ക്രീസിലിറങ്ങിയ ദൈവം

ജി കെ

WEBDUNIA|
PTI
'ഞാന്‍ ദൈവത്തെക്കണ്ടിട്ടുണ്ട്, ദൈവം ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാനിറങ്ങുന്നു' എന്ന് പറഞ്ഞത് ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡനാണ്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഇതു തന്നെ പറയുന്നുണ്ടാവും. ഇന്ത്യന്‍ ആരാധകര്‍ വര്‍ഷങ്ങളായി പറയുന്ന അതേ കാര്യം. സച്ചിന്‍റെ ബാറ്റില്‍ നിന്ന് സെഞ്ച്വറിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ഇന്ത്യന്‍ ആരാധകര്‍ക്ക് ഗ്വാളിയാറിലെ സവാന്‍ മാന്‍‌സിംഗ് സ്റ്റേഡിയത്തില്‍ സച്ചിന്‍ കാത്തുവച്ചത് ഇരട്ടി മധുരമായിരുന്നു.

ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി കുറിച്ചുകൊണ്ട് തന്‍റെ പിന്‍‌ഗാമികള്‍ക്ക് മറികടക്കാന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സച്ചിന്‍ കുറിച്ചുവച്ചു എന്നത് മാത്രമല്ല ആ പ്രകടനത്തെ വ്യത്യസ്തമാക്കുന്നത്. സച്ചിന്‍ അത് നേടിയ രീതിയും ആ പ്രായവും കൂടിയാണ്.

20 വര്‍ഷമായി കളി തുടരുന്ന ഒരു താരമാണ് ക്രീസില്‍ നില്‍ക്കുന്നതെന്ന് ഇന്ന് സച്ചിന്‍റെ പ്രകടനം കണ്ട ആരും സമ്മതിച്ചു തരില്ല. ഏകാഗ്രതയുടെ 20 വര്‍ഷങ്ങള്‍ ക്രീസില്‍ പൂര്‍ത്തിയാക്കിയെങ്കിലും തന്നിലിപ്പോഴും 20കാരന്‍റെ ആവേശം തുളുമ്പി നില്‍ക്കുന്നുവെന്ന് ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ സച്ചിന്‍റെ ഓരോ ഷോട്ടും സാക്‍ഷ്യപ്പെടുത്തി.

പുള്‍ ഷോട്ടും, സ്ട്രെയിറ്റ് ഡ്രൈവും, കവര്‍ ഡ്രൈവുമെല്ലാം ആ ബാറ്റില്‍ നിന്ന് അനായാസാം ബൌണ്ടറി തേടി ഒഴുകി. രാജഭരണത്തിന്‍റെ പിന്തുടര്‍ച്ച ഇപ്പോഴും അവകാശപ്പെടുന്ന ഗ്വാളിയാറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ നടത്തിയത് ശരിക്കുമൊരു രാജവാഴ്ച തന്നെയായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൌളിംഗ് നിരയുളള ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സച്ചിന്‍റെ നേട്ടമെന്നത് ആ പ്രകടനത്തിന്‍റെ മാറ്റ് കൂട്ടുന്നു.

ഗ്വാളിയാറില്‍ സച്ചിന്‍റെ നിര്‍ദയ പ്രഹരത്തില്‍ തകര്‍ന്നു വീണത് റെക്കോര്‍ഡുകള്‍ മാത്രമല്ല. ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യന്‍ ഹൃദയങ്ങളില്‍ സയിദ് അന്‍‌വര്‍ നിറച്ചുവച്ചൊരു വിങ്ങല്‍ കൂടിയാണ്. 1997ല്‍ ചെപ്പോക്കില്‍ ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കി സയിദ് അന്‍‌വര്‍ 194 റണ്‍സ് കുറിച്ചപ്പോഴും ഒരു ദശകത്തോളം ആ റെക്കോര്‍ഡ് ആരും മറികടക്കാതിരുന്നപ്പോഴും ഇന്ത്യന്‍ ആരാധകര്‍ പലപ്പോഴും കൊതിച്ചിട്ടുണ്ട്.

വമ്പനടിക്കാരായ ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന്‍ ഇന്ത്യയെ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിവിട്ട ആ റെക്കോര്‍ഡ് തകര്‍ത്തിരുന്നെങ്കിലെന്ന്. ഒടുവില്‍ ആ നാണക്കേട് കഴുകിക്കളയാനും സച്ചിന്‍ തന്നെ വേണ്ടി വന്നു. ഏകദിനത്തിലും ടെസ്റ്റിലും സച്ചിന്‍ നേടുന്ന ഓരോ റണ്ണും റെക്കോര്‍ഡുകളാണ്. എങ്കിലും ഇന്ന് ഗ്വാളിയാറില്‍ കുറിച്ച ഈ റെക്കോര്‍ഡിന്‍റെ തിളക്കമൊന്ന് വേറെ തന്നെയാണ്. ട്വന്‍റി20 ക്രിക്കറ്റിലെ വമ്പനടിക്കാരെപ്പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു സച്ചിന്‍റെ പ്രഹരം.

ഈ പ്രഹരത്തില്‍ മുഖം നഷ്ടപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഒന്നാശ്വസിക്കാം. ആ റെക്കോര്‍ഡില്‍ ചെറുതല്ലാത്തൊരു പങ്കു വഹിച്ചതിന്. ഒപ്പം ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നിന് ഏറ്റവും അടുത്തു നിന്ന് സാക്‍ഷ്യം വഹിച്ചതിന്.

ഏകദിന ക്രിക്കറ്റില്‍ സച്ചിന് മറികടക്കാന്‍ ഇനി റെക്കോര്‍ഡുകളൊന്നുമില്ല. എങ്കിലും സച്ചിനും ഒപ്പം ലക്ഷക്കണക്കിനാരാധകരും ഇപ്പോഴും കൊതിക്കുന്നൊരു നേട്ടമുണ്ട്, ലോകകപ്പ്. ഇന്ത്യന്‍ ടീമിലെ ജൂനിയര്‍ താരമായ ശ്രീശാന്തിനു പോലും ഒരു ലോകകപ്പ് നേട്ടത്തിന്‍റെ കഥ പറയാനുളളപ്പോള്‍ 20 വര്‍ഷം ക്രീസില്‍ ചെലവഴിച്ച സച്ചിന് മാത്രം അത്തരമൊരു കഥയില്ല.

അടുത്ത വര്‍ഷം ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ തനിക്കെതിരേ വരുന്ന ആ ഒരു കല്ലു കൂടി സച്ചിന് നാഴികക്കല്ലാക്കി മാറ്റാനാവും. അടുത്ത ലോകകപ്പ് വരെ ഏകദിന ക്രിക്കറ്റില്‍ തുടരുമെന്ന സച്ചിന്‍റെ വാക്കുകളില്‍ പ്രതിഫലിക്കുന്ന നിശ്ചയദാര്‍ഢ്യമാണ് ഇക്കാ‍ര്യത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ പകരുന്നതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :