ഇറാന്‍ യുവതികളെ വരുത്തിയത് പോള്‍ അല്ല!

ജോണ്‍ കെ ഏലിയാസ്

Muthoot
WEBDUNIA|
PRO
PRO
മുത്തൂറ്റ് പോള്‍ വധക്കേസുമായി ബന്ധപ്പെടുത്തി ഏതാനും വ്യക്തികളെക്കൂടി പൊലീസ് നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നു. ഇറാന്‍ യുവതികളാണ് കഥയിലെ പുതിയ കഥാപാത്രങ്ങള്‍. ഇറാനികളായ സാറയെയും മരിയയെയും കഴിഞ്ഞ ആഗസ്ത് ഏഴിന് എറണാ‍കുളത്തേക്ക് വിളിച്ചുവരുത്തിയ പോള്‍ ഇവര്‍ക്കൊപ്പം കുമളി, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ താമസിക്കുകയും ആഗസ്റ്റ് പതിനഞ്ചിന് നേരിട്ട് ഇവരെ എറണാകുളം റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് വണ്ടി കയറ്റി വിടുകയായിരുന്നെന്നുമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പോളിനോടു വിരോധമുള്ള ഒരു സംഘം ഈ ഇറാന്‍ യുവതികളെ മുന്‍‌നിര്‍ത്തി കൊലപാതകത്തിനുള്ള തിരക്കഥ രചിക്കുകയായിരുന്നെന്നാണ് പുതിയ വിവരം.

പോള്‍ വധത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് ചുമതലപ്പെടുത്തിയ സ്വകാര്യ ഡിറ്റക്ടീ‍വ് ഏജന്‍സി ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത കേന്ദ്രങ്ങള്‍ പോളിന്‍റെ നീക്കങ്ങള്‍ അറിയാന്‍ ഇറാ‍ന്‍ യുവതികളെയും ഓം‌പ്രകാശിനെയും ഉപയോഗിക്കുകയായിരുന്നു എന്നാണ് ഇവര്‍ നല്‍കുന്ന വിവരം. പോളിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പൂനെയില്‍ നിന്ന് ഓം‌പ്രകാശ് സാറയെയും മരിയയെയും എറണാകുളത്ത് എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഡിക്ടറ്റീവ് ഏജന്‍സിയുടെ കണ്ടെത്തല്‍ ഇതിനു നേര്‍‌വിപരീതമാണ്. പോളിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി ഓം‌പ്രകാശ് യുവതികളെ പരിചയപ്പെടുത്തുകയായിരുന്നെന്നാണ് ഇവരുടെ കണ്ടെത്തല്‍. പോള്‍ കൊല്ലപ്പെടുന്ന ആഗസ്ത് 21 നു രണ്ടാഴ്ച മുമ്പ് ഇറാനിയന്‍ യുവതികളുമായി ഓം‌പ്രകാശ് എറണാകുളത്ത് എത്തുമ്പോള്‍ കുടെ ഗോവക്കാരനായ ഒരു കോള്‍‌ഗേള്‍ ഏജന്‍റും ഉണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.

യുവതികളെ പോളിന് ഓം‌പ്രകാശ് പരിചയപ്പെടുത്തിയതിനു ശേഷം രണ്ടു കാറുകളിലായി സംഘം തേക്കടിക്ക് തിരിക്കുകയായിരുന്നു. പോളും അടുത്ത സുഹൃത്തും സാറയും ഒരു കാറിലും മരിയയും കോള്‍ഗേള്‍ ഏജന്‍റും ഓം‌പ്രകാശിന്‍റെ കാറിലുമാണ് തേക്കടിയിലേക്ക് തിരിച്ചത്. കുമളിയിലെ സ്വന്തം റിസോര്‍ട്ടിലെത്തിയ പോളും കൂട്ടരും അഞ്ചുദിവസം ഇറാന്‍ യുവതികളുമായി ഇവിടെ തങ്ങിയിരുന്നു. ഇവിടെ മുതലാണ് പൊലീസ് മറച്ചുവെക്കുന്ന അല്ലെങ്കില്‍ പൊലിസിന്‍റെ അറിവില്‍ പെടാത്ത കഥയുടെ രണ്ടാം ഭാഗം അരങ്ങേറുന്നതെന്നാണ് ഡിറ്റക്‌റ്റീവ് ഏജന്‍സി പറയുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സിഐ‌എസ്‌എഫ് ഇന്‍‌സ്പെക്‌ടറെ തല്ലിയ കേസിലെ വിവാദ നായകനായ ബിസിനസുകാരന്‍ വില പറഞ്ഞ മാരാരിക്കുളത്തെ സ്ഥലം മുത്തൂറ്റ് ഗ്രൂപ്പ് വിലപേശി സ്വന്തമാക്കിയതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന് തേക്കടിയിലെ താമസത്തിനിടെ ഓം‌പ്രകാശ് പോളിനെ അറിയിക്കുന്നു. സ്ഥലം വിട്ടുകൊടുത്തില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഓം‌പ്രകാശ് പോളിന് നല്‍കി. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കില്ലെന്ന കടും‌പിടുത്തത്തിലായിരുന്നു പോള്‍. തുടര്‍ന്ന് പോളും ഓം‌പ്രകാ‍ശുമായി തര്‍ക്കമുണ്ടാകുകയും ചെയ്തു.

റിസോര്‍ട്ട് ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയാണ് ഡിറ്റക്‌ടീ‍വ് ഏജന്‍സി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ പൊലീസ് ചമച്ച കഥകളിലെങ്ങും ഈ തര്‍ക്കമോ മാരാരിക്കുളത്തെ സ്ഥലമോ ഇല്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉണ്ടായ തല്ലുകേസില്‍ നിന്ന് വിവാദ ബിസിനസുകാരനെ രക്ഷിച്ചതാ‍രാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കൊലപാതകത്തിന് ശേഷം ഗുണ്ടകള്‍ കാറുപേക്ഷിച്ചത് മഠത്തില്‍ രഘുവിന്‍റെ ഹോട്ടലിന്‍റെ അരകിലോമീറ്റര്‍ അകലെയാണെന്നത് ഇതുമായി ചേര്‍ത്തുവായിക്കാവുന്ന തെളിവാണ്.

ഡല്‍ഹിയിലെ ഒരു സ്വകാര്യ ഡിറ്റക്‌ടീവ് ഏജന്‍സിയാണ് മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ആവശ്യപ്രകാരം പോള്‍ വധം അന്വേഷിച്ചത്. ഈ ഏജന്‍സിയുടെ പ്രാഥമിക നിഗമനത്തിന്‍റെ വെളിച്ചത്തിലാണ് പോളിന്‍റെ പിതാവ് ഹര്‍ജിയുമായി കോടതിയിലെത്തിയതും. പോളിന്‍റെ ലാപ് ടോപ്പിലെ വിവരങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയോ എന്നതുള്‍പ്പെടെ ഹൈക്കോടതി ഉന്നയിച്ച പല ചോദ്യങ്ങളും ഈ ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :