പണ്ഡിറ്റിനെ കൊണ്ടുവന്നത് എന്നെ ഒതുക്കാന്‍!

ഹരിശങ്കര്‍
WEBDUNIA|
PRO
PRO
സന്തോഷ് പണ്ഡിറ്റിനെ യൂട്യൂബില്‍ കൊണ്ടുവന്നത് തന്നെ ഒതുക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തിയ ശ്രമത്തിന്റെ ഭാഗമാണെന്ന് സില്‍‌സില എന്ന ആല്‍‌ബത്തിന്റെ ശില്‍‌പിയായ ഹരിശങ്കര്‍. ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കത്തിലാണ് ഹരിശങ്കര്‍ ഇങ്ങിനെ പറയുന്നത്. കേരളത്തിലെ പ്രഗത്ഭനായ ഒരു വീഡിയോ എഡിറ്റര്‍ സില്‍‌സിലയെ പറ്റി മോശം കമന്റ് ഇട്ടത് കൊണ്ടാണ് ആല്‍‌ബം യൂട്യൂബില്‍ നിന്ന് പിന്‍‌വലിച്ചതെന്നും ഹരിശങ്കര്‍ വെളിപ്പെടുത്തുന്നു.

“ഞാന്‍ തിരിച്ച് വരാതിരിക്കാനായി ചില കുബുദ്ധികള്‍ നടത്തിയ വൃത്തികെട്ട നാടകമാണ് യൂട്യൂബില്‍ കണ്ടത്. എന്റെ പാട്ടിനെപ്പറ്റി അറപ്പുളവാക്കുന്ന കമന്റുകളും ആഭാസ വീഡിയോകളും യൂട്യൂബില്‍ ഇടുകയും അതെല്ലാം എന്നെ സഹായിക്കുന്നവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുകൊടുക്കുകയും അവരെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നെ സം‌ഗീത - ആല്‍‌ബ രംഗത്തുനിന്ന് എന്നന്നേക്കും ഓടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.”

“എന്നാല്‍ എന്റെ സഹായിക്കുന്നവരും എന്റെ സഹപ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് എന്നെ പിന്തുണയ്ക്കുകയാണ് ചെയ്തത്. മാത്രമല്ല, എന്റെ പാട്ട് കൊച്ചുകുട്ടികള്‍ തൊട്ട് സൂപ്പര്‍താരങ്ങള്‍ വരെയുള്ളവര്‍ പാടി അഭിനയിക്കുന്നതും ജനങ്ങള്‍ കണ്ടു. അതോടെ കുബുദ്ധികള്‍ ഉണ്ടാക്കിയ എല്ലാ നെഗറ്റീവ് ഇമേജും എന്നില്‍ നിന്ന് മാഞ്ഞു. അപ്പോള്‍ അവര്‍ എന്നില്‍ നിന്ന് രക്ഷപ്പെടാന്‍ പൊക്കിക്കൊണ്ടുവന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. അയാള്‍ സിനിമയ്ക്കായി എടുത്ത പാട്ട്, ‘സില്‍‌സില 2’ എന്ന പേരിലാണ് അവര്‍ യൂട്യൂബില്‍ പ്രചരിപ്പിച്ചത്” - ഹരിശങ്കര്‍ എഴുതുന്നു.

തന്നെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പണ്ടും ഹരിശങ്കര്‍ ആരോപിച്ചിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടര്‍ ആണ് സില്‍‌സിലയെ കടന്നാക്രമിച്ച ആദ്യത്തെ വ്യക്തിയെന്ന് ഹരിശങ്കര്‍ മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ‘നിന്നെ ഇപ്പോഴും വീട്ടില്‍ കയറ്റുന്നുണ്ടോടാ?’ എന്ന് ഈ ചാനല്‍ റിപ്പോര്‍ട്ടര്‍ ഹരിശങ്കറിനോട് ഫോണ്‍ ചെയ്ത് ചോദിച്ചെത്രെ! ‘അയ്യോ ചേട്ടാ, ഞാന്‍ പണ്ടും പെരുവഴിയില്‍ ആണല്ലോ ഉറങ്ങുന്നത്’ എന്നാണെത്രെ ഹരിശങ്കര്‍ ഇതിന് മറുപടി കൊടുത്തത്.

(ചിത്രത്തിന് കടപ്പാട് - ഹരിശങ്കറിന്റെ ഫേസ്‌ബുക്ക് അക്കൌണ്ട്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :