കേരളത്തിന്റെ അഴീക്കോടന്‍ നാവ് പിഴയ്ക്കുന്നോ?

രവീന്ദ്രന്‍ നായര്‍

WEBDUNIA|
PRO
കേരളത്തിന്റെ സാംസ്കാരിക നാവ് എന്ന് പേരുകേട്ട സുകുമാര്‍ അഴീക്കോടിന് ഇപ്പോള്‍ ചുവടുകള്‍ പിഴയ്ക്കുകയാണോ? അദ്ദേഹത്തിന് വാഗ്മി എന്ന നിലയില്‍ കലാ‍സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളിലെല്ലാം തന്നെ എതിരാളികളെ പൊള്ളിക്കുന്ന വാക്കുകള്‍ ശരങ്ങളായി എയ്യാം. പക്ഷേ, തുടരുന്ന സിനിമാ പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ?

തിലകന്‍ പ്രശ്നത്തില്‍ അദ്ദേഹം മോഹന്‍‌ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിച്ചത് ശരിയായ തലത്തില്‍, ശരിയാ‍യ ഭാഷയില്‍ ആയിരുന്നോ? താന്‍ മാത്രം ശരി എന്ന തത്വമാണോ സുകുമാര്‍ അഴീക്കോട് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്?

തിലകന്‍ അഴീക്കോടിന്റെ മധ്യസ്ഥത ആവശ്യപ്പെട്ടാലും അഴീക്കോട് മധ്യസ്ഥതയ്ക്കുള്ള വാഗ്ദാനം നല്‍കിയാലും തെറ്റില്ല. ഇതൊന്നുമില്ല എങ്കില്‍ കൂടി അഭിപ്രായ പ്രകടനത്തിനുള്ള വിശാലമായ സ്വാതന്ത്ര്യം അഴീക്കോടിനുണ്ട്. എന്നാല്‍, നിരാശാ പൂര്‍ണമെന്ന് തോന്നിക്കുന്ന ജല്പനങ്ങളാണോ വിമര്‍ശനം? വ്യക്തിഹത്യയാണോ മാധ്യസ്ഥം?

മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ച് മധ്യസ്ഥതയ്ക്ക് തയ്യാറായി എന്ന് അഴീക്കോട് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെയൊരു സംഭവമേ നടന്നില്ല എന്നാണ് മോഹന്‍‌ലാലിന്റെ പക്ഷം. തന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്ന് പറയാനാണ് താന്‍ ഫോണില്‍ വിളിച്ചതെന്നും അഴിക്കോടിന്റെ വിമര്‍ശനങ്ങള്‍ വയസ്സായ അമ്മാ‍വന്റെ ഫലിതങ്ങളായി മാത്രമേ കാണുന്നുള്ളൂ എന്നും മോഹന്‍‌ലാല്‍ അഭിപ്രായപ്പെട്ടു.

നേരത്തെ, വി‌എസുമായി തരം താണ വിമര്‍ശനത്തില്‍ ഏര്‍പ്പെട്ടപ്പോഴും പ്രശ്നം ഒതുക്കാനായി തന്നെ വി‌എസ് ഫോണില്‍ വിളിച്ചു എന്ന് അഴീക്കോട് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യവും വി‌എസ് പരസ്യമായി നിഷേധിച്ചത് ഇവിടെ കൂട്ടിവായിക്കാം.

എന്നാല്‍, ഇവിടുത്തെ വയസ്സന്‍ പ്രയോഗവും മോഹന്‍ലാലിന്റെ “അയാള്‍” സംബോധനയും അഴീക്കോടിനെ കോപാന്ധനാക്കി എന്ന് വേണം കരുതേണ്ടത്. തന്നെ വയസ്സന്‍ അമ്മാവന്‍ എന്ന് വിളിച്ച മോഹന്‍ലാലിന്റെ വിഗ്ഗും മേക്കപ്പും മാറ്റിയാല്‍ കൂടെ അഭിനയിക്കുന്ന മധുരപ്പതിനേഴുകാരികള്‍ ബോധംകെട്ട് വീഴും എന്ന് പറഞ്ഞത് തീര്‍ച്ചയായും തന്നെ വയസ്സെനെന്നു വിളിച്ചതുകൊണ്ടുമാത്രമല്ലേ? അല്ലാതെ മലയാള സിനിമയ്ക്ക് യുവ നായകന്‍‌മാര്‍ മതി അല്ലെങ്കില്‍ യുവതികളുടെ കൂടെ യുവാക്കള്‍ മാത്രം ചേര്‍ന്നാല്‍ മതി എന്ന നിര്‍ബന്ധബുദ്ധി കാരണമോ സാമൂഹിക സാംസ്കാരിക അപചയം കാരണമോ അല്ല എന്ന് ഉറപ്പാക്കാമെന്നു തോന്നുന്നു.

മമ്മൂട്ടി പഴശ്ശിരാജയിലെ അഭിനയത്തിന് അഞ്ച് കോടി രൂപ വാങ്ങിയെങ്കില്‍ അതിനെ (വേണമെങ്കില്‍ മാത്രം) അഴീക്കോടിന് വിമര്‍ശിക്കാം. എന്നാല്‍, പഴശ്ശിരാജ വീട്ടിലെത്തിയാല്‍ ‘പഴംരാജ’ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ അനാവശ്യമാണ് എന്ന് പറയാനും അവര്‍ക്ക് അവകാശമുണ്ട്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ ലാല്‍ ഹേമമാലിനിയുടെ നെഞ്ചത്ത് നോക്കി അതിമനോഹരം എന്ന് പറയുന്നതിന് അടി കൊടുക്കണം എന്നും ലാല്‍ സഹോദരന്റെ സ്വത്ത് കൈയ്യേറി എന്ന് ആരോപിക്കുമ്പോഴും ‘സംസ്കാരം’ എന്ന ആശയം അഴീക്കോട് താല്‍ക്കാലികമായെങ്കിലും ഉപേക്ഷിക്കുന്നതായേ കരുതാനാവൂ.

അതേപോലെ, ഇന്നസെന്റ് എന്ന വാക്കിന് വിവരമില്ലാത്തവന്‍ എന്ന അര്‍ത്ഥമുണ്ട് എന്നും ഇന്നസെന്റിനെ പോലെ ഒരാള്‍ തനിക്ക് എതിരാളിയാവാന്‍ യോഗ്യതയില്ലാത്തവന്‍ എന്ന് പുലമ്പുമ്പോഴും അഴീക്കോട് തന്നെ ജനങ്ങള്‍ ഏതുഗണത്തില്‍ പെടുത്തും എന്ന് ചിന്തിക്കുന്നുണ്ടോ? ഇന്നസെന്റ് എന്ന എട്ടാം ക്ലാസുകാരന്‍ തനിക്ക് ‘തത്വമസി’ വായിച്ചാല്‍ മനസ്സിലാവില്ല എന്ന് നിഷ്കളങ്കതയോടെ പറഞ്ഞു വച്ചിട്ടുണ്ട്. കുടുംബങ്ങളില്‍ നല്ല ചിരിക്ക് വക നല്‍കുന്ന ഒരു അഭിനയ ജീവിതം നയിക്കുന്ന ഇന്നസെന്റ് അത്ര പോരാത്തവനാണെന്ന് പൊതുജനങ്ങള്‍ക്ക് തോന്നിയെന്നു വരില്ല.

പോരാത്തതിന് ഇന്നസെന്റ് പറഞ്ഞതു അഴീക്കോട് പാലിക്കുകയും ചെയ്തു! എംടിയുടെയും മറ്റും പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. അവരാരും ഇത്ര പുസ്തകങ്ങള്‍ എഴുതി എന്ന് വീമ്പിളക്കുന്നത് ഇതുവരെ കേട്ടിട്ടില്ല എന്ന് ഇന്നസെന്റ് പറഞ്ഞ് തീര്‍ത്ത ഉടനെ താന്‍ 40 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് എന്നും ആയിരക്കണക്കിന് പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും അഴീക്കോട് പറഞ്ഞു. ഇവിടെ, അദ്ദേഹത്തിന് ആത്മവിശ്വാസം കുറയുകയാണോ?

ഇതെല്ലാം അവിടെ നില്‍ക്കട്ടെ, സാഹിത്യം, രാഷ്ട്രീയം ആധ്യാത്മികം, കല എന്നിവയെല്ലാം തന്റെ മണ്ഡലങ്ങളാണെന്ന് അഴീക്കോടിന് ഉറപ്പിച്ചു പറയാനാവുമോ? എങ്കില്‍, താന്‍ ചീഫ് എഡിറ്ററായിരുന്ന ഒരു പത്ര സ്ഥാ‍പനത്തിലെ ജോലിക്കാരായ യുവാക്കള്‍ക്ക് വേതനം നിഷേധിച്ചപ്പോഴും അവരുടെ പേരില്‍ ബാങ്ക് ലോണുകള്‍ സംഘടിപ്പിച്ച മാനേജ്മെന്റ് അത് തിരിച്ചടയ്ക്കാതിരുന്നപ്പോഴും അങ്ങയുടെ നാവ് എന്തുകൊണ്ട് ചലിച്ചില്ല? സ്വന്തം ശമ്പള കുടിശിക ഓര്‍ത്തോ? എന്തായാലും അങ്ങയുടെ ചീഫ് എഡിറ്റര്‍ഷിപ്പില്‍ ജോലി നോക്കാനെത്തിയവരോടുള്ള പ്രതിബദ്ധതയല്ലേ ഇതിലൊക്കെയും പ്രധാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :