമാനിയുടെ ലേഖനം. മുത്തൂറ്റ് പോള്‍ വധക്കേസില്‍ മാധ്യമങ്ങള്‍ തുടരുന്ന സത്യാന്വേഷണം തുടരട്ടെയെന്ന് തന്‍റെ ലേഖനത്തില്‍ സെബാസ്‌റ്റ്യന്‍ പോള്‍ ആശംസിച്ചിരുന്നു. അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്കിയ ഈ ആശംസ പൊതുനിലപാടില്‍ നിന്ന് വിട്ടു നിന്നാല്‍ കിട്ടുന്ന കൌതുകം മൂലമാണെന്നായിരുന്നു പാര്‍ട്ടിപ്പത്രത്തിന്റെ നിലപാട്.

അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച അതേ ശൈലിയിലാണ് പിണറായിയും സി‌പി‌എമ്മും പിന്തുടരുന്നതെന്നാണ് ചാനല്‍ അഭിമുഖത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്. മാതൃഭൂമി ദിനപ്പത്രത്തില്‍ ‘കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം’ എന്ന പരമ്പരയില്‍ താന്‍ എഴുതിയ ‘സത്യാന്വേഷണം തുടരട്ടെ’ എന്ന ലേഖനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും പിണറായിയുടെ ഉപജാപകസംഘമാണ്. അവര്‍ പറയുന്ന അസത്യമാണ് പിണറായി വിജയന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

താന്‍ ഡല്‍ഹിക്ക് പോകുകയാണെന്ന് പാര്‍ട്ടി സെക്രട്ടറിയോട് പോയി പറഞ്ഞിരുന്നു. അദ്ദേഹം അപ്പോള്‍ തനിക്ക് മംഗളാശംസ നേരുകയായിരുന്നു. ഇവിടെ നില്‍‌ക്കാനോ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ആവശ്യപ്പെട്ടിരുന്നില്ല. മുത്തൂറ്റ് പോള്‍ വധക്കേസില്‍ മാധ്യമങ്ങള്‍ തുടരുന്ന സത്യാന്വേഷണം നടത്തണം എന്ന് പറഞ്ഞത് തെറ്റായി പോയിയെന്ന് തോന്നുന്നില്ല.

സത്യാന്വേഷണം നടത്തുന്ന മാധ്യമങ്ങളുടെ അവകാശത്തെ നിഷേധിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകളും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വരുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടിയുടെ സഹയാത്രികനെന്ന നിലയില്‍ തനിക്ക് കടമയുണ്ട്. പാര്‍ട്ടി സെക്രട്ടറിയെയോ പാര്‍ട്ടിയെയോ അപമാനപ്പെടുത്തുന്ന ലേഖനമല്ല താനെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. നല്ല ഉദ്ദേശ്യത്തോട് കൂടി താനെഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടു. അതിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പിണറായിയെ ഉപജാപകസംഘം തെറ്റിദ്ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

പിണറായിയെ തെറ്റിദ്ധരിപ്പിച്ച്, പൊതുസമൂഹത്തെ പാര്‍ട്ടിയോടൊപ്പം നിര്‍ത്താന്‍ സഹായിക്കുന്ന കണ്ണികളെ ഓരോന്നായി പാര്‍ട്ടി മുറിച്ചു മാറ്റുന്ന ഉപജാപക സംഘാംഗങ്ങളുടെ പേരുകളും സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തി. പ്രഭാവര്‍മ, എന്‍ മാധവന്‍ കുട്ടി, പി എം മനോജ് എന്നിവരാണ് ഈ സംഘാംഗങ്ങള്‍.

ഇടതുപക്ഷ സ്വതന്ത്രനായി ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിച്ച ഇദ്ദേഹം മൂന്നു തവണ ലോക്‌സഭാ എംപിയും ഒരു തവണ എംഎല്‍എയും ആയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാധ്യമസിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ അങ്ങനെയൊന്ന് ഇല്ല എന്ന് തുറന്നടിച്ചത് മുതല്‍ പാര്‍ട്ടിയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു സെബാസ്യന്‍ പോള്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ അദ്ദേഹത്തിന്‍റെ പേര് പോലും ഉയര്‍ന്നു കേട്ടിരുന്നില്ല. സംസ്ഥാന നേതാക്കളുടെ മുമ്പിലേക്ക് ഒരു തവണ 70,000 ത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ച സെബാസ്‌റ്റ്യന്‍ പോളിന്‍റെ പേര് എത്താതിരിക്കാന്‍ ജില്ലാനേതാക്കളും ശ്രദ്ധിച്ചിരുന്നു. സെബാസ്‌റ്റ്യന്‍ പോളിനോട് പാര്‍ട്ടിക്കുള്ള അമര്‍ഷം തന്നെയായിരുന്നു ഇതില്‍ നിന്നും വ്യക്തമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :