അക്രമിച്ച് കളിക്കാന്‍ കോണ്‍ഗ്രസ്, പരസ്യങ്ങളിലാകെ മോഡിവിരോധം!

Biju| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (16:35 IST)
മോഡിയെന്നാല്‍ ബിജെപി, ബിജെപിയെന്നാല്‍ മോഡിയെന്ന മട്ടില്‍ പ്രചാ‍രണം. കനത്ത വാക്‍പയറ്റുകള്‍. വിട്ടുകൊടുക്കാനും മാറിനില്‍ക്കാനും കോണ്‍ഗ്രസിനും സമയമില്ല. ലോക്‍സഭ തെരഞ്ഞെടുപ്പ് അവസാ‍ന ഘട്ടങ്ങളിലേക്ക് എത്തിയതോടെ കോണ്‍ഗ്രസ് കടുത്ത പ്രചരണവുമായി രംഗത്തെത്തി. രാജ്യമൊട്ടാകെ മേയ് ഏഴ്, 12 തീയതികളോടെ വോട്ടിംഗ് സമാപിക്കും. നിര്‍ണായക തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസും അതിലുപരി ബിജെപിയും വിശേഷിപ്പിക്കുന്ന ജനാധിപത്യ പ്രക്രിയയെ അതിസൂക്ഷ്മതയോടെയാണ് ലോകരാഷ്ട്രങ്ങള്‍ തന്നെ വീക്ഷിക്കുന്നത്. കാരണം ഇതുവരെ ഇന്ത്യ കണ്ടതില്‍ വ്യത്യസ്തമായ വോട്ടെടുപ്പ് ഫലമാകും ഉണ്ടാകാന്‍ പോകുന്നത് എന്ന പ്രചരണം തന്നെ. 
 
മോഡി ഫാക്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഡി പ്രഭാവം തടയാന്‍ കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള പ്രചരണതന്ത്രങ്ങള്‍ പരാജയമാണെന്ന് സംഘടന നേതാക്കള്‍ തന്നെ വിലയിരുത്തിയ സാഹചര്യത്തിലാണ് വമ്പന്‍ വീഡിയോ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ മോഡിയും ഗാന്ധി കുടുംബവും എന്ന രീതിയിലേക്ക് ഇത് മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇവയെല്ലാം സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വൈറ്റലാക്കാന്‍ ഇരുകൂട്ടരും ശ്രദ്ധിക്കുന്നുമുണ്ട്. 
 
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ മറ്റു നേതാക്കളെ നേരിടുന്നതില്‍ കൂടുതല്‍ സമയവും മോഡിയെന്ന ഒറ്റ ഘടകത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ ഇതിന് തെളിവ്. മുഴുവന്‍ മോഡി മയമാണ്. കുറ്റങ്ങളും കുതന്ത്രങ്ങളും തെറ്റായ അവകാശ വാദങ്ങളുമാണ് മോഡി ഫാക്ടര്‍ എന്നതിന്റെ വീഡിയോ ഡോക്യുമെന്റേഷന്‍ എന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാഷ്യം. 
 
മാര്‍ച്ച് മൂന്നിന് ആദ്യ വീഡിയോ അപ്‌ലോഡ് ചെയ്ത സൈറ്റില്‍, 23 മുതലാണ് കൂടുതല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. ഗുജറാത്തിലെ വികസനത്തിന്റെ സത്യം എന്ന വീഡിയോ മോഡിയുടെ പൊള്ളയായ വികസനവാദം വെളിവാക്കുന്നതാണെന്ന് നേതാക്കള്‍ പറയുന്നു. കൂടാതെ കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ ഫോട്ടോകോപ്പിയാണ് ബിജെപിയുടെതെന്നും വെബ്സൈറ്റില്‍ പറയുന്നു. 
 
ഗുജറാത്ത് നിയമസഭയില്‍ കഴിഞ്ഞ വര്‍ഷം 29 ദിവസം മാത്രം ഹാജരായ മോഡിക്ക് എങ്ങനെ ജനാധിപത്യത്തെ കുറിച്ച് പ്രസംഗിക്കാ‍നാകുമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ബില്ലുകള്‍ പാസാക്കാതെയും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ അനുവദിക്കാതെയും ചോദ്യം ചെയ്യുന്ന അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തും തികച്ചും ഏകാധിപത്യപരമായ നടപടിയാണ് മോഡിയുടേതെന്നും വീഡിയോ ദൃശ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. 
 
മോഡിക്കും ബിജെപിക്കും എതിരായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്: 1998ല്‍ ബിജെപി ഭരിച്ചിരുന്നതിനേക്കാള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വളര്‍ച്ചാനിരക്കാണ് യുപി‌എ ഭരണത്തിന്‍ കീഴില്‍ രാജ്യത്തുണ്ടായത്. മധ്യപ്രദേശില്‍ ബിജെപിയ്ക്കും അവരുടെ മുഖ്യമന്ത്രിയ്ക്കും ജനങ്ങളുടെ അടിസ്ഥാന ആ‍വശ്യമായ ജലം, റോഡ്, വൈദ്യുതി എന്നിവ പോലും ഒരുക്കാനായിട്ടില്ല. പകരം ‘ഫോട്ടോഷോപ്പ്” വികസനമാണ് ഇപ്പോള്‍ ലോകത്തെ അവര്‍ കാണിക്കുന്നത്. 
 
അകാലിദള്‍ - ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ യുവാക്കള്‍ ലഹരിക്ക് അടിമകളാണ്. 2012 മുതല്‍ രാഹുല്‍ ഗാന്ധിയാണ് ഈ വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വന്‍ വ്യവസായമാണ് നടത്തുന്നത്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ കുടുംബവ്യവസായവും ഹോട്ടല്‍ ശൃംഖലയും ഇപ്പോള്‍ ബാദല്‍ ഇന്‍‌ക് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. 
 
അദാനി ഗ്രൂപ്പിന് സ്ക്വയര്‍ മീറ്ററിന് ഒരു രൂപ മുതല്‍ 32 രൂപക്ക് 15,946.32 ഏക്കര്‍ സ്ഥലമാണ് മോഡി നല്‍കിയത്. അതേസമയം ടാറ്റ, ഫോര്‍ഡ്, മാരുതി സുസുക്കി, ടിസി‌എസ്, ടൊറന്റ് പവര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് 670 മുതല്‍ 6000 രൂപ ഈടാക്കിയാണ് ഭൂമി നല്‍കിയത്. അദാനി വ്യവസായങ്ങളുടെ അധിപന്‍ മോഡിയാണോ അതോ മോഡിയാണോ അദാനിയെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു. 
 
എന്നാല്‍ ഈ വക ആരോപണങ്ങള്‍ക്കെല്ലാം ഉരുളയ്ക്ക് ഉപ്പേരി പോലെ മോഡിയും ബിജെപി ക്യാമ്പും മറുപടി നല്‍കുന്നുവെന്നത് ശ്രദ്ധേയമാണ്. അമ്മയും മക്കളും ഇത്തവണ വീട്ടിലിരിക്കുമെന്ന മട്ടിലുള്ള മോഡിയുടെ പ്രതികരണങ്ങള്‍ ഇതിനോട് കൂട്ടിവായിക്കണം. കോണ്‍ഗ്രസ് പ്രത്യേകിച്ച് രാഹുലും സോണിയയും പ്രിയങ്കയുമാണ് മോഡിയുടെ പ്രിയപ്പെട്ട വിമര്‍ശന വിഷയങ്ങള്‍. ഇവര്‍ക്ക് പൊള്ളിയാല്‍ കോണ്‍ഗ്രസിന് ആകെ കൊള്ളുമെന്ന് മറ്റാരെക്കാള്‍ നന്നായി മോഡിക്ക് അറിയാം. അതു തന്നെയാണ് മോഡിയുടെ ആയുധവും. 
 
എന്നാല്‍ മോഡിയെ നേരിടാനുള്ള അവസാ‍ന ആയുധമായാണ് ഇപ്പോള്‍ പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണത്തില്‍ മുന്‍‌തൂക്കം എത്താന്‍ ശ്രമിക്കുന്നത്. ഇതില്‍ ഒരു പരിധി വരെ കോണ്‍ഗ്രസ് വിജയിച്ചുവെന്ന് വേണമെങ്കില്‍ അവകാശപ്പെടാം. കാരണം ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളില്‍ അല്‍പ്പമെങ്കിലും വിള്ളല്‍ വീഴ്ത്തിയത് പ്രിയങ്കയുടെ സാന്നിധ്യം മാത്രമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :