തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വോട്ടെടുപ്പ് നടക്കുമെന്ന് സൂചന. വോട്ടെടുപ്പ് നടത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇതുതന്നെയാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യവും.
കോണ്‍ഗ്രസ് എം എല്‍ എമാര്ക്കിടയിലായിരിക്കും വോട്ടെടുപ്പ് നടക്കുക. നിലവില്‍ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന 35 പേരാണ് മത്സരിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും വിജയസാധ്യതയുണ്ട് എന്നത് അടുത്ത മുഖ്യമന്ത്രിയായി ചെന്നിത്തല വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വോട്ടെടുപ്പ് നടന്നാല്‍ ഉമ്മന്ചാണ്ടിപക്ഷത്തിന് മേല്‍ മേല്‍ക്കൈ നേടാന്‍ ചെന്നിത്തല പക്ഷത്തിന് കഴിയും.
മാത്രമല്ല, ഹൈക്കമാന്‍ഡിന് ഉമ്മന്‍ചാണ്ടിയെക്കാള്‍ പ്രിയം രമേശ് ചെന്നിത്തലയോടാണ്. രാഹുല്‍ ഗാന്ധിക്കും ചെന്നിത്തലയുടെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമുണ്ട്. സംസ്ഥാനത്ത് എന്‍ എസ് എസുമായി കോണ്‍ഗ്രസിനുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദവി നല്‍കുമെന്നും സൂചനയുണ്ട്.
PRO
കഴിഞ്ഞ രണ്ടുതവണയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നായിരുന്നു. അതിനാല്‍ ഇത്തവണ ഹിന്ദുവായ ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെ എന്ന അഭിപ്രായം ഭൂരിപക്ഷം ഹിന്ദു സംഘടനകള്‍ക്കുമുണ്ട്.
മാത്രമല്ല, പാമൊലിന്‍ കേസും ഉമ്മന്‍ചാണ്ടിയുടെ സാധ്യതയ്ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നുണ്ട്. കേസില്‍ പ്രതിയായാല്‍ ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവികമായും മുഖ്യമന്ത്രിപദത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരും. ഇതുകൂടാതെ, നിഷ്പക്ഷരായി നില്ക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തന്റെ പക്ഷത്തേക്ക് ചേര്‍ക്കാനും ചെന്നിത്തല നീക്കം തുടങ്ങിയിട്ടുണ്ട്.