ഒബാമ, ഒരു അമേരിക്കന്‍ വിജയ ഗാഥ

PRO
ബരാക് ഹുസൈന്‍ ഒബാമ, അടുത്ത ദിവസങ്ങളില്‍ ലോകം കൂടുതല്‍ ശ്രദ്ധിക്കുന്ന പേരാണിത്. ലോകത്തിലെ ഒന്നാമത്തെ ശക്തിയെ നയിക്കാന്‍ പോന്ന കരുത്ത് സ്വന്തമാക്കിയ കറുത്ത വര്‍ഗക്കാരനായ അമേരിക്കക്കാരന്‍. ലോകം മുഴുവന്‍ അമേരിക്കയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഒബാമയ്ക്ക് പ്രസിഡന്‍റ് എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാവുമെന്നും ഇല്ലെന്നും വിഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നു.

ലോകം സാമ്പത്തിക മാന്ദ്യത്തിന്‍റെ ക്യ്പുനീര്‍ കുടിക്കുന്ന അവസരത്തില്‍ ഒബാമയ്ക്ക് തകരുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ കഴിയുമോ? തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ തന്‍റെ കൈയ്യില്‍ മാന്ത്രിക ദണ്ഡ് ഇല്ല എന്നാണ് ജനങ്ങളുടെ അമിത പ്രതീക്ഷകളോട് ബരാക് ഒബാമ പ്രതികരിച്ചത്. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം ഒബാമയെ വ്യത്യസ്തനാക്കുന്നു.

സാമ്പത്തിക മാന്ദ്യവും വിദേശനയവുമായിരിക്കും ഒബാമയുടെ മുന്നിലെ രണ്ട് പ്രധാന വെല്ലുവിളികള്‍. ഇറാഖ്, അഫ്ഗാന്‍ നയങ്ങളില്‍ കാതലായ മാറ്റം പ്രതീക്ഷിക്കാം. വിടവാങ്ങുന്ന പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഇറാഖ് നടപടിയില്‍ കുറ്റസമ്മതം നടത്തിയ നിലയ്ക്ക് തീര്‍ച്ചയായും നയങ്ങള്‍ മാറിമറിഞ്ഞേക്കാം.

അതിനിടെ, മുംബൈ ഭീകരാക്രമണവും ഒബാമയുടെ പ്രസ്താവനയും കൂട്ടിവായിച്ചാല്‍ പാകിസ്ഥാന്‍റെ ഭീകര വിരുദ്ധ മുന്നണിയിലെ ‘ഉറ്റ സുഹൃത്തിന്’ തിരിച്ചറിവുണ്ടായി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഷറഫിന്‍റെ നയതന്ത്രജ്ഞത ഒന്നുകൊണ്ടുമാത്രമാണ് പാകിസ്ഥാനുമായി അമേരിക്ക നല്ല ബന്ധത്തിലായിരുന്നത്. ഈ ബന്ധത്തിലും ഒബാമ മാറ്റമുണ്ടാക്കിക്കൂടെന്നില്ല. ഭീകരവാദത്തെ പാലൂട്ടി വളര്‍ത്തുന്ന പാകിസ്ഥാന്റെ നയത്തെ ഒരിക്കലും ഒബാമ അനുവദിച്ചുകൊടുക്കാനിടയില്ല.

ഇന്തോ-യുഎസ് ആണവ കരാര്‍ ഒരുപക്ഷേ വീണ്ടും കാര്‍മേഘ പൂരിതമായെന്നും വരാം. ഒബാമയെ കുറിച്ച് ബിബിസി നടത്തിയ ഒരു സര്‍‌വേയില്‍ എന്‍പിടിക്കും സിടിബിടിക്കും പ്രഥമ പരിഗണന നല്‍കുമെന്ന് നിയുക്ത വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉഭയക്ഷികരാറില്‍ ഏര്‍പ്പെട്ട ഇന്ത്യയെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നോ ഇല്ലെന്നോ ഇതിനര്‍ത്ഥമില്ല. എന്തായാലും, ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ഒരു ആശങ്കയുണ്ടെന്ന് പ്രണാബ് മുഖര്‍ജി ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയതില്‍ നിന്ന് മനസ്സിലാക്കാം.

1996ല്‍ ഇല്ലിനോയിസിലെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ സ്വാഭാവിക ചിന്താഗതിയോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് ബരാക് ഒബാമയുടേത്. കെനിയക്കാരനായ ബരാക് ഹുസൈന ഒബാമ സീനിയറിന്‍റെയും അമേരിക്കന്‍ വംശജയായ ആന്‍ ഡണ്‍ഹാമിന്‍റെയും പുത്രന് ജീവിത പരിചയം കുറവെന്ന് വിമര്‍ശകര്‍ക്ക് പോലും പറയാനാവില്ല. നേടിയെടുത്ത ഭരണ പാടവവും കൂട്ടിച്ചേര്‍ത്ത് വൈറ്റ് ഹൌസിന്‍റെ പടവുകള്‍ കയറുന്ന ഒബാമ അമേരിക്കയുടെ അവിസ്മരണീയനായ ഒരു സാരഥിയാവുമെന്ന് ഉറപ്പ്.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :