കസബിനെ സംരക്ഷിക്കാന്‍ 53 കോടി, സംഹരിക്കാന്‍ 50 രൂപ!

മുംബൈ| WEBDUNIA|
PTI
ഛത്രപതി ശിവാജി ടെര്‍മിനസില്‍ നിരപരാധികളായ മനുഷ്യര്‍ക്കു നേരെ പാകിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനില്‍ നിന്നുള്ള ദൃശ്യങ്ങളിലൂടെ കണ്ടു. ഒരു രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായിരുന്നു അത്. അതുകൊണ്ട് തന്നെ കസബിന് വിധിച്ചപ്പോള്‍ ശരിയായ തീരുമാനം എന്നതിനപ്പുറം രണ്ടാമത് ഒരഭിപ്രായമുണ്ടായിരുന്നില്ല. ആര്‍തര്‍റോഡ് ജയിലില്‍ കഴിഞ്ഞ കസബിനു വേണ്ടി രാജ്യത്തിന് ഇതുവരെ ചെലവിടേണ്ടി വന്നത് 53 കോടിയിലേറെ രൂപയാണ്.

നിയമത്തിന്‍റെ നേരായ വഴിയിലൂടെ പോയാല്‍, രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി കസബിന് കാത്തിരിക്കാം. എന്നാല്‍ അക്കാലയളവിലും വളരെയധികം സമ്പത്ത് കസബിനുവേണ്ടി രാജ്യത്തിന് ഒഴുക്കേണ്ടി വരും. എന്നാല്‍ വധശിക്ഷ നടപ്പിലാക്കാന്‍ സര്‍ക്കാറിന് ചെലവാകുന്നത് വെറും 50 രൂപ മാത്രമാണെന്ന് അധികൃതര്‍ പറയുന്നു.

തൂക്കിലേറ്റപ്പെടുന്ന ഒരു പ്രതിക്ക് എല്ലാ അനുഷ്ഠാനങ്ങളോടും കൂടിയ ശവസംസ്കാരം നല്‍കണമെന്നാണ് നിയമം. മുനിസിപ്പാലിറ്റിയുടെ ശവവാഹനത്തിലോ ആംബുലന്‍സിലോ മൃതദേഹം ജയിലില്‍ നിന്ന് ശവക്കോട്ടയില്‍ എത്തിക്കേണ്ടതുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനുള്ള യാത്രാച്ചെലവായി അനുവദിക്കുന്നത് 50 രൂപ വരെയാണ്. ആ ചെലവ് മാത്രമേ കസബിന്‍റെ കാര്യത്തിലും ഉണ്ടാകുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.

പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മെനയാന്‍ ആര്‍തര്‍ റോഡിലെ ജയിലില്‍ പാര്‍പ്പിച്ച ഈ വി വി ഐ പി തടവുകാരനു വേണ്ടി ചെലവാക്കിയ തുകയുടെ കണക്കുകള്‍ മുതിര്‍ന്ന ചില ഐ പി എസ് ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞിരുന്നു. ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കസബിനെ പിടികൂടിയതുമുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കസബിനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ചെലവായത്. 43 കോടി രൂപയാണ് ജയിലിലെ സുരക്ഷയ്ക്കായി മാത്രം ചെലവാക്കിയിരിക്കുന്നത്. ജഡ്ജിമാര്‍, സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍, അഭിഭാഷകര്‍ എന്നിവരുടെ സുരക്ഷാച്ചെലവുകള്‍, എട്ടുകോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പ്രത്യേക ജയില്‍മുറി എന്നിങ്ങനെ ആകെ ചിലവായിരിക്കുന്നത് 53 കോടി രൂപ!

കസബിനെ തൂക്കാന്‍ ആരാച്ചാരുണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചൂടുപിടിച്ചിരിക്കുന്നത്. നിലവിലെ ജയില്‍ തസ്തികകളില്‍ ആരാച്ചാരില്ലെന്നത് സത്യമാണ്. എന്നാല്‍ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള പൊലീസുകാര്‍ക്ക് ശിക്ഷ നടപ്പിലാക്കാം. 1996ലാണ് ആര്‍തര്‍ റോഡ് ജയിലിലെ ഒടുവിലത്തെ ആരാച്ചാര്‍ അര്‍ജുന്‍ ബികാ ജാദവ് വിരമിച്ചത്. സര്‍വീസിലില്ലെങ്കിലും കസബിനെ തൂക്കിക്കൊല്ലാമെന്ന് അര്‍ജുന്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ തലയില്‍ കറുത്തതുണി കൊണ്ട് മൂടുന്നതുവരെയുള്ള ജോലികള്‍ മാത്രമാണ് ആരാച്ചാര്‍ ചെയ്യുന്നത്. ജയില്‍ ചട്ടം അനുസരിച്ച് അവസാനത്തെ ബോള്‍ട്ടിടേണ്ടത് ജയില്‍ സൂപ്രണ്ടിന്‍റെ ചുമതലയാണ്. ജയില്‍ സൂപ്രണ്ടിന്‍റെ നിര്‍ദേശം അനുസരിച്ച് ഈ ഉത്തരവാദിത്തം ജയിലിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നടപ്പിലാക്കാം.

ഇന്ത്യയില്‍ വധശിക്ഷകള്‍ വിധിക്കുന്നുണ്ടെങ്കിലും മിക്ക വധശിക്ഷകളും ഒടുവില്‍ ജീവപര്യന്തമാക്കി ഇളവ് ചെയ്യാറാണ് പതിവ്. എന്നാല്‍ അജ്മല്‍ കസബിന്‍റെ കാര്യത്തില്‍ ഈ പതിവ് തെറ്റാനാണ് സാധ്യത. കസബ് നല്‍കുന്ന ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയാണെങ്കില്‍, വധശിക്ഷ നടക്കുമെന്ന് ഉറപ്പാണ്.

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളും വധശിക്ഷ നടപ്പിലാക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ വധശിക്ഷയെന്നത് ഏറ്റവും പ്രത്യേക സാഹചര്യങ്ങളില്‍ നടപ്പിലാക്കുന്നതാ‍ണ്. 1983ലാണ് വധശിക്ഷ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ നടപ്പാക്കാവൂ എന്ന് തീരുമാനിച്ചത്. ഒരാള്‍ ഭൂമിയില്‍ ജീവിക്കാന്‍ യോഗ്യനല്ലെന്നും അയാളെ വെറുതെ വിട്ടാല്‍ സഹജീവികള്‍ക്ക് അപായം സൃഷ്ടിക്കുമെന്നും ഉറപ്പാകുന്ന സാഹചര്യങ്ങളില്‍ മാത്രമേ വധശിക്ഷയ്ക്കുള്ള വിധിയില്‍ ജഡ്ജി ഒപ്പിടുകയുള്ളൂ.

സുപ്രീംകോടതി വധശിക്ഷ ശരിവെച്ചാല്‍ ആ വിധിക്ക് ഇളവനുവധിക്കാനുള്ള അധികാരം പിന്നെ രാഷ്ടപതിക്കാണുള്ളത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവുള്‍പ്പടെയുള്ളവരുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതിയുടെ മുന്നില്‍ വിധി കാത്തുകിടക്കുന്നത്. 35 പേരുടെ ദയാഹര്‍ജിയാണ് മുന്‍ ‌രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വീകരിച്ചത്. അത്രയും പേര്‍ക്കും ഇളവനുവധിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :