Nelvin Gok|
Last Updated:
ചൊവ്വ, 19 നവംബര്‍ 2024 (21:17 IST)
ഈയടുത്ത് നടന്‍ വിനായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് പുതിയ തലമുറയിലെ കുട്ടികള്‍ നാടുവിടുന്നത് പഠിക്കാനും വിദ്യാഭ്യാസത്തിനും വേണ്ടി മാത്രമല്ല സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വേണ്ടി കൂടിയാണെന്നാണ്. കേരളത്തില്‍ നിന്ന് യൂറോപ്പിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികളോടു സംസാരിച്ചാല്‍ വിനായകന്‍ പറഞ്ഞത് ഏറെക്കുറെ ശരിയുമാണ്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍. പുരുഷ മേധാവിത്വവും ഇടുങ്ങിയ ചിന്താഗതിയുമുള്ള ഒരു സമൂഹത്തില്‍ നിന്ന് രക്ഷപ്പെടാനും സ്വന്തം സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് കരിയറും വ്യക്തിജീവിതവും പടുത്തുയര്‍ത്താനും ലഭിക്കുന്ന മികച്ച അവസരമായാണ് പെണ്‍കുട്ടികള്‍ വിദേശ പഠനത്തെ സമീപിക്കുന്നത്.
സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ (CPPR) നേതൃത്വത്തില്‍ യൂത്ത് ലീഡര്‍ഷിപ്പ് ഫെല്ലോഷിപ്പിന്റെ (YLF) ഭാഗമായി 2023 ല്‍ നടത്തിയ 'കേരളത്തില്‍ നിന്നുള്ള യുവജന കുടിയേറ്റം' എന്ന പഠനത്തിലെ കണക്കുകള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പഠിക്കാന്‍ പോയ 104 വിദ്യാര്‍ഥികളെയാണ് പഠന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിരിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട രാജ്യത്തിലേക്ക് കുടിയേറുക എന്ന ആഗ്രഹമാണ് ഇതില്‍ 45 ശതമാനം വിദ്യാര്‍ഥികളും വിദേശ പഠനം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. അതില്‍ തന്നെ പെണ്‍കുട്ടികളാണ് ഏറിയ പങ്കും ! പഠനത്തിന്റെ ഭാഗമായ കേരളത്തില്‍ നിന്നുള്ള 78 ശതമാനം പെണ്‍കുട്ടികളും പറയുന്നത് പുരുഷ കേന്ദ്രീകൃതമായ, ഇടുങ്ങിയ ചിന്താഗതിയുള്ള സമൂഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശ പഠനത്തിലൂടെ സാധിക്കുമെന്നാണ്. വിദ്യാഭ്യാസത്തിനും അപ്പുറം സമത്വവും തുല്യ അവസരവും ലഭിക്കാന്‍ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം സഹായിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
ദ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്മെന്റിനു (IIMD) വേണ്ടി ആനന്ദ് പനംതോട്ടം ചെറിയാന്‍ (ജോര്‍ജ് മേസണ്‍ സര്‍വകലാശാല, യുഎസ്), എസ്.ഇരുദയ രാജന്‍ (IIMD) എന്നിവര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലും ഇതേ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം വിദ്യാര്‍ഥികളും വിദേശത്തേക്ക് കുടിയേറാന്‍ താല്‍പര്യപ്പെടുന്നതായി 'മിഡില്‍ ക്ലാസ് ഇന്ത്യന്‍ സ്റ്റുഡന്റ്സ്: മൈഗ്രേഷന്‍ റിക്രൂട്ടേഴ്സ് ആന്റ് ആസ്പിരേഷന്‍' എന്ന പഠനത്തില്‍ പറയുന്നു. ആരുടെയും കീഴില്‍ നില്‍ക്കാതെ സ്വന്തമായി പഠിച്ച്, അധ്വാനിച്ച് കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലേക്ക് മാറാനായാണ് വിദേശ പഠനം തിരഞ്ഞെടുക്കുന്നതെന്ന് ഈ പഠനത്തിന്റെ ഭാഗമായ പെണ്‍കുട്ടികള്‍ പറയുന്നു. വസ്ത്ര സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സാമ്പത്തിക ഭദ്രത, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയാണ് 'മെച്ചപ്പെട്ട ജീവിതസാഹചര്യം' കൊണ്ട് പെണ്‍കുട്ടികള്‍ ഉദ്ദേശിക്കുന്നത്.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ (പ്രത്യേകിച്ച് അമ്മമാര്‍) തങ്ങളുടെ മക്കള്‍ വിദേശത്ത് പോയി പഠിക്കുന്നതും മറ്റൊരു രാജ്യത്ത് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ജീവിക്കുന്നതും ഇഷ്ടപ്പെടുന്നു. പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മകള്‍ക്ക് ഉണ്ടാകരുതെന്ന് പല അമ്മമാരും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ' ഞാന്‍ പ്ലസ് ടു വരെ നന്നായി പഠിച്ചതാണ്. തുടര്‍ന്നും പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ സാധിച്ചില്ല. 19 വയസ് ആയപ്പോഴേക്കും വീട്ടുകാര്‍ നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിച്ചു. വിവാഹശേഷവും പഠനം നടന്നില്ല. നാട്ടില്‍ നില്‍ക്കുകയാണെങ്കില്‍ എന്റെ മകള്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടായേക്കാം. സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇവിടെ നിന്നുകൊണ്ട് മകള്‍ക്ക് സാധിക്കില്ലെന്നു തോന്നി. അതുകൊണ്ടാണ് വിദേശ പഠനത്തെ കുറിച്ച് മകള്‍ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഞാന്‍ പിന്തുണച്ചത്. വിദേശ പഠനം കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം അവള്‍ക്ക് ലഭിക്കുമെങ്കില്‍ ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ അതിനെ സന്തോഷത്തോടെയാണ് കാണുന്നത്,' യൂറോപ്പില്‍ ബിരുദം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനിയുടെ അമ്മ പറഞ്ഞു.
' ഈ കോഴ്സ് പഠിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ വിദേശപഠനം തിരഞ്ഞെടുത്തത്. മറ്റൊരു കാരണം എനിക്ക് കൂടുതല്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ആഗ്രഹമാണ്. നാട്ടില്‍ നില്‍ക്കുകയാണെങ്കില്‍ എനിക്ക് ഇതുപോലെ പാര്‍ട് ടൈം ജോലിക്കൊപ്പം പഠനം കൊണ്ടുപോകാന്‍ സാധിക്കില്ല. ഇവിടെയാകുമ്പോള്‍ പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാം. മാത്രമല്ല എന്റെ ജീവിത ചെലവിനുള്ള പണം എനിക്ക് തന്നെ സമ്പാദിക്കാന്‍ സാധിക്കും. ഫിനാന്‍ഷ്യലി ഞാന്‍ ഇവിടെ വളരെ സുരക്ഷിതയാണ്,' ജര്‍മനിയിലെ ജോര്‍ജ് ഓഗസ്റ്റ് യൂണിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് ചെയ്യുന്ന കോട്ടയം സ്വദേശിനി സ്നേഹ പറഞ്ഞു.
' ഫിനാന്‍ഷ്യലി സ്ഥിരതയുണ്ടാകുന്നതിനൊപ്പം മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥ വരുന്നില്ല. നമുക്ക് ഇഷ്ടമുള്ളിടത്ത് പോകാം, സ്വാതന്ത്ര്യത്തോടെ കാര്യങ്ങള്‍ ചെയ്യാം, ജീവിതത്തെ കുറിച്ച് സെല്‍ഫ് ആയി തീരുമാനമെടുക്കാം. വിദേശ പഠനം തിരഞ്ഞെടുക്കാന്‍ കരിയറിനൊപ്പം ഫ്രീഡവും ഒരു പ്രധാന കാരണമായെന്നു ചുരുക്കം.' സ്നേഹ കൂട്ടിച്ചേര്‍ത്തു.
' കുറേകൂടി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനു വേണ്ടിയാണ് നാടുവിടാന്‍ ആലോചിക്കുന്നത്. മറ്റൊരു കാര്യം സാമ്പത്തികമായ മെച്ചമാണ്. നാട്ടില്‍ ചെയ്യുന്ന അതേ ജോലി യൂറോപ്പില്‍ എവിടെയെങ്കിലും ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്നുണ്ട്. മാത്രമല്ല വര്‍ക്ക് കള്‍ച്ചറിലും വ്യത്യാസമുണ്ട്. നാട്ടിലെ ജോലി സ്ഥലങ്ങളിലുള്ള ഹയരാര്‍ക്കി സംവിധാനങ്ങള്‍ ഒട്ടും ആരോഗ്യകരമല്ലെന്നും തോന്നിയിട്ടുണ്ട്,' ഇറ്റലിയിലും സ്വീഡനിലുമായി ഇറാസ്മസ് മുണ്ടസ് മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുന്ന ഇടുക്കിക്കാരിയായ ശ്രീജ പറഞ്ഞു.
മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്ത വളരെ മികച്ചൊരു ജോലി സംസ്‌കാരമാണ് യൂറോപ്പില്‍ ഉള്ളതെന്നും അതുകൊണ്ടാണ് പ്രധാനമായും വിദേശ പഠനത്തിനായി ശ്രമിച്ചതെന്നും സ്പെയിനില്‍ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പോടെ ഉന്നതപഠനം ചെയ്തുകൊണ്ടിരിക്കുന്ന മലപ്പുറം സ്വദേശിനി അമല തോമസും പറഞ്ഞു.
ചെയ്യുന്ന ജോലിക്ക് അര്‍ഹതപ്പെട്ട വേതനം ലഭിക്കുന്നുണ്ട്. പഠനത്തിനൊപ്പം പാര്‍ട് ടൈം ആയി എന്തെങ്കിലും ജോലി ചെയ്യാനും സമ്പാദിക്കാനുമുള്ള വിശാലമായ സാധ്യതകള്‍ ഇവിടെയുണ്ട്. മാത്രമല്ല നമ്മുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടുന്നില്ല. രാത്രി 11 മണിക്ക് നാട്ടില്‍ എവിടെയെങ്കിലും എനിക്ക് പേടികൂടാതെ ഒറ്റയ്ക്കു നടക്കാന്‍ സാധിക്കില്ല. ഇവിടെ പക്ഷേ അങ്ങനെയല്ല. വളരെ സുരക്ഷിതമായ ചുറ്റപാടാണ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളത്. പുറംരാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ പിന്നീട് നാട്ടിലേക്ക് തിരിച്ചുവരാത്തതിന്റെ പ്രധാന കാരണം ഈ സുരക്ഷിതത്വവും സ്വാതന്ത്ര്യവുമാണെന്നും അമല കൂട്ടിച്ചേര്‍ത്തു.
' പഠനത്തിനു ശേഷം വിദേശത്ത് എവിടെയെങ്കിലും സ്ഥിരതാമസമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ കാനഡയില്‍ ഉപരിപഠനം തിരഞ്ഞെടുത്തത്. നാട്ടിലെ ജോലി സംസ്‌കാരത്തേക്കാള്‍ വളരെ മെച്ചപ്പെട്ട സാഹചര്യമാണ് ഇവിടെയുള്ളത്. എല്ലാ ജോലിക്കും അതിന്റേതായ ബഹുമാനം ഇവിടെ ലഭിക്കുന്നുണ്ട്. നാട്ടില്‍ ആണെങ്കില്‍ എത്ര കഷ്ടപ്പെട്ടു ജോലി ചെയ്താലും ആ ബഹുമാനം കിട്ടണമെന്നില്ല. കുറേ കൂടി മെച്ചപ്പെട്ട രീതിയില്‍ ഭാവിയിലേക്ക് സമ്പാദിക്കാനും പറ്റും. നാട്ടിലേക്കാള്‍ ചെലവ് ഇവിടെയുണ്ടെങ്കിലും അതിനനുസരിച്ചുള്ള സാധ്യതകളും ഉയര്‍ന്ന സംസ്‌കാരവും ഇവിടെയുണ്ട്,' കാനഡയില്‍ ഉപരിപഠനം നടത്തുന്ന കോഴിക്കോട് സ്വദേശിനി അനഘ പറഞ്ഞു.
നിലവില്‍ വിദേശപഠനം നടത്തുന്ന മലയാളി പെണ്‍കുട്ടികളുടെ അനുഭവം നാട്ടിലെ സാമൂഹ്യാവസ്ഥ എത്രത്തോളം സ്ത്രീവിരുദ്ധവും പുരുഷ കേന്ദ്രീകൃതവുമാണെന്ന് വ്യക്തമാക്കി തരുന്നുണ്ട്. മെച്ചപ്പെട്ട പഠനം എന്നതിനൊപ്പം മെച്ചപ്പെട്ട തൊഴിലിടം, സംസ്‌കാരം, ജീവിതശൈലി എന്നിവയെല്ലാമാണ് ഇവരെ വിദേശത്തേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാണ്.