ആന്‍റണി കളിക്കുന്നു, മുരളി മത്സരിക്കും

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
കെ മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസിലെ കേന്ദ്രകഥാപാത്രമായി മാറാന്‍ പോകുന്നു. മുരളീധരനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു ഉമ്മന്‍‌ചാണ്ടി - സഖ്യം തീരുമാനിച്ചിരുന്നത്. ഇതിനെതിരെ എ കെ ആന്‍റണി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. പേരാവൂരോ കൊടുവള്ളിയിലോ മുരളി മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

മുരളീധരന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. വ്യാഴാഴ്ച മുരളീധരനും ആന്‍റണിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് സോണിയാഗാന്ധിയുമായാണ് മുരളിയുടെ ചര്‍ച്ച. മുരളീധരനെ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും അധികാരം ലഭിച്ചാല്‍ ഒരു പ്രമുഖ വകുപ്പില്‍ മന്ത്രിയാക്കാനുമാണ് ആന്‍റണിയുടെ ശ്രമം.

ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും കേരളത്തില്‍ നടത്തുന്ന ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അതേരീതിയില്‍ മറുപടി നല്‍കാന്‍ മുരളീധരന് കഴിയുമെന്നാണ് ആന്‍റണിയുടെ വിശ്വാസം. മാത്രമല്ല, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാതിരിക്കാനുള്ള തന്‍റെ നീക്കത്തിന് മുരളിയുടെ സാന്നിധ്യം ശക്തിപകരുമെന്നും ആന്‍റണി കരുതുന്നു.

അതേ സമയം, പത്മജയെ ഇറക്കി മുരളിയുടെ വഴി അടയ്ക്കാമെന്നുള്ള ചെന്നിത്തലയുടെയും ഉമ്മന്‍‌ചാണ്ടിയുടെയും തന്ത്രത്തിന് തിരിച്ചടി ലഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മജയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും മുരളിയെ അകറ്റി നിര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു തന്ത്രം. എന്നാല്‍ ഇനി തമ്മിലടിച്ചു മുന്നോട്ടുപോകേണ്ട എന്നാണ് മുരളിയും പത്മജയും തീരുമാനിച്ചിരിക്കുന്നത്. മുരളീധരന്‍റെ വഴിക്ക് വിഘാതമായി താന്‍ ഉണ്ടാവില്ലെന്നും മുരളി മത്സരിച്ചാല്‍ എതിരു നില്‍ക്കേണ്ടതില്ലെന്നും പത്മജ അണികളെ അറിയിച്ചതായാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :