തെലങ്കാന വിവാദം, ഐടി കമ്പനികള്‍ കേരളത്തിലേക്ക്!

ജോണ്‍ കെ ഏലിയാസ്

Telangana
WEBDUNIA|
PRO
PRO
ആന്ധ്രയില്‍ വിവാദം ആളിക്കത്തുന്നതിനിടെ കേരളമടക്കമുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമേകുന്നൊരു വാര്‍ത്ത. ആന്ധ്രയിലെ പ്രധാനനഗരങ്ങളായ ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില ഐടി കമ്പനികളെങ്കിലും കൊച്ചി പോലുള്ള ശാന്തവും ചെലവുകുറഞ്ഞതുമായ നഗരങ്ങളിലേക്ക് പറിച്ചുനടപ്പെട്ടേക്കും. കഴിഞ്ഞ ഒരു മാസക്കാലമായി തുടരുന്ന അക്രമങ്ങളും ബന്ദും ഹര്‍ത്താലും പ്രൊഡക്ഷനെ ബാധിച്ചതിനാലാണ് ഐടി കമ്പനികള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്

കൊച്ചിയിലെ ഇന്‍‌ഫോപാര്‍ക്കും തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കും ഹൈദരാബാദിനെ വച്ച് നോക്കുമ്പോള്‍ താരതമ്യേനെ ചെലവുകുറഞ്ഞ ഐടി പാര്‍ക്കുകളാണ്. പറിച്ചുനടാന്‍ ഒരുങ്ങുന്ന കമ്പനികള്‍ക്ക് മുന്നില്‍ ബാം‌ഗളൂരും ചെന്നൈയും സാധ്യതകളായുണ്ട്. എന്നാല്‍ ഈ നഗരങ്ങള്‍ ഏറെ ചെലവേറിയവയാണ്. പണിമുടക്കിന് പേരുകേട്ട സംസ്ഥാനമാണ് കേരളമെങ്കിലും ഐടി കമ്പനികള്‍ തല്ലിത്തകര്‍ത്ത ചരിത്രം കേരളത്തിനില്ല. ആന്ധ്രാ നഗരങ്ങളിലെ ഭീതിദമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ എന്തുകൊണ്ടും കേരളത്തിലെ ഐടി പാര്‍ക്കുകള്‍ ആന്ധ്രയില്‍ നിന്ന് പുറത്തുകടക്കുന്ന ഐടി കമ്പനികളെ ആകര്‍ഷിച്ചേക്കും.

ടി‌സി‌എസ്, ഇന്‍‌ഫോസിസ്, വിപ്രോ, ടെക്ക് മഹീന്ദ്ര, എച്ച്‌സി‌എല്‍ തുടങ്ങിയ ഐടി ഭീമന്മാര്‍ ഹൈദരാബാദിലുണ്ട്. ഇതുമല്ലാതെ പാറ്റ്‌നി കമ്പ്യൂട്ടേഴ്സ്, സത്യം, എന്‍‌വിദിയ തുടങ്ങിയ മറ്റനേകം കമ്പനികളുമുണ്ട്. ഒരു ദിവസം അടച്ചിടുന്നത് പോലും വന്‍ പ്രൊജക്റ്റുകള്‍ കയ്യിലുള്ള ഈ കമ്പനികളെ കുഴക്കും. ബി‌പി‌ഓ സെക്റ്ററാണ് തെലങ്കാന പ്രശ്നത്തില്‍ ദുരിതമനുഭവിക്കുന്ന മറ്റൊരു രംഗം. ഉപയോക്താക്കളുടെ ദൈനം‌ദിന ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്ന ഈ കമ്പനികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. ഈ കമ്പനികള്‍ അടച്ചിടുന്നത് ലോകമെമ്പാടും ഉള്ള ഉപയോക്താക്കളെ വലയ്ക്കും.

ആന്ധ്രയില്‍ ഇക്കഴിഞ്ഞ ഒരു മാസക്കാലമായി പല കമ്പനികളും അടച്ചിടല്‍ ഭീഷണി നേരിടുകയാണ്. ജോലിക്കാര്‍ക്ക് കമ്പനികളില്‍ എത്താന്‍ കഴിയാത്തത്ര തരത്തിലാണ് വഴികളില്‍ അക്രമം അരങ്ങേറുന്നത്. തുറന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ കയറിച്ചെന്ന് കണ്ണില്‍ കണ്ടതെല്ലാം അക്രമികള്‍ അടിച്ച് തകര്‍ക്കുകയാണ്. തെലുങ്കാനാ പ്രശ്നത്തിന് രമ്യമായൊരു പരിഹാരം കാണാന്‍ കഴിയില്ലെന്നിരിക്കേ, സ്ഥിതിഗതികള്‍ രൂക്ഷമാവാനാണ് സാധ്യത. ഈയവസ്ഥയില്‍, ആന്ധ്രയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുങ്ങുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ തമിഴ്‌നാടും കര്‍ണാടകയും പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു.

കേരളസര്‍ക്കാരും സ്വകാര്യ ഐടി പാര്‍ക്കുകളും ഒത്തൊരുമിച്ചാല്‍ കുറച്ച് ഐടി കമ്പനികളെയെങ്കിലും കേരളത്തിലേക്ക് കൊണ്ടുവരാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :