ഗണേശിനു തുണ യുവതുര്‍ക്കികള്‍; കുഴങ്ങുന്ന യുഡിഎഫ് നേതൃത്വം
ഹരികൃഷ്ണന്
WEBDUNIA|
PRO
PRO
പ്രതിസന്ധിയില്‍ അകപ്പെട്ട വനംമന്ത്രി ഗണേഷ് കുമാറിനു രക്ഷകരായത് യുഡിഎഫിലെ യുവതുര്‍ക്കികള്‍. രാഷ്ടീയ വിവാദവും കുടുംബപ്രശ്നവും ഗണേഷ് കുമാറിനെ മാനസികമായി തകര്‍ത്തിരുന്നു. എന്നാല്‍ ഗണേഷിന്റെ ഉറ്റസുഹൃത്തായ മന്ത്രി ഷിബു ബേബി ജോണ്‍ പിന്തുണയുമായെത്തിയതോടെ സംഭവവികാസങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. തൊട്ടുപിന്നാലെ യുഡിഎഫിലെയും കോണ്‍ഗ്രസിലെ തന്നെയും യുവനിര ഒന്നായി ഗണേഷ് കുമാറിനു പിന്നാലെ അണിനിരന്നതോടെ പ്രതിസന്ധിയിലായത് പരസ്യപ്രസ്താവന നടത്തിയ ചീഫ് വിപ്പ് പി സി ജോര്‍ജാണ്.
ഒരു മന്ത്രിയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇതു മനസിലാക്കിയ കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ മര്‍ദനമേറ്റ മന്ത്രി ഗണേഷ് കുമാറാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് ഈരാറ്റുപേട്ടയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തി. ഗണേഷ് രാജി വയ്ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഇതോടെ യുഡിഎഫ് മുന്നണി ഒന്നാകെ പ്രതിസന്ധിയിലായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ജ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞു. പിന്നീട് സംസ്ഥാനം കണ്ടത് തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ്.
മാന്യന്മാര്ക്കെതിരേ ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാമെന്നായിരുന്നു ആരോപണങ്ങള്‍ക്കുള്ള ഗണേഷിന്റെ ആദ്യ മറുപടി. നെല്ലിയാമ്പതി വിഷയത്തില്‍ ജോര്‍ജിന്റെ ആവശ്യങ്ങള്‍ സാധിക്കാത്തതിലുള്ള വൈരാഗ്യമാണെന്നും ആരോപണത്തിനുപിന്നില്‍ പിള്ളയെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരന്തരം മുന്നണിക്കുള്ളില്‍നിന്നു കൊണ്ട് മുന്നണിക്കെതിരേ പ്രവര്‍ത്തിക്കുന്ന ജോര്‍ജിനെതിരേ ഇതോടെ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നു.
ജോര്‍ജിന്റെ ആരോപണം രാഷ്ടീയമര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് ചെന്നിത്തല തുറന്നടിച്ചു. ഇതെ അഭിപ്രായം തന്നെയാണ് പി സി വിഷ്ണുനാഥ് എം എല്‍ എയും പ്രകടിപ്പിച്ചത്. ഗണേഷ് കുമാറിനെ കാണാനെത്തിയ ഷിബു ബേബി ജോണ്‍ തന്റെയും മുന്നണിയുടെയും പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്കി. ഇതോടെ ചൂടുപിടിച്ച രാഷ്ടീയ ചര്‍ച്ചകള്‍ക്ക് തലസ്ഥാനം വേദിയായി. ഷിബു ബേബി ജോണ്‍ ഗണേഷിനുള്ള പിന്തുണ തുടര്‍ന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. ഗണേഷിനെതിരേ നടപടിയെടുത്താല്‍ താനും മുന്നണിയും പലകാര്യങ്ങളും ചിന്തിക്കേണ്ടി വരുമെന്നും ഷിബു മുന്നറിയിപ്പ് നല്കി.
ടി എന്‍ പ്രതാപന് എം എല്‍ എയും മന്ത്രി അനൂപ് ജേക്കബും ഗണേഷിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം ഓഫീസില്‍നിന്നും പുറത്തുവന്നത് പ്രസന്നവദനനായിട്ടായിരുന്നു. ഒളിച്ചും പാത്തും ഒരുകാര്യവും ചെയ്യില്ലെന്നും രാജിവെച്ചാല്‍ മാധ്യമങ്ങളെ അറിയിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ഇതിനിടെ ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി ബാലകൃഷ്ണപിള്ളയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കണ്ടത് ഏറെ അഭ്യൂഹങ്ങള്ക്കിടെയാക്കി.
എന്നാല്‍ ഗണേഷ് തിടുക്കപ്പെട്ട് രാജി വയ്ക്കേണ്ടെന്നും ഇതു കുടുംബപ്രശ്നമാണെന്നുമുള്ള നിലപാടിലാണ് യുഡിഎഫ്. പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ യുഡിഎഫ് മുന്നണിക്ക് കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ ഗണേഷിന്റെ പിതാവും കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാനുമായ ബാലകൃഷ്ണപിള്ള പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതിനുകാരണം ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് പിള്ള നല്കിയ കത്ത് യു ഡി എഫ് പരിഗണിക്കുന്നുവെന്നതു തന്നെയാകും. തീരുമാനമെടുക്കാനുള്ള അവകാശം മുഖ്യമന്ത്രിക്ക് വിട്ട് തത്കാലം തടി രക്ഷിച്ചുവെങ്കിലും സിപിഎം ഇതൊരു രാഷ്ടീയവിഷയമായി ഏറ്റുപിടിച്ചതും ഇനിയും പ്രതിസന്ധി സൃഷ്ടിച്ചേക്കും. അതുകൊണ്ട് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു പരിഹാരമാര്‍ഗം തേടുകയാവും ഉമ്മന്‍ ചാണ്ടി ചെയ്യുക.