ഒരു അഭിമാനദിനത്തിന്‍റെ ഓര്‍മ്മയ്ക്ക്

WEBDUNIA|
PTI
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപബ്ലിക് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം റിപ്പബ്ലിക്കായത് 1950 ജനുവരി 26 നാണ്. 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രയായെങ്കിലും ഇന്ത്യയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്.

രാഷ്ട്ര ഭരണത്തിന്‍റെ അടിസ്ഥാന നിയമങ്ങളുടെ സംഹിതയാണ് ഭരണഘടന. പൌരന്‍, ഭരണസംവിധാനം, ഭരണകൂടത്തിന്‍റെ അധികാരങ്ങള്‍, ചുമതലകള്‍, പൌരന്‍‌മാരുടെ കടമകള്‍, അവകാശങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ഭരണഘടന നിര്‍വചിക്കുകയും വിവരിക്കുകയും ചെയ്യുന്നു.

1935 ലെ ഗവണ്‍‌മെന്‍റ് ഓഫ് ഇന്ത്യ ആക്റ്റും 1946 ലെ ക്യാബിനറ്റ് മിഷന്‍ പ്ലാനും അനുസരിച്ച് സ്ഥാപിതമായ ഭരണഘടനനിര്‍മ്മാണ സമിതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുകയും പിന്നീട് അത് അംഗീകരിക്കുകയും ചെയ്തത്. 1949 നവംബര്‍ 26 ന്‍് ഭരണഘടനാ നിര്‍മ്മാണ സമിതി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26 ന് അത് പ്രാബല്യത്തില്‍ വന്നു.

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടെ ഭരണഘടനയാണ്. തുടക്കത്തില്‍ ഇതില്‍ 395 വകുപ്പുകളും (ആര്‍ട്ടിക്കിള്‍സ്) 8 പട്ടികകളും (ഷെഡ്യൂള്‍സ്) 22 ഭാഗങ്ങളും (പാര്‍ട്ട്‌സ്) ഉണ്ടായിരുന്നു. ഇപ്പോള്‍ നാനൂറിലേറെ വകുപ്പുകളും 12 ലേറെ പട്ടികകളും ഉണ്ട്.

1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്.



ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡല്‍‌ഹിയില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രപതി ഭവന് സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റുണ്ടാകും. സേനയുടെ സുപ്രീം കമാന്‍ഡറായ ഇന്ത്യന്‍ പ്രസിഡന്‍റാകും പരേഡില്‍ സല്യുട്ട് സ്വീകരിക്കുക. പരേഡില്‍ നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും.

രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാറുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. ഗവര്‍ണ്ണര്‍ക്ക് അസുഖം തുടങ്ങിയ അവസ്ഥകളുണ്ടെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയര്‍ത്തുക.

ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്‍റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റാകുകയും ചെയ്തു. ഇതോടെ കോമണ്‍‌വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന അവസ്ഥ സംജാതമായി. എന്നാല്‍, ഇന്ത്യ കോമണ്‍‌വെല്‍ത്തില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ബ്രിട്ടീഷ് രാജ്ഞി കോമണ്‍‌വെല്‍ത്തിന്‍റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍, രാജ്യത്തിന്‍റെ അധിപയാകേണ്ട എന്നും നെഹ്‌റു തീരുമാനമെടുത്തു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും പിന്നീട് ഇതേ പാത സ്വീകരിക്കാനിടയായി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനുവരി 26ന്‍റെ പ്രാധാന്യം വളരെ അധികമാണ്. ഒരിക്കല്‍ കൂടി ഇന്ത്യക്കാരുടെ മനസില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ആരവങ്ങള്‍ കടന്ന് വന്ന ദിനം. സ്വന്തം ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ ആയിരുന്നു ഇന്ത്യയുടെ അപ്പോഴത്തെ അവസ്ഥ. എവിടെ ധര്‍മ്മമുണ്ടോ അവിടം ജയിക്കുമെന്ന ഭഗവദ് ഗീതയിലെ വചനം സത്യമാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :