നമുക്ക് വേണോ ഈ യുവജനോത്സവം?

ഇസഹാഖ്

Kalolsavam
WEBDUNIA|
PRO
PRO
സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവം കൊടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നൂറ്റി പതിനേഴര പവന്റെ സ്വര്‍ണ്ണ കപ്പിനു വേണ്ടിയുള്ള ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആര് എന്ത് നേടുമെന്നത് മാത്രമാണ് ഇനി കാണേണ്ടത്. ദൃശ്യമാധ്യമങ്ങള്‍ വിളിച്ചു പറയുന്നത് പോലെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. വിവാദങ്ങളും കണ്ണീരും കൊണ്ട് പേരുകേട്ട സ്കൂള്‍ യുവജനോത്സവത്തിന് അമ്പത് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ വിവാദങ്ങള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവം കോഴിക്കോട്ട് എത്തിയപ്പോഴും ഇതിന് ഒരു കുറവും വന്നിട്ടില്ല.

കുട്ടികളുടെ മേള രക്ഷിതാക്കളുടേത് കൂടിയാകുമ്പോള്‍ സംസ്ഥാന യുവജനോത്സവം വിവാദങ്ങളുടെയും അഴിമതികളുടേതുമായി മാറുന്നു. നൂറ്റി പതിനേഴര പവന്റെ കപ്പ് വര്‍ഷാവര്‍ഷം വിവിധ ജില്ലകള്‍ കൈമാറുന്നു എന്നല്ലാതെ എന്ത് നേട്ടമാണ് ഈ വലിയ മേളയില്‍ നിന്ന് ലഭിക്കുന്നത്. അതെ, ആരും മത്സരിക്കുന്നത് സ്വര്‍ണ കപ്പിന് വേണ്ടിയോ, സ്വന്തം ജില്ലയുടെ വിജയത്തിനോ, സ്കൂള്‍ അംഗീകാരത്തിന് വേണ്ടിയോ അല്ല, മറിച്ച് സര്‍ക്കാര്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്കിനും വ്യക്തി പ്രശസ്തിക്കും വേണ്ടിയാണ്. ഒരിക്കല്‍ പോലും തങ്ങളുടെ ജില്ല ഒന്നാം സ്ഥാനത്ത് എത്തണമെന്ന് മത്സരത്തിന് വരുന്ന ഒരു കുട്ടി പോലും ആഗ്രഹിക്കുന്നില്ല. പിന്നെ, എന്തിനാണ് ഇത്തരം വലിയൊരു സ്വര്‍ണ കപ്പ്? ഈ സ്വര്‍ണ കപ്പിന് സ്കൂള്‍ കുട്ടികളുടെ ഉത്സവവുമായി എന്ത് ബന്ധമാണുള്ളത്?

രക്ഷിതാക്കളുടെയും അധ്യാപകരുടെയും പണച്ചാക്കിനു മുകളില്‍ കേവലം ഒരു നേരത്തെ പ്രശസ്തിക്കു വേണ്ടി അരങ്ങിലെത്തുന്നവരാണ് ഈ കുഞ്ഞു മത്സരാര്‍ഥികളെന്ന് നാം മറന്നു പോകരുത്. കുട്ടികളുടെ പ്രശസ്തിയിലുപരി രക്ഷിതാക്കളുടെയും അധ്യാപകരുടെയും അംഗീകാ‍രത്തിനും നേട്ടത്തിനുമാണ് ഇവിടെ പ്രാധാന്യം. ഇവിടെ കപ്പ് നല്‍കി ആദരിക്കേണ്ടത് കുട്ടികളെയല്ല, വിവാദങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി മികച്ച പോരാട്ടം നടത്തി വിജയിക്കുന്ന രക്ഷിതാക്കളെയാണ്.

സ്കൂള്‍, ഉപജില്ല, റവന്യൂ പിന്നെ സംസ്ഥാന തല യുവജനോത്സവം. എല്ലാം കൂടി അവസാനിക്കുമ്പോള്‍ ലക്ഷങ്ങള്‍ ഒഴുകിയിട്ടുണ്ടാകും. ഈ ലക്ഷങ്ങളില്‍ വിധികര്‍ത്താക്കള്‍ക്കുള്ള കോഴയുടെ പങ്ക് വരെയുണ്ടാകും. അതെ, ഈ കുഞ്ഞു കുട്ടികളുടെ ഉത്സവത്തിന്റെ സംഘാടനത്തിനും പങ്കാളിത്തത്തിനും പരിശീലനത്തിനു വേണ്ടി ഓരോ രക്ഷിതാക്കളും മുടക്കുന്ന പണത്തിന്റെ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

ഇനി കാശിന്റെ കാര്യം നമുക്ക് മറക്കാം. കുട്ടികള്‍ ഒരു നേട്ടവും നേടിക്കൊടുക്കാത്ത യുവജനോത്സവത്തിന്റെ പിന്നില്‍ എത്ര വിലപ്പെട്ട പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നു. യുവജനോത്സവങ്ങളിലെ ഓരോ ഘട്ടം കഴിഞ്ഞ് സംസ്ഥാന യുവജനോത്സവത്തിന്റെ സ്റ്റേജിലെത്തുമ്പോഴേക്കും മിക്ക കുട്ടികളുടെയും മനോനില തകര്‍ന്നിരിക്കും. യാന്ത്രികമായ പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന മത്സര പ്രവണത എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്. അതെ, കുട്ടികളെ കൊല്ലാതെ കൊല്ലുന്ന ഈ യുവജനോത്സവത്തിന്റെ നേട്ടം പൂജ്യമാണ്.

യുവജനോത്സവം തുടങ്ങുന്നതിന് മുമ്പ് തന്നെ പിടിക്കേണ്ട കാലുകളൊക്കെ രക്ഷിതാക്കള്‍ പിടിച്ചിരിക്കും. നല്ല ഗുരുക്കന്മാരെയും പക്കമേളക്കാരെയും ഛായമെഴുത്തുകാരെയും കിട്ടിയില്ലെങ്കില്‍ പിന്നെ പണം മുടക്കിയിട്ട് കാര്യമില്ല. നല്ല ഗുരുക്കന്മാരുടെ മിടുക്കാണ് വിധികര്‍ത്താക്കളെ നിയന്ത്രിക്കുക. പണക്കൊഴുപ്പിന് മുന്നില്‍ വിധികര്‍ത്താക്കളുടെ പേപ്പറില്‍ മാര്‍ക്കുകള്‍ വീഴുമ്പോള്‍ പാവം കുട്ടികള്‍ പിന്തള്ളപ്പെടുന്നു.

നൃത്ത, നൃത്തേതര ഇനങ്ങള്‍ക്ക് ഛായമിടാനും വിഷയം തെരഞ്ഞെടുക്കാനും സിനി ആര്‍ട്ടിസ്റ്റുകള്‍ തന്നെ വേണം. മിക്ക വിദ്യാര്‍ഥികള്‍ക്കും വേഷമിടാന്‍ സിനിമാ രംഗത്തെ പ്രമുഖ മേക്കപ്പുകാരാണ് എത്തുന്നത്. ഇവിടെയും പണത്തിന്റെ കളിയാണ്. അതെ, കുട്ടികള്‍ കേവലം ഒരു പാവ മാത്രം. യാന്ത്രികമായി നേടിയെടുത്ത മത്സരവീര്യം സ്റ്റേജില്‍ ആടിത്തീര്‍ക്കുമ്പോള്‍ പണം മാര്‍ക്കിടുന്നു; ആരൊക്കെയോ വിജയിക്കുന്നു.

അടുത്ത പേജില്‍ വായിക്കുക “കലോത്സവം കണ്ടെടുത്തവരാണോ മമ്മൂട്ടിയും ലാലും?”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :