ബിജെപിയുമായി കത്തോലിക്കാ സഭ ഏറെ സൌഹൃദത്തില്‍ ആണെന്ന് മുന്‍ പാര്‍ലമെന്റംഗവും എംഎല്‍എയുമായ ലോനപ്പന് നമ്പാടന് മാഷ്. ആര്‍എസ്എസ്, ബിജെപി എന്നീ രണ്ട് വാക്കുകള്‍ ഇടയലേഖനങ്ങളിലോ പ്രസ്താവനകളിലോ ഒരിക്കലും പരാമര്‍ശിച്ച് കാണില്ല എന്നും നമ്പാടന് മാഷ് ആരോപിക്കുന്നു. കത്തോലിക്കാസഭയും ബിജെപിയും തമ്മിലുള്ള ബാന്ധവത്തെ പറ്റി ഒരു പ്രമുഖ ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നമ്പാടന് മാഷ് തുറന്നടിച്ചത്.
“കത്തോലിക്കാസഭയ്ക്ക് മാര്‍ക്സിസ്റ്റ് പാര്ട്ടിയോടുള്ളതുപോലുള്ള വിരോധം ബിജെപിയോടില്ല. ബിജെപിയുമായി കത്തോലിക്കാസഭ സൗഹൃദത്തിലാണ്. ഗുജറാത്തിലും രാജസ്ഥാനിലും ഒറീസയിലും മധ്യപ്രദേശിലും മറ്റും മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണമുണ്ടായപ്പോള്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരായി കത്തോലിക്കാ സഭ ശബ്ദിക്കാതിരുന്നത് അതുകൊണ്ടാണ്. 1992-ല്‍ ബാബരി മസ്ജിദ് പൊളിച്ചതിനെതിരേ ഇന്നുവരെ കത്തോലിക്കാസഭ പ്രതികരിച്ചിട്ടില്ല!”
“ആര്‍എസ്എസ്, ബി.ജെപി എന്നീ അക്ഷരങ്ങള്‍ ഉരിയാടാന്‍ പോലും ബിഷപ്പുമാര്‍ക്ക് ഭയമാണ്. ഇടയലേഖനങ്ങളിലോ പ്രസ്താവനകളിലോ ഈ പേരുകള്‍ പരാമര്‍ശിക്കാറില്ല. ഗുജറാത്തില്‍ ഇപ്പോള്‍ കത്തോലിക്കാ സഭ മോഡിയോടൊപ്പമാണ്. പരമ്പരാഗതമായി അവര്‍ ഇസ്ലാംമത വിരോധികളാണ്.”
“കത്തോലിക്കാ സഭയ്ക്ക് മുമ്പ് കോണ്‍ഗ്രസിനോട് ഉണ്ടായിരുന്ന അടുപ്പവും സ്നേഹവും ഇപ്പോഴില്ല. സ്വാശ്രയ കോളജ് വിഷയത്തില്‍ ബിഷപ്പുമാര്‍ക്ക് ഇതിനകം പല സന്ദര്‍ഭങ്ങളിലും എകെ ആന്റണി കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ട്. ആന്റണി ഡല്‍ഹിയില്‍ ഉള്ളിടത്തോളം കാലം കേരളത്തിലെ ബിഷപ്പുമാര്‍ക്ക് അവിഹിതമായി ഒന്നും നേടാനാവില്ലെന്ന് അവര്‍ക്ക് നല്ലതുപോലെ അറിയാം. കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും സഭാവിരുദ്ധ നിലപാടുകളില്‍ കേരളസഭയ്ക്കു ശക്തമായ പ്രതിഷേധമുണ്ട്.”
“അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടി നല്‍കാനാണ് രഹസ്യതീരുമാനം. കേരളസഭയിലും കേരള രാഷ്ട്രീയത്തിലും 'കിങ് മേക്കറാ'വാനാണ് പുതിയ കെസിബിസി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ശ്രമിക്കുന്നത്. കെപിസിസിക്ക് പകരം കെസിബിസിയുടെ ഭരണം നടപ്പാക്കുകയാണ് ലക്ഷ്യം. അതിനു കെ.എം. മാണി തന്നെ മുഖ്യമന്ത്രിയാവണം.”
“കേരളാ കോണ്‍ഗ്രസ്സിനെ അവര്‍ 'കത്തോലിക്കാ കോണ്ഗ്രസ്സാ'ക്കി മാറ്റിയെടുക്കും! ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നതിനോടു കത്തോലിക്കാസഭയ്ക്കും ബാവാ കക്ഷിക്കും ചെന്നിത്തല, വയലാര്‍ രവി ഗ്രൂപ്പുകള്‍ക്കും ശക്തമായ എതിര്‍പ്പുണ്ട്. എന്‍.എസ്.എസിന്റെ നിലപാടും അനുകൂലമല്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവുകയില്ലെന്ന കാര്യം ഇതിനകം ഉറപ്പായിക്കഴിഞ്ഞു” - നമ്പാടന് മാഷ് പറയുന്നു.